ഏഴു ദിവസങ്ങളിലായി 42 വേദികളിൽ നിറഞ്ഞാടുന്ന കേരളീയത്തെ ഹരിത സൗഹൃദമാക്കാൻ സദാ ജാഗ്രതയോടെ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി. പൂർണമായും ഹരിതചട്ടം പാലിച്ചു നടത്തുന്ന പരിപാടിയിൽ ഇത് ഉറപ്പാക്കാൻ വൻ വളന്റിയർ സംഘവും ഹരിതകർമസേനയും രംഗത്തുണ്ട്. കേരളീയത്തിന്റെ ഭാഗമായുള്ള എക്സിബിഷൻ, ട്രേഡ് ഫെയർ, ഭക്ഷ്യമേള തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തിക്കുന്നവർ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ സമിതി നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
വേദികൾ, സ്റ്റാളുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ബാനറുകളും നിർദേശ ബോർഡുകളും ഹോർഡിങ്ങുകളും തുണി, ചണം മുതലായ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രദർശന-വിപണന മേളകളിലും ഫുഡ് ഫെസ്റ്റിവലിലും പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും സ്റ്റോർ ഉടമകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകൾ, ക്യാരിബാഗുകൾ എന്നിവയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തുകയും തുണിസഞ്ചി ഉപയോഗിക്കുന്നതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നു മുണ്ട്.
ഫുഡ് സ്റ്റാളുകളിൽനിന്ന് ആഹാരം പാഴ്‌സൽ നൽകുന്നതിന് പ്രകൃതി സൗഹൃദ പാത്രങ്ങൾ, സഞ്ചികൾ എന്നിവ ഉപയോഗിക്കണം, ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് അതത് സ്റ്റാളുകളിൽ ഉടമകൾ തന്നെ പ്രത്യേകം ബിന്നുകൾ സ്ഥാപിക്കണം തുടങ്ങി ഗ്രീൻ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട നിരവധി മാർഗ്ഗ നിർദേശങ്ങൾ സമിതി നേരത്തെ തന്നെ നൽകിയിട്ടുണ്ട്.
ഇവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പാക്കാൻ വളണ്ടിയർമാരെയും ഹരിത കർമ്മ സേനയെയും നിയോഗിച്ചിട്ടുണ്ട്. അതത് ദിവസങ്ങളിലെ ജൈവ മാലിന്യങ്ങൾ തരംതിരിച്ച് മാലിന്യ സംസ്‌കരണ സംവിധാനത്തിലേക്ക് മാറ്റാൻ തിരുവനന്തപുരം നഗരസഭയും സജീവമായി രംഗത്തുണ്ട്. എല്ലാ വേദികളിലും നിരവധി ഇടങ്ങളിൽ വേസ്റ്റ് ബിന്നുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളീയം കാണാനെത്തുന്ന സന്ദർശകർക്കും ഗ്രീൻ ആർമി വോളണ്ടിയർമാർ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.