മൊഹാലി: ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിര്‍ണായക മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ അവര്‍ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി. കിംഗ്സ് ഇലവന് ഉയര്‍ത്തിയ 184 റണ്‍സ് ലക്ഷ്യം 18 ഓവറില്‍ നൈറ്റ് റൈഡേഴ്സ് മറികടന്നു.
49 പന്തില്‍ 65 റണ്‍സ് നേടിയ പുറത്താകാതെനിന്ന ശുഭ്മാന്‍ ഗില്ലാണ് കോല്‍ക്കത്ത വിജയത്തിന് അടിത്തറ പാകിയത്. ക്രിസ് ലിന് 22 പന്തില്‍ 46 റണ്‍സുമായി സന്ദര്‍ശകര്‍ക്കു മികച്ച തുടക്കം നല്കി. റോബിന് ഉത്തപ്പ (14 പന്തില്‍ 22), ആന്ദ്രെ റസല്‍ (14 പന്തില്‍ 24), ദിനേശ് കാര്‍ത്തിക് (ഒന്‍പതു പന്തില്‍ പുറത്താകാതെ 21) എന്നിവര്‍ നൈറ്റ് റൈഡേഴ്സിന്റെ വിജയത്തിലേക്കു സംഭാവനകള്‍ നല്കി.
നേരത്തെ, അവസാന ഓവറുകളില്‍ സാം കറന് നടത്തിയ കടന്നാക്രമണമാണ് പഞ്ചാബ് കിംഗ്സ് ഇലവന് പൊരുതാനുള്ള സ്കോര്‍ സമ്മാനിച്ചത്. കറന് 24 പന്തില്‍ 55 റണ്‍സ് നേടി പുറത്താകാതെനിന്നു. രണ്ട് സിക്സും ഏഴ് ഫോറും അടക്കമാണ് ഇംഗ്ലീഷ് യുവതാരം 55 റണ്‍സ് എടുത്തത്. 27 പന്തില്‍ 48 റണ്‍സ് നേടിയ നിക്കോളാസ് പുരാന് പഞ്ചാബ് ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോറിന് ഉടമയായി.
നാല് ഓവര്‍ എറിഞ്ഞ മലയാള് താരം സന്ദീപ് വാര്യര്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഓപ്പണര്‍മാരായ കെ.എല്‍. രാഹുല്‍, ക്രിസ് ഗെയില്‍ എന്നിവരുടെ വിക്കറ്റുകളാണ് വാര്യര്‍ വീഴ്ത്തിയത്.