തിരുവനന്തപുരം : കെവിന്‍റെ മരണത്തില്‍ ആരോപണവിധേയരായ എസ്‌ഐ എം എസ് ഷിബു, എ എസ്‌ഐ ബിജു ടിഎം, ഡ്രൈവര്‍ അജയ്‌കുമാര്‍ എന്നിവരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുമെന്ന് സൂചന. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഗുരുതരമായ കൃത്യവിലോപവും വീഴ്ച്ചയും കെവിന്റെ കൊലപാതകത്തില്‍ ഗാന്ധി നഗര്‍ പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായെന്ന് മുഖ്യഅന്വേഷണ ഉദ്യോഗസ്ഥന്‍ ഐ ജി വിജയ് സാഖറെയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കേസിലെ പ്രധാന പ്രതി ഷാനു ചാക്കോയുടെ കയ്യില്‍നിന്നും കൈക്കൂലി വാങ്ങി കേസെടുക്കാന്‍ വൈകിച്ചുവെന്നാണ് പ്രധാന കുറ്റാരോപണം. കേരളാ പോലീസ് ആക്‌ട് (ക്രിമിനല്‍ നടപടി ക്രമം) അനുസരിച്ചാണ് ഗാന്ധിനഗര്‍ എസ്‌ഐ, എഎസ്‌ഐ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റവാളികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പാണ് പിരിച്ച് വിടല്‍ നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇത് നടപ്പിലായാല്‍ രാജ്യത്ത് ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യത്തെ സര്‍ക്കാരും കേരളത്തിലേത്.