കാലിയാ റഫീഖിനെ വകവരുത്തിയത് മുത്തലിബിനെ കൊന്നതിലുള്ള പ്രതികാരം

284

മംഗലൂരു ബിസി റോഡിൽ ബുധനാഴ്ച രാത്രി കാലിയ റഫീഖ് എന്ന അധോലോകനേതാവ് കൊല്ലപ്പെട്ടതോടെ കൊള്ളയും കൊലപാതകങ്ങളും കൊണ്ട് ഒരു പതിറ്റാണ്ടിലേറെ കാലം മേഖലയെ വിറപ്പിച്ച ഒരു ക്രിമിനിൽ ജീവതത്തിനാണ് തിരശ്ശീല വീഴുന്നത്.ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കർണാടകയിലുമായി കൊലപാതകം, വധശ്രമം, പിടിച്ചുപറി, ഗുണ്ടാ ആക്രമം, സ്പിരിറ്റ് കടത്ത്, കവർച്ചാ തുടങ്ങി അൻപതോളം കേസുകളിൽ പ്രതിയായിരുന്നു കൊല്ലപ്പെടുമ്പോൾ കാലിയ.
⁠⁠⁠⁠
⁠⁠⁠കാസർഗോഡ് നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാലിയ റഫീഖ് എന്ന റഫീഖ് കൊല്ലപ്പെടുന്നത്. കാസർഗോഡ്-കർണാടക അതിർത്തിയിലെ കുപ്രസിദ്ധനായ ഈ ഗുണ്ട തോക്കുകളും മറ്റ് ആയുധങ്ങളും വാങ്ങാൻ വേണ്ടിയായിരുന്നു മുംബൈയിലേക്ക് പുറപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.മരണം തൊട്ടു പിന്നിലുണ്ടെന്ന തിരിച്ചറിവിൽ തികഞ്ഞ ജാഗ്രതയോടെയാണ് റഫീഖ് ഒരോ ചുവടും മുൻപോട്ട് വച്ചിരുന്നത്. മരണത്തിലേക്കുള്ള അവസാന യാത്രയിലും അയാൾ ശ്രദ്ധയോടെയാണ് മുന്നോട്ട് നീങ്ങിയതും. യാത്ര ആരംഭിച്ച ശേഷം താൻ ട്രേസ് ചെയ്യപ്പെടുന്നു എന്ന സംശയത്തിൽ സഞ്ചരിക്കുന്ന വാഹനം മാറ്റിയിരുന്നു. എന്നിട്ടും മംഗലൂരു ബിസി റോഡിൽ വച്ച് ടിപ്പർ ലോറിയിലെത്തിയ ഗുണ്ടാസംഘം റഫീഖിന് മരണച്ചീട്ട് സമ്മാനിച്ചു.
⁠⁠⁠
⁠⁠⁠ബിസി റോഡിലെ ഒരു പെട്രോൾ പമ്പിന് സമീപം വച്ചാണ് ടിപ്പർ ലോറിയിൽ എത്തിയ കൊലപാതകികൾ ലോറി റഫീഖ് സഞ്ചരിച്ചിരുന്നു കാറിൽ കൊണ്ടിടിച്ചത്. ഇടിയുടെ ആഘാതം മാറും മുൻപേ തന്നെ അപകടം തിരിച്ചറിഞ്ഞ് കാലിയ റഫീഖ് കാറിൽ നിന്നിറങ്ങിയോടി. ഈ സമയം ലോറിയിൽ നിന്ന് ചാടിയിറങ്ങിയ ഗുണ്ടാസംഘം ഓടുന്ന റഫീഖിനെ വെടിവെച്ചു വീഴ്ത്തി. തുടർന്ന് വടിവാളുപയോഗിച്ച് തുരുതുരാ വെട്ടി. പിന്നീട് റഫീഖിന്റെ മരണം ഉറപ്പാക്കിയ ശേഷം അവർ സ്ഥലം വിട്ടു. റഫീഖിനൊപ്പം കാറിലുണ്ടായിരുന്ന അയാളുടെ സംഘാംഗങ്ങളെല്ലാം ഇതിനുള്ളിൽ ഓടി രക്ഷപ്പെട്ടിരുന്നു.
⁠⁠⁠⁠
ഉപ്പള മണിമുണ്ട സ്വദേശിയായ കാലിയ റഫീഖിന്റെ ജീവിതം ഒരു ക്രൈം ത്രില്ലർ സിനിമയ്ക്ക് തുല്യമാണ്. കറുത്ത നിറമുള്ള റഫീഖിനെ കളിയാക്കി വിളിക്കാൻ കൂട്ടുകാരിട്ട പേരാണ് കാലിയ റഫീഖ് എന്നത്. കാലം ചെന്നപ്പോൾ ആ പേര് കാസർഗോഡിനെ വിറപ്പിക്കുന്നതായി മാറി.മംഗലാപുരം ഹൈവേയിലൂടെ ഓടുന്ന ലോറികളിലെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് കൊണ്ടാണ് കാലിയ റഫീഖ് എന്ന ക്രിമിനലിന്റെ ജീവിതം ആരംഭിക്കുന്നത്. പിന്നീട് അത് ചാരായകടത്തിലേക്കും കവർച്ചയിലേക്കും പിടിച്ചു പറിയിലേക്കും കൊലപാതകങ്ങളിലേക്കും വഴിമാറി. ഒരു ലോക്കൽ ഗുണ്ടയിൽ നിന്ന് അധോലോകഗുണ്ടയായി റഫീഖ് വളർന്നു

⁠⁠⁠കാപ്പ നിയമപ്രകാരം ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന റഫീഖ് കഴിഞ്ഞ സെപ്തംബറിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത്. ഇയാൾ പുറത്തിറങ്ങിയാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് ഇയാളെ വീണ്ടും കാപ്പ ചുമത്തി അകത്താക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഒരു വർഷത്തേക്ക് കൂടി റഫീഖിനെ ജയിലടക്കാനുള്ള ഉത്തരവ് പുറത്ത് വരാനിരിക്കേയാണ് റഫീഖ് കൊല്ലപ്പെടുന്നത്. ഒരുപക്ഷേ പോലീസ് പിടിയിലായി ജയിലിലേക്ക് പോവേണ്ടി വന്നിരുന്നുവെങ്കിൽ ഒരു വർഷം കൂടി റഫീഖ് ജീവിച്ചിരുന്നേനെ എന്ന് പോലീസുദ്യോഗസ്ഥർ തന്നെ പറയുന്നു. ജയിൽ മോചിതനായി റഫീഖിനെ കൊല്ലാനൊരുങ്ങി ചിലർ പുറത്ത് കാത്തിരിപ്പുണ്ടെന്ന് പോലീസിനറിയാമിരുന്നു, തനിക്ക് മരണക്കുറി നൽകനായി നിഴൽ പോലെ പിറകിലുള്ളവരെപ്പറ്റി റഫീഖിനും വ്യക്തമായ അറിവുണ്ടായിരുന്നു.
⁠⁠⁠⁠
2013-ൽ ഉപ്പള സ്വദേശി മുത്തലഖിനെ വധിക്കുന്നതോടെയാണ് കാലിയ റഫീഖിന്റെ ക്രിമിനൽ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നത്. മുത്തലിഖീന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി കസായി അലിയുടെ നേതൃത്വത്തിൽ ഒരു സംഘം രംഗത്തിറങ്ങിയതോടെ കൊല്ലുക അല്ലെങ്കിൽ ചാവുക എന്നത് മാത്രമായിരുന്നു കാലിയക്ക് മുന്നിലെ വഴി. പിന്നീടങ്ങോടുള്ള മൂന്ന് വർഷത്തിനിടെ നിരവധി തവണയാണ് കാലിയ റഫീഖിന്റേയും കസായി അലിയുടേയും സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ പലപ്പോഴും ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏറ്റുമുട്ടലെന്നാൽ കേവലം കൂട്ടത്തല്ലൊന്നുമല്ല. വെടിവെപ്പും, വെട്ടും കുത്തും നിറഞ്ഞ ഗ്യാംഗ് വാർ തന്നെ.

NO COMMENTS

LEAVE A REPLY