കെ.എം മാണിക്ക് ഇന്ന് 84ാം പിറന്നാൾ. കേരള കോൺഗ്രസ് എം ചെയർമാൻ ശതാഭിഷിക്തനാകുന്നതിന്റെ ആവേശത്തിലാണ് പാർട്ടി പ്രവർത്തകർ. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച, ഒരേ മണ്ഡലത്തെ ഏറ്റവും കൂടുതൽ തവണ പ്രതിനിധീകരിച്ച, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന, അങ്ങനെ പല റെക്കോർഡുകളുള്ള കെ.എം മാണിയുടെ ജീവിത രേഖ കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ ചരിത്രത്തിനൊപ്പം വായിക്കണം. 1933ൽ മരങ്ങാട്ടുപള്ളിയിലെ കർഷക കുടുംബത്തിൽ ജനനം. കരിങ്ങോഴയ്ക്കൽ മാണി മാണി അഭിഭാഷകനായി സജീവ രാഷ്ട്രീയത്തിലേക്ക്. 1959ൽ കെ.പി.സി.സി അംഗമായി. കോൺഗ്രസിലെ ചേരിപ്പോരിൽ 1964ൽ കേരള കോൺഗ്രസ് പിറക്കുന്പോൾ സംസ്ഥാന പാർട്ടിയുടെ നിലനിൽപ്പും തുടർച്ചയും മുന്പേ കണ്ട നേതാവായിരുന്നു മാണി. കെ.എം മാണിയുടെ തന്നെ ഭാഷയിൽ പിളരുന്തോറും വളർന്ന് കേരള കോൺഗ്രസ് എം എന്ന സ്വന്തം പാർട്ടി. ക്രൈസ്തവ സഭകളുടെ ആശീർവാദത്തോടെ മാറി മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും മധ്യ തിരുവിതാംകൂറിൽ ശക്തമായ നിലനിൽപ്പാണ് പാര്‍ട്ടിക്കുണ്ടായത്. ഒടുവില്‍ ബാർ കോഴയിൽപ്പെട്ട് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട കെ.എം മാണി , രാഷ്ട്രീയ വനവാസം നിശ്ചയിച്ചവരെ പോലും അന്പരിപ്പിച്ച് വലത് മുന്നണി വിട്ടിറങ്ങി, ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കുള്ള ഭാവി തുറന്നിടുന്നു. പാർട്ടി ചെയർമാന്റെ ജന്മദിനം കരുണയുടെ കൈയ്യൊപ്പായി പാർട്ടി പ്രവർത്തകർ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്. പതിവ് ചിരിയിൽ എല്ലാം ഒതുക്കി കെ എം മാണിയും.