തെറ്റായ കാര്യങ്ങളെ തുറന്ന‌് എതിർക്കാൻ സമൂഹം മുന്നോട്ട‌് വരണം; മുഖ്യമന്ത്രി പിണറായി വിജയൻ.

204

തിരുവനന്തപുരം : നവോത്ഥാനപാരമ്പര്യം തകർത്ത‌് കേരളത്തെ നൂറ്റാണ്ടുകൾ പിന്നോട്ടു നയിക്കുന്നവർക്കെതിരെ പോരാടുമ്പോൾ അത്തരം ശക്തികളുടെ മഹത്വം നോക്കി അറച്ചുനിൽക്കരുതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെറ്റായ കാര്യങ്ങളെ തുറന്ന‌് എതിർക്കാൻ സമൂഹം മുന്നോട്ട‌് വരണം. യാഥാസ്‌ഥിതിക മൂല്യങ്ങളോടു സന്ധി ചെയ്യുന്ന ശക്തികളെ കണ്ട‌് ആരും വേവലാതിപെടേണ്ടതില്ല. സമൂഹം എല്ലാം ശരിയായി കാണുന്നുണ്ട‌്. എല്ലാ വിശ്വാസികളെയും രംഗത്തിറക്കാനാണ‌് സംഘപരിവാർ നീക്കം. നീക്കം. എന്നാൽ ആ അജണ്ടയിൽ ആരും കൊത്തിയിട്ടില്ല. എങ്കിലും അത്തരം നീക്കങ്ങളെ നിസ്സാരമായി കാണരുത‌്. മതനിരപേക്ഷമായ പൊതുമണ്ഡലങ്ങൾ ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെ കൊടുങ്കാറ്റുപോലെ പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഎംഎസ‌് അക്കാദമി സംഘടിപ്പിച്ച ‘കേരള സമൂഹത്തിന്റെ വലതുപക്ഷ വൽക്കരണം’ ശില‌്ശാല ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ പലതരത്തിൽ കേരളത്തിൽ വേരൂന്നാൻ ശ്രമിച്ച ജാതി മത ശക്തികളെ ചെറുത്ത‌് പരാജയപ്പെടുത്തിയ പാരമ്പര്യമാണ‌് കേരളത്തിന്റേത‌്. ഒന്നും നടക്കാതെ വന്നപ്പോൾ ശബരിമലയുടെ മറവിൽ വിശ്വാസികളെ ഇറക്കിയാണ‌് കേരളത്തിന്റെ മൂല്യങ്ങൾ അട്ടിമറിക്കുന്നത‌്. ഇക്കാര്യത്തിൽ ബിജെപിക്കും ആർഎസഎസിനും കോൺഗ്രസിനും ഒരേ നിലപാടാണ‌്. സുപ്രിംകോടതി വിശ്വാസികൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. സ‌്ത്രീകൾക്ക‌് ശബരിമല ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നുമാത്രമാണ‌് പറഞ്ഞത‌്. 1991വരെ അവിടെ പത്തിനും അമ്പതിനും പ്രായമുള്ള സ‌്ത്രീകൾ പ്രവേശിച്ചിട്ടുണ്ട‌്. 1991ൽ അതിനെതിരായി ഹൈക്കോടതി വിധിയുണ്ടായി. ആ വിധി നിയമവിരുദ്ധവുമാണെന്ന‌് സുപ്രിംകോടതിതന്നെ പറഞ്ഞു. അന്ന‌് ബെഞ്ചിലുണ്ടായിരുന്നു ഒരു ജഡ‌്ജ‌് എതിരഭിപ്രായം പറഞ്ഞപ്പോൾ അദ്ദേഹം വിരമിക്കുംവരെ വിധി പറഞ്ഞില്ല. പുതിയ ജഡ‌്ജ‌് വന്നശേഷമാണ‌് പത്തിനും 50നും ഇടയിൽ പ്രായമുള്ള സ‌്ത്രീകളുടെ പ്രവേശനം വിലക്കി വിധി പറഞ്ഞത‌്. ആ തെറ്റായ കാര്യമാണ‌് സുപ്രിംകോടതി തിരുത്തിയത‌്. എന്നാൽ സുപ്രിംകോടതിക്കെതിരെ ഒന്നും പറയാനാകാത്തതിനാൽ ചിലർ സംസ്ഥാന സർക്കാരിനുമേൽ കുതിര കയറുകയാണ‌്.

