തിരുവനന്തപുരം: പാലയിലെ കരിങ്ങോഴക്കല്‍ വീട് കഴിഞ്ഞാല്‍ കെ എം മാണിക്കിഷ്ടം തലസ്ഥാനത്തെ പ്രശാന്ത് എന്ന ഔദ്യോഗിക വസതിയായിരുന്നു. പ്രശാന്ത് എന്ന് വീടിന് പേരിട്ടതും മാണിയായിരുന്നു. ക്ലിഫ് ഹൗസ് കോമ്ബൗണ്ടിലെ പ്രശാന്ത് എന്ന മന്ത്രിമന്ദിരത്തിന്‍റെ പണി പൂര്‍ത്തിയായത് 1982ലായിരുന്നു. കെ എം മാണിഅന്ന് ധനമന്ത്രിയായിരുന്നു.
പിന്നീടിങ്ങോട്ട് പല തവണ മന്ത്രിയായപ്പോഴും മാണി പ്രശാന്ത് അല്ലാതെ മറ്റൊരു വീട്ടിലും താമസിച്ചില്ല. ഓരോ തവണയും ബജറ്റ് തയ്യാറാക്കുന്നതും പ്രശാന്തില്‍ വച്ച് തന്നെയായിരുന്നു. മാണി തലസ്ഥാനത്തുണ്ടായിരുന്നപ്പോള്‍ പാര്‍ട്ടിക്കാരുടെ ആലോചനകേന്ദ്രമായിരുന്നു ഈ വീട്. ഭാഗ്യവീടെന്ന് മാണി കരുതിയ പ്രശാന്തിനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു മാണിയെ വീഴ്ത്തിയ ബാര്‍ക്കോഴയും ഉയര്‍ന്നത്.
കോഴ നല്‍കാനെത്തിയത് പ്രശാന്തിലാണെന്ന ബാറുമടയുടെ വെളിപ്പെടുത്തലോടെ ഔദ്യോഗിക വസതി വിജിലന്‍സ് അന്വേഷണത്തിന്‍റേയും കേന്ദ്ര ബിന്ദുവായി. പാര്‍ട്ടിയിലെ നിര്‍ണ്ണായക ചര്‍ച്ചകളെല്ലാം പ്രശാന്തിനെ ചുറ്റിപ്പറ്റി. ഒടുവില്‍ അതികായനായ മാണി ഏറെനാള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ 2015 നവംബര്‍ 10ന് മന്ത്രിസ്ഥാനത്തു നിന്നും രാജിവെച്ച് ഇറങ്ങിയതും പ്രശാന്തില്‍ നിന്നായിരുന്നു.