കിഫ്ബി പ്രദര്‍ശനം 28ന് കാസര്‍കോട്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

74

കാസര്‍കോട് : കിഫ്ബിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രദര്‍ശന ബോധവല്‍ ക്കരണ പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് 28ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ജില്ലയിലും സംസ്ഥാനത്തും നടത്തി വരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം വെര്‍ച്വല്‍ റിയാലിറ്റിയടക്കമുള്ള സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

വിവിധ വിഷയങ്ങളില്‍ സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍, മത്സരങ്ങളുമുണ്ടാവും. മുപ്പത് വയസു വരെ യുള്ള യൂവജനങ്ങള്‍ക്ക് ജില്ലയ്ക്ക് വേണ്ടിയുള്ള വികസന സ്വപ്നങ്ങള്‍ പങ്ക് വെക്കാന്‍ പ്രത്യേക അവസരവും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സംസ്ഥാന മന്ത്രിമാര്‍, വകുപ്പ് മേധാവികള്‍, വിവിധ മേഖലയിലെ വിദഗ്ധര്‍ അടിസ്ഥാന വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും.

പരിപാടിയുടെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സംഘാടക സമിതി ചെയര്‍മാനും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ജനറല്‍ കണ്‍വീനറുമാണ്. എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷധികാരികളാണ്. കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, കാറഡുക്ക ബ്ലോക്ക് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, റവന്യു വകുപ്പ് മന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എഡിഎം എന്‍ ദേവിദാസ്, ആര്‍ഡിഒ കെ രവികുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, കിഫ്ബി ജനറല്‍ മാനേജര്‍ സുനില്‍ കുമാര്‍, ഐഐഐസി മെക്കാനിക്കല്‍ വിഭാഗം മേധാവി വിനോദ് ശങ്കര്‍, കിഫ്ബി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS