സുസ്ഥിര വികസനം ലക്ഷ്യം, കൊറഗ-മലവേട്ടുവ സമുദായത്തെക്കുറിച്ച് കിലെ പഠനം നടത്തുന്നു

18

കാസറഗോഡ് : കൊറഗ-മലവേട്ടുവ സമുദായത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് സാമൂഹിക, സാമ്പത്തിക, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനത്തിന് കിലെ. വീടുകള്‍, ചുറ്റുപാടുകള്‍, ഇരുസമുദായങ്ങളിലെയും കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, തൊട്ടടുത്ത് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍, തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. പരമ്പരാഗത തൊഴിലാണോ ചെയ്യുന്നത്, മറ്റു തൊഴില്‍ മേഖലയില്‍ കൂടി അവര്‍ കടന്നുവരുന്നുണ്ടോ, സര്‍ക്കാര്‍ മേഖലയില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ട് എന്നിവയും ശേഖരിക്കും. തൊഴിലിടങ്ങളില്‍ നിന്നും ലഭിക്കുന്ന വേതനം, മറ്റു വരുമാന മാര്‍ഗങ്ങള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാവരിലും എത്തുന്നുണ്ടോ തുടങ്ങിയവയും വിവര ശേഖരണത്തില്‍ ഉള്‍പ്പെടുത്തും. ഈ മാസം 28 മുതല്‍ സര്‍വേ ആരംഭിക്കും. 1200 ആള്‍ക്കാരിലാണ് സര്‍വേ നടത്തുന്നത്. ഇരുസമുദായങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 20 യുവതീ യുവാക്കളെ ഉപയോഗപ്പെടുത്തിയാണ് സര്‍വ്വേ.

സര്‍വേയുടെ ഭാഗമായി കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് എകദിന ശില്‍പശാല നടത്തി. കാഞ്ഞങ്ങാട് എമിറേറ്റസ് ഹാളില്‍ നടന്ന ശില്‍പശാല കിലെ ചെയര്‍മാന്‍ കെ.എന്‍.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഗോത്രവര്‍ഗമായ മലവേട്ടുവ -കൊറഗ സമുദായത്തിന്റെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ വികസനം ലക്ഷ്യം വെച്ചാണ് തൊഴില്‍ വകുപ്പ് ശാസ്ത്രീയ പഠനം നടത്തുന്നത്. മികച്ച ജീവിതം നയിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ തലത്തില്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വേ നടത്തുന്നതെന്നും രണ്ടാഴ്ചക്കകം സര്‍വേ പൂര്‍ത്തിയാക്കി ക്രോഡീകരിക്കുന്ന പഠന റിപ്പോര്‍ട്ട് ഡിസംബറില്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിലെ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം ടി.കെ.രാജന്‍ അധ്യക്ഷനായി. റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ഡോ.റഫീഖാ ബീവി പഠന സര്‍വേ വിശദീകരണം നടത്തി. സമുദായ പ്രതിനിധികളായ സി.കുഞ്ഞിക്കണ്ണന്‍, ശങ്കരന്‍ ഗോപാല, റിസര്‍ച്ച് അസോസിയേറ്റുമാരായ ജെ.എസ്.ആരിജ, അരുണ്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ഫെലോ ജെ.എന്‍.കിരണ്‍ സ്വാഗതം പറഞ്ഞു.

NO COMMENTS