കേരളീയം സെമിനാര്‍/ലിംഗനീതിയും വികസനവും കേരളത്തില്‍

72

സംസ്ഥാനത്തെ ലിംഗനീതി മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലായി കേരളീയം സെമിനാര്‍. തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കിയും വനിതാ ശിശുവികസനത്തിന് ആദ്യമായി പ്രത്യേക വകുപ്പിനു രൂപം നല്‍കിയും വിദ്യഭ്യാസ, ആരോഗ്യ, സാക്ഷരതാ മേഖലകളില്‍ ഔന്നത്യം നേടിയും രാജ്യത്ത് മാതൃകയായി മാറിയ സംസ്ഥാന നേട്ടങ്ങള്‍ ‘ലിംഗനീതിയും വികസനവും കേരളത്തില്‍’ എന്ന വിഷയത്തില്‍ ടാഗോര്‍ തിയറ്ററില്‍ നടന്ന സെമിനാറില്‍ പ്രശംസനേടി. വിപ്ലവകരമായ സ്ത്രീ മുന്നേറ്റ മാതൃകയായ കുടുംബശ്രീയെ പാനലിസ്റ്റുകളെല്ലാവരും അഭിനന്ദിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കായി ബജറ്റിന്റെ പത്തുശമാനം വിഹിതം മാറ്റിവച്ചതും ട്രാന്‍സ്ജെന്‍ഡേഴ്സിനായുള്ള മഴവില്ല് പദ്ധതി ഉള്‍പ്പെടെയുള്ള നേട്ടങ്ങളും ശ്രദ്ധനേടിയ സെമിനാറില്‍ കേരളത്തിലെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി. സ്ത്രീസുരക്ഷ വര്‍ധിപ്പിക്കുന്നതിനും മാനസികാരോഗ്യക്കുറവ് പരിഹരിക്കുന്നതിനും പൊതു ഇടങ്ങള്‍ കൂടുതല്‍ വനിതാസൗഹൃദമാക്കുന്നതിനും ഗാര്‍ഹിക അതിക്രമങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രാധാന്യം നല്‍കണമെന്നും നിര്‍ദേശിച്ചു.

സമഗ്രവും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാണ് കേരളത്തിന്റെ വികസന മാതൃകയെന്നും സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കലും ലിംഗനീതിയുമാണ് നവകേരളം വിഭാവനം ചെയ്യുന്നതെന്നും ആരോഗ്യ-വനിതാ ശിശുവികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. കേരളത്തിലെ മാതൃ മരണ,നവജാത ശിശുമരണ,അയൂര്‍ദൈര്‍ഘ്യ നിരക്കുകള്‍ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമാണ്. 45 ലക്ഷത്തിലധികം അംഗങ്ങളുമായി പ്രവര്‍ത്തിക്കുന്ന സ്ത്രീ ശാക്തീകരണ മാതൃകയായ കുടുംബശ്രീ പ്രസ്ഥാനം ലോകത്തിനു മാതൃകയാണ്.

സ്ത്രീകളുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മുന്നേറിയിട്ടുണ്ടെങ്കിലും തൊഴിലിടങ്ങളിലെ പങ്കാളിത്തം 28-30 ശതമാനം മാത്രമേയുള്ളൂ. ഉന്നത വിദ്യാഭ്യാസത്തില്‍ സ്ത്രീകള്‍ മുന്നില്‍ ആണെങ്കിലും കുടുംബത്തിന്റെ ഉത്തരവാദിത്തം കൂടി ആകുമ്പോള്‍ പലരും പിന്നോട്ട് പോകുകയാണ്. നാടു മാറുമ്പോഴും കുടുംബങ്ങളിലെ മാറാത്ത കാഴ്ചപ്പാടാണ് ഇതിനു കാരണം. സ്ത്രീകളെ തൊഴിലിടങ്ങളില്‍ ആകര്‍ഷിക്കാന്‍ നൈപുണ്യ പരിപാടികള്‍ നടത്തുന്നുണ്ട്. സ്ത്രീകള്‍ക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റല്‍, ഷോര്‍ട്ട് സ്റ്റേ സൗകര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. തൊഴിലിടങ്ങള്‍ കൂടുതല്‍ വനിതാസൗഹൃദമാക്കും. സിറ്റി പ്ലാനിങ്ങിലും ജെന്‍ഡര്‍ ഫ്രണ്ട്ലി സമീപനം സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വനിതാ നയം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി അറിയിച്ചു. വനിതാ നയത്തിന്റെ കരട് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. മാനസികാരോഗ്യ നയം പുതുക്കും. അതിനനുസൃതമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. അങ്കണവാടി പ്രവര്‍ത്തകര്‍ക്കു ശമ്പളം വര്‍ധിപ്പിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ശര്‍മ്മിള മേരി ജോസഫ് വകുപ്പിന്റെ വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മുന്‍ എംപിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ബൃന്ദ കാരാട്ട് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ലിംഗനീതിയിലെ കേരളത്തിന്റെ മെച്ചപ്പെട്ട നിലവാരത്തിനു കാരണം ഇവിടുത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യമാണ്. സ്ത്രീകളെ തുല്യരായി കണ്ടുള്ള സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരള മാതൃക. കേരളത്തിന്റെ പോരാട്ടങ്ങളും കാഴ്ച്ചപ്പാടുകളുമാണ് കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. നിരവധി മേഖലകളില്‍ മുന്നിലെത്തിയ കേരളത്തിലെ സ്ത്രീകളുടെ ആയൂര്‍ദൈര്‍ഘ്യം കൂടുതലാണെന്നും അതിനാല്‍ കേരളത്തില്‍ ജനിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹവും അവര്‍ പങ്കുവച്ചു.

വികസന മുന്നേറ്റനയങ്ങള്‍ ലിംഗസമത്വത്തിന് ഊന്നല്‍ നല്‍കിയുള്ളതായിരിക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ഡോ. മൃദുല്‍ ഈപ്പന്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള സ്ത്രീസംവരണത്തെ അവകാശമായി കാണാതെ അത് ഔദാര്യമായി കണക്കാക്കുന്നത് എന്തിനാണെന്നും പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാനായി വളര്‍ത്താതെ ആത്മാഭിമാനത്തോടും അന്തസോടും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും ട്രാന്‍സ് അവകാശ പ്രവര്‍ത്തക ശീതള്‍ ശ്യാം സിഎസ് അഭിപ്രായപ്പെട്ടു.

ക്രയ യൂണിവേഴ്സിറ്റി പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് ഡോ. സോന മിത്ര, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമെന്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ എംപിയുമായ അഡ്വ. സി.എസ് സുജാത, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലേയും മുംബൈ എസ് എന്‍ ഡി ടി വിമെന്‍സ് യൂണിവേഴ്സിറ്റിയിലെയും മുന്‍ പ്രൊഫസര്‍ ഡോ. വിഭൂതി പട്ടേല്‍, സംസ്ഥാന സര്‍ക്കാര്‍ ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി കെ ആനന്ദി, മുന്‍ കേന്ദ്ര ആസൂത്രണകമ്മിഷന്‍ അംഗം ഡോ. സൈദ ഹമീദ് എന്നിവരും പാനലിസ്റ്റുകളായിരുന്നു. ആസൂത്രണബോര്‍ഡ് അംഗം മിനി സുകുമാര്‍ മോഡറേറ്ററായിരുന്നു.

NO COMMENTS

LEAVE A REPLY