തിരുവനന്തപുരം വിമൻസ് കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്ററിന് മികച്ച പ്രതികരണം.പ്രവർത്തനമാരംഭിച്ച് പത്തു ദിവസത്തിനുള്ളിൽ 8000 പേർ ഈ സെന്ററിൽ നിന്നും വാക്‌സിൻ സ്വീകരിച്ചു.4800 പേർ ആദ്യ ഡോസ് വാക്‌സിനും 3200 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. വാഹനത്തി ലിരുന്ന് വാക്‌സിൻ സ്വീകരിക്കാം എന്നതാണ് ഈ യജ്ഞത്തിന്റെ പ്രത്യേകത. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തര ത്തിലൊരു വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്.
18 വയസ്സിന് മുകളിലുള്ളവർക്കാണ് ഇവിടെ വാക്‌സിൻ നൽകുന്നത്. ഇതിനായുള്ള സ്ലോട്ട് എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്ക് ഓപ്പൺ ആകും.ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലുള്ള ട്രിവാൻഡ്രം എഹെഡ് എന്ന ഉദ്യമത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.
ജില്ലയിൽ പുതിയ ആശയങ്ങളും പ്രവർത്തന രീതികളും നടപ്പാക്കിയാണ് വാക്‌സിനേഷൻ പുരോഗമിക്കുന്ന തെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടുന്ന രീതിയിലാണ് സെന്റർ സജ്ജീകരിച്ചിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു. ചിട്ടയോടെയും സുരക്ഷിതമായും കാര്യക്ഷമമായും വാക്‌സിൻ നൽകാൻ സാധിക്കുന്നുണ്ടെന്നതാണ് ഈ യജ്ഞത്തിന്റെ മറ്റൊരു പ്രത്യേകത. ഓണാവധി ദിവസങ്ങളിൽ 3700 പേരാണ് ഇവിടെ നിന്നും വാക്‌സിൻ സ്വീകരിച്ചത്.
ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ ജോലി ചെയ്യുന്നു. വാക്‌സിനേഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കൗണ്ടറുകളും ഹെൽപ് ഡെസ്‌ക്കും ഇവിടെ സജ്ജീ കരിച്ചിട്ടുണ്ട്.ഓൺലൈനായി രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ സെന്ററിലെത്തുന്നവർക്ക് വാഹന ത്തിൽ തന്നെ ഇരുന്ന് രജിസ്‌ട്രേഷൻ സ്ഥിരീകരിക്കാനും വാക്‌സിൻ സ്വീകരിക്കാനും നിരീക്ഷണം പൂർത്തിയാക്കാനും സാധിക്കും.
ഓൺലൈൻ ബുക്കിംഗിലൂടെ ലഭിക്കുന്ന സമയം കൃത്യമായി പാലിക്കാൻ സാധിച്ചില്ലെങ്കിൽ ആ ദിവസത്തെ വാക്‌സിനേഷൻ സമയം തീരുന്നതിനുമുമ്പ് കുത്തിവയ്പ്പ് എടുക്കാവുന്നതാണ്. വാക്‌സിനേഷൻ പ്രക്രിയകൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികൾ സ്വീകരിക്കും.
വളരെ നേരം ക്യൂവിൽ നിൽക്കേണ്ടതില്ലാത്തതിനാൽ ഈ പുതിയ ആശയത്തിന് പൊതുജനങ്ങളിൽ നിന്ന് പ്രശംസ ലഭിക്കുന്നുണ്ട്.ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ തിരക്ക് കുറവായതിനാൽ ജനങ്ങൾ ആ സമയത്ത് സെന്ററിൽ എത്തുന്നതായിരിക്കും അഭികാമ്യം.
യുവജനങ്ങൾ ഈ ഉദ്യമത്തിലൂടെ വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ടു വരണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. ഇതു വഴി 18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുക എന്ന ലക്ഷ്യം കൈവരിക്കാനും സാധിക്കുമെന്നും കളക്ടർ പറഞ്ഞു.ജില്ലയിൽ ഇതുവരെ 31,08,869 വാക്‌സിൻ ഡോസുകൾ നൽകി.ഇതിൽ 22,44,994 പേർ ആദ്യ ഡോസും 8,63,875 പേർ രണ്ടാം ഡോസും വാക്‌സിൻ സ്വീകരിച്ചു.