പാലക്കാട് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നു. റിസര്‍വ്വ ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരമാണ് ക്ഷീര കര്‍ഷകരെകൂടെ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലോണിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ജില്ലയിലെ വിവിധ ബാങ്കുകളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ക്കനുസൃതമായി അര്‍ഹതയുളള ക്ഷീര കര്‍ഷകര്‍ക്ക് മൂന്ന് മാസത്തെ പ്രവര്‍ത്തന മൂലധനം വായ്പയായി ലഭിക്കും.
കര്‍ഷകരുടെ പശുക്കളുടെ എണ്ണത്തിനനുസരിച്ച് വായ്പയുടെ പരിധിയും വര്‍ദ്ധിക്കും. 160000 രൂപ വരെയുളള വായ്പകള്‍ക്ക് ഈട് നല്‍കണ്ട. പരമാവധി മൂന്ന് ലക്ഷം രൂപവരെ ലഭിക്കും. തീറ്റ വസ്തുക്കള്‍, ഉപകരണങ്ങള്‍, തീറ്റപ്പുല്‍കൃഷി, വൈക്കോല്‍ എന്നിവ വാങ്ങി സൂക്ഷിക്കുന്നതിനാണ് പ്രധാനമായും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായം അനുവദിക്കുക. ക്ഷീര കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശയില്‍ വായ്പ ലഭിക്കും.
ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍ വഴിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്കാവശ്യമായ പ്രാഥമിക വിവരങ്ങള്‍ അതത് ബാങ്ക് സ്വീകരിക്കുക. അര്‍ഹതയുളള ക്ഷീര കര്‍ഷകര്‍ക്ക് ബന്ധപ്പെട്ട ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സമയബന്ധിതമായി ലോണ്‍ അനുവദിക്കും. പാലക്കാട് ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ സഹകരണത്തോടെ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 50000 ക്ഷീര കര്‍ഷകരെ ജൂലൈ 31 നകം ഈ പദ്ധതിയില്‍ ഗുണഭോക്താക്കളാക്കും.
വിവരങ്ങള്‍ക്ക് ബ്ലോക്ക് തല ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ തൊട്ടടുത്തുളള ക്ഷീര സഹകരണ സംഘങ്ങളുമായോ ബന്ധപ്പെടാം.