തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ട ഗുണ്ടയെ ആറാം തവണയും ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. മേലാംകോട് പൊന്നുമംഗലം പുത്തന്‍വീട്ടില്‍ മേലാംകോട് കിരണ്‍ എന്ന് വിളിക്കുന്ന കിരണ്‍ (39) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു തവണ ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള ഇയാള്‍ പുറത്തിറങ്ങിയശേഷം വീണ്ടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ വിവിധ കേസ്സുകളില്‍ പ്രതിയായി.
ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.ദിവ്യ വി.ഗോപിനാഥ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഇയാളെ ‘കാപ്പാ നിയമ പ്രകാരം’ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പൂജപ്പുര, നേമം പോലീസ് സ്റ്റേഷനുകളിലും അമരവിള എക്‌സൈസ് സ്റ്റേഷനില്‍ ഒരു കഞ്ചാവ് കടത്ത് കേസ് ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ 40 ഓളം കേസ്സുകള്‍ നിലവിലുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 3 ന് കാരക്കാമണ്ഡപം സ്വദേശി സുരേഷിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച് അയാളുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത ശേഷം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
ഫോര്‍ട്ട് എസിപി പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ നേമം എസ്‌എച്ച്‌ഒ അനൂപ് കൃഷ്ണ, എസ്‌ഐ ദീപു, സിപിഒ മാരായ ഗിരി, ബിമല്‍ മിത്ര, ഷാഡോ ടീം എസ്‌ഐ അരുണ്‍, എഎസ്‌ഐ സാബു, എസ്‌സിപിഒ വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.