സർക്കാർവിശ്വാസികൾക്കെതിരെയാണെന്നാണ‌് പ്രചരിപ്പിക്കുന്നത‌്. സർക്കാർ എവിടെ വിശ്വാസികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെ ന്നാണ‌് പറയുന്നത‌്. വിശ്വാസത്തിന്റെ കാര്യത്തിൽ പാർടിയും സർക്കാരും നേരത്തെതന്നെ നിലപാട‌് വ്യക്തമാക്കിയിട്ടുണ്ട‌്. സിപിഐഎമ്മിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ‌്. അവർക്കെതിരെ ഈ പാർടി യുദ്ധം പ്രഖ്യാപിക്കുമോ. തന്റെ വിശ്വാസം മാത്രമാണ‌് വിശ്വാസമെന്നും മറ്റുള്ളവരുടേത‌് വിശ്വാസമല്ലെന്നും പറയുന്നവരാണ‌് വിശ്വാസ സംരക്ഷണത്തെക്കുറിച്ച‌് പറയുന്നത‌്. അത്തരക്കാർക്കെതിരാണ‌് തങ്ങൾ. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുകയാണ‌് പാർടി നിലപാട‌്. ഏതെങ്കിലും വിശ്വാസിക്ക‌് അവരുടെ സ്വന്തം ഇഷ‌്ടത്തിനനുസരിച്ച‌് പ്രവർത്തിക്കാനാവാത്ത ഇടങ്ങളിൽ പാർടി ഇടപെട്ട പാരമ്പര്യമാണുള്ളത‌്.

സുപ്രിം കോടതിവിധി യോട‌്ഒരുവിഭാഗത്തിന‌്പൊരുത്തപ്പെടാനാകുന്നില്ല. അതിനാൽ ഇന്നത്തെ അവസ്ഥയെ പൂർണമായും അട്ടിമറിച്ച‌് പഴയതിലേക്ക‌് കൊണ്ടുപോകുകയാണ‌് ഈ ശക്തികൾ. ഇതിന‌് പലരേയും കൂട്ടുപിടിക്കുന്നു. ഇവരുടെയൊക്കെ ഉള്ളറകളിലേക്ക‌് ഇറങ്ങി പരിശോധന നടത്തുന്നത‌് നല്ലതാണ‌്. ഇപ്പോൾ സമര രംഗത്തുള്ളവരല്ല കോടതി വിധിക്കെതിരെ ആദ്യം രംഗത്തുവന്നത‌്. ഫ്യൂഡൽ പാരമ്പര്യം കൊണ്ടുനടക്കുന്ന ജാതി ശക്തികളാണ‌്. ഇവർക്കൊപ്പം പലരും കൂടി. എന്നാൽ സമരം വിജയിച്ചില്ലെന്ന‌് നടത്തിയവർതെന്ന ഇപ്പോൾ പറയുന്നു.

സംഘപരിവാർ പ്രവർത്തനം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത അരക്ഷിതാവസ്ഥയുണ്ടാക്കിയിട്ടുണ്ട‌്. എന്നാൽ ഈ സഹാചരയം ഉപയോഗപ്പെടുത്തി തീവ്ര സ്വഭാവമുള്ള സംഘടനകൾ ഈ മേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നു. പൊതുവായി ജനങ്ങൾ ഒന്നിച്ചുചേരുന്ന ആഘോഷങ്ങളെയും ഒത്തുചേരലുകളെയും തടയുന്നതിനും അതുവഴി മതനിരപേക്ഷ പൊതുമണ്ഡലങ്ങളെ ഇല്ലാതാക്കാനുമുള്ള ശ്രമവും നടക്കുന്നു. പാൻ ഇസ്ലാമിസ‌്റ്റ‌് സംഘടനകൾ ഇത്തരം പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകുന്നു.ഇതിനെതിരെ ജാഗ്രത പാലിക്കണമൈന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS