കൊച്ചി : പൊലീസിനെ ആക്രമിച്ചതിന് അറസ്‌റ്റിലായ കിറ്റെക്‌സ് തൊഴിലാളികളുടെ ജയിൽ മോചനത്തിന് വിവിധ സംസ്ഥാന ങ്ങളിൽനിന്ന് ഇടപെടലുണ്ടാകുന്നതായി പൊലീസ്.
കേസിന്റെ വിവരങ്ങൾ തിരക്കി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സൊറന്റെ ഓഫീസിൽനിന്നും വിവിധ സംഘടനാ നേതാക്കളിൽ നിന്നും സ്‌റ്റേഷനിലേക്ക് വിളിയെത്തി. മണിപ്പൂർ, ഒഡിഷ, അസം സംസ്ഥാനങ്ങളിലെ ആദിവാസി സംഘടനാ നേതാക്കളും ബന്ധപ്പെടുന്നു.
കിറ്റെക്‌സിലെ അതിഥിത്തൊഴിലാളികൾക്കെതിരായ പൊലീസ് നടപടി, സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നമായി മാറുമെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് ഭീഷണിമുഴക്കിയിരുന്നു. കമ്പനി വളപ്പിലെ ലേബർ ക്യാമ്പുകൾ റെയ്‌ഡ് ചെയ്‌ത് ആക്രമികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തപ്പോഴായിരുന്നു ഭീഷണി. തൊഴിലാളികളുടെ ജാമ്യത്തിനോ നിയമ പോരാട്ടത്തിനോ സഹായിക്കാത്ത എംഡി മറ്റുമാർഗ ങ്ങളിലൂടെ കേസിനെ വഴിതിരിക്കാൻ ശ്രമിക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ക്രിസ്‌മസ് രാത്രി കമ്പനി വളപ്പിലും പരിസരത്തും പൊലീസിനുനേരെയുണ്ടായ ആക്രമണത്തിൽ 174 തൊഴിലാളികളാണ് അറസ്റ്റിലായത്. അസം, മണിപ്പൂർ, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണിവർ. ക്രിസ്‌മസ് കാരൾ നടത്തുന്നതിൽ ഇരുവിഭാഗം തൊഴിലാളികൾക്കിടയിലുണ്ടായ തർക്കമാണ് സംഘർഷമായത്. പ്രതികളിൽ ഏറെയും മുസ്ലിംനാമധാരികളാണെങ്കിലും ഇസ്ലാംമതവിശ്വാസികളല്ല; ക്രിസ്‌തുമതം സ്വീകരിച്ചവരാണെന്ന് പൊലീസ് പറയുന്നു.
വിവിധ ക്രിസ്‌ത്യൻ സംഘടനകൾ വഴിയാണ് കിറ്റെക്‌സിലേക്ക് റിക്രൂട്ട് ചെയ്‌തതെന്നും അന്വേഷണത്തിൽ വ്യക്തമായി. എല്ലാ സംസ്ഥാനങ്ങളിലും ശാഖകളുള്ള സംഘടനകൾ കമ്പനി ആവശ്യപ്പെടുന്നതിനനുസരിച്ച് തൊഴിലാളികളെ എത്തിക്കുകയാണ്. കമീഷനോ പ്രതിഫലമോ കിറ്റെക്‌സിൽനിന്ന് നൽകുന്നുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ആക്രമണമുണ്ടായി ദിവസങ്ങൾ ക്കുള്ളിൽ ഈ സംഘടനകൾ പൊലീസിൽ ബന്ധപ്പെട്ടിരുന്നു.
പൊലീസ് കർശന നടപടിയാണ് കൈക്കൊള്ളുന്നതെന്ന് വ്യക്തമായതോടെയാണ് രാഷ്‌ട്രീയനേതാക്കളും വിവിധ സംഘടനാ നേതാക്കളും ഇടപെട്ടുതുടങ്ങിയത്. ഇതിനുപിന്നിലും കിറ്റെക്‌സ് എംഡിയാണെന്നാണ് പൊലീസ് കരുതുന്നത്. നിയമസഹായംപോലും കിട്ടാതെ ഒരുമാസത്തിലേറെയായി പ്രതികൾ ജയിലിലാണ്. പൊതുമുതൽ നശിപ്പിക്കൽ, വധശ്രമ കേസുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യത്തിന് വലിയതുക കെട്ടിവയ്‌ക്കേണ്ടിവരും. പണം മുടക്കി ജാമ്യമെടുക്കാൻ താൽപ്പര്യമില്ലെന്ന് കമ്പനി എംഡി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മതസംഘടനകളുടെയും രാഷ്‌ട്രീയ, സമുദായ നേതാക്കളുടെയും രംഗപ്രവേശം.