കാസര്‍കോട്: മദ്യത്തിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും ഉപയോഗം കാരണം വഴി തെറ്റുന്ന യുവതലമുറയ്ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ അവബോധം സൃഷ്ടിക്കാന്‍ പതിവു ബോധവത്കരണ ക്ലാസുകളില്‍ നിന്നു വ്യത്യസ്തമായി ‘കനലെരിയും ബാല്യം’ എന്ന സിനിമയൊരുക്കിയിരിക്കുകയാണ് കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത്. എക്സൈസ്,ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ വിബ്ജിയോര്‍ ഫിലിംസിന്റെ് ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത് അജി കുട്ടമ്മാമനാണ്.
എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് സിനിമയൊരുക്കുന്നത്. പതിവു ബോധവത്കരണ ക്ലാസുകളില്‍ നിന്നു വ്യത്യസ്തമായി എന്തുകൊണ്ട് ഒരു ചിത്രമൊരുക്കികൂടേയെന്ന ആശയം കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്താണ് മുന്നോട്ട് വച്ചത്. ഇതിനു പൂര്‍ണ പിന്തുണയേകി എക്സൈസ് വകുപ്പും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും എത്തിയതോടെ ചിത്രീകരണം വിചാരിച്ചതിലും പെട്ടന്നു പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്ന് സംവിധായകന്‍ അജി കുട്ടമ്മാമന്‍ പറഞ്ഞു. പ്രേക്ഷക പ്രശംസ നേടിയ ‘വിഷക്കാറ്റ്’ എന്ന സിനിമയുടെ സംവിധായകന്‍ കൂടിയാണദ്ദേഹം.
കാസര്‍കോട്, വളപ്പട്ടണം, പരപ്പ, നീലേശ്വരം, ഷിമോഗ എന്നിവടങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തില്‍ 90 ലധികം അഭിനേതാക്കള്‍ രംഗത്ത് എത്തുന്നുണ്ട്.ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം അടുത്തമാസം ആദ്യവാരം പുറത്തിറക്കും.കഴിഞ്ഞ നവംബറില്‍ ചായ്യോത്ത് സ്‌കൂള്‍ പരിസരത്ത് വച്ച് റവന്യൂ -ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ചിത്രം കേരളത്തിലുടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശനം നടത്തി ജനങ്ങളിലേക്കെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.