ന്യൂഡല്‍ഹി: പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിന് ജോസഫിനെ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊലപാതകത്തില്‍ രണ്ട് പോലീസുകാര്‍ക്കും പങ്കുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസയച്ച കമ്മീഷന്, നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു. പരിഷ്കൃത സമൂഹത്തില്‍ ഒരിക്കലുമുണ്ടാകരുതാത്ത സംഭവമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പ്രതികളായവര്‍ക്കു വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പൗരന്റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കമ്മീഷന് വിലയിരുത്തുന്നു.