കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രമുഖ കലാമാമാങ്കമായി മാറിയ കൊച്ചി-മുസിരിസ് ബിനാലെയുടെ ഉപജ്ഞാതാക്കളായ റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയും ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു ചിത്രകാരന്മാരുടെ പട്ടികയില്‍ സ്ഥാനം നേടി. രാജ്യാന്തര കലാഭൂപടത്തില്‍ സ്ഥാനം നേടിയ കൊച്ചി ബിനാലെയ്ക്കു രൂപവും ഭാവവും പകര്‍ന്നതാണ് ഇരുവരെയും തുടര്‍ച്ചയായ മൂന്നാംവര്‍ഷവും അഭിമാനാര്‍ഹമായ നേട്ടത്തിന് അര്‍ഹരാക്കിയത്. ലണ്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ആര്‍ട്ട് റിവ്യൂ എന്ന കലാമാസികയാണ് പവര്‍ 100 എന്ന പേരില്‍ വര്‍ഷം തോറും ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള 100 കലാകാരന്മാരുടെ പട്ടിക പുറത്തിറക്കുന്നത്. റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയും പട്ടികയില്‍ 84ാം സ്ഥാനത്താണ്. 2012ല്‍ നടന്ന കൊച്ചി ബിനാലെ ഒന്നാംപതിപ്പില്‍ പങ്കെടുത്ത ചൈനീസ് കലാകാരന്‍ എയ് വീവീ, ജര്‍മന്‍ കലാകാരന്‍ വോള്‍ഫാങ് ടില്‍മാന്‍, ഫ്രഞ്ച് ചിത്രകാരന്‍ പിയറി ഹ്യൂ, സെര്‍പന്‍റൈന്‍ ആര്‍ട് ഗാലറീസ് ഡയറക്ടര്‍ യുള്‍റിച്ച് ഒബ്രിസ്റ്റ്, ലൂയി വ്യൂട്ടന്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ബര്‍നാഡ് ആര്‍ണോ, ഇറ്റാലിയന്‍ ഫാഷന്‍ ഹൗസ് ഡിസൈനര്‍ മ്യൂഷിയ പ്രദ എന്നിവരും നൂറുപേരുടെ പട്ടികയിലുണ്ട്.
ജര്‍മന്‍ ചിത്രകാരനും നാടകപ്രവര്‍ത്തകനുമായ ഹിടോ സ്റ്റെയര്‍ ആണ് 2017ലെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത്. ഇന്ത്യയില്‍നിന്ന് കോമുവിനെയും കൃഷ്ണമാചാരിയെയും കൂടാതെ ജിബിഷ് ബാഗ്ചി, മോണിക്ക നരൂല, ശുദ്ധബ്രത സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നു സ്ഥാപിച്ച ഡല്‍ഹിയിലെ റാക്സ് മീഡിയ കലക്ടീവ്(39ാം സ്ഥാനം) ആര്‍ട് കലക്ടര്‍, കിരണ്‍ നാടാര്‍(99) എന്നിവരും പവര്‍ 100 പട്ടികയിലുണ്ട്.
കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാംപതിപ്പിനെത്തുടര്‍ന്ന് 2015ലാണ് കോമുവും കൃഷ്ണമാചാരിയും ആദ്യമായി പട്ടികയില്‍ ഇടംനേടുന്നത്. അക്കൊല്ലം ഇന്ത്യയില്‍നിന്ന് പ്രാതിനിധ്യം ഇവര്‍ക്കു മാത്രമായിരുന്നു. കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ലോകകലാചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുക്കാന്‍ നടത്തിയ അശ്രാന്ത പരിശ്രമങ്ങളാണ് ഇരുവരുടെയും രാജ്യാന്തര അംഗീകാരത്തിന് ആധാരമായത്. വ്യക്തമായ ബിനാലെ സംസ്കാരം രൂപപ്പെട്ടിട്ടിലാത്ത ഇന്ത്യയില്‍നിന്നുള്ള കൊച്ചി ബിനാലെയ്ക്ക് ലോക ബിനാലെകള്‍ക്കിടയില്‍, സവിശേഷ വ്യക്തിത്വവും സാംസ്കാരികശ്രദ്ധയും നേടിക്കൊടുത്തത് ഈ കലാകാരډാരുടെ മൗലികതയുടെയും കലാപരിജ്ഞാനത്തിന്‍റെയും പിന്‍ബലമാണ്. തുടര്‍ന്ന് 2016ലെ പട്ടികയിലും ഇരുവരും സ്ഥാനം നേടി.
സുദര്‍ശന്‍ ഷെട്ടി ക്യുറേറ്റ് ചെയ്ത ബിനാലെയുടെ മൂന്നാം പതിപ്പാണ് ആര്‍ട് റിവ്യൂ പവര്‍ 100 പട്ടികയിലേക്ക് ഇരുവര്‍ക്കും മൂന്നാംവട്ടവും വാതില്‍ തുറന്നത്. കലാകാരന്മാരെന്ന നിലയിലുള്ള ഇരുവരുടെയും വ്യക്തിപരമായ നേട്ടങ്ങളും വിലയിരുത്തപ്പെട്ടു. ജൂലൈയില്‍ ബാംഗ്ലൂരിലെ ‘ഗാലറി ജി’യില്‍ നടന്ന ബോസ് കൃഷ്ണമാചാരിയുടെ കളര്‍ കോഡ് എന്ന ഏകാംഗ പ്രദര്‍ശനത്തെ ‘നിറവൈവിധ്യങ്ങളുടെ ഒരാഴ്ച’ എന്നാണ് ‘ആര്‍ട് റിവ്യു’ വിശേഷിപ്പിച്ചത്. കൊച്ചിയിലെ പഴയൊരു വെയര്‍ഹൗസില്‍ സൃഷ്ടിച്ച ഉരു എന്ന ആര്‍ട് ഗാലറിയിലൂടെ സമകാലിക ഇന്ത്യന്‍ കലയെ റിയാസ് കോമു മുന്നോട്ടു നയിക്കുന്നതായും മാസിക പരാമര്‍ശിക്കുന്നു. ഉരു സ്ഥിതി ചെയ്യുന്ന കൊച്ചിയുടെ ഹൃദയഭൂമിയായ മട്ടാഞ്ചേരിയുടെ പേരിട്ട് കോമു അടുത്തിടെയൊരുക്കിയ, 13 കലാകാരډാരും കലാഗവേഷകരും പങ്കെടുത്ത രണ്ടുമാസം നീണ്ട കലാപ്രദര്‍ശനം പ്രദേശത്തിന്‍റെ കലാഖ്യാതി വീണ്ടെടുക്കുന്നതായി. 2016 ഡിസംബറില്‍ നടന്ന ബിനാലെ മൂന്നാംപതിപ്പില്‍ 31 രാജ്യങ്ങളില്‍നിന്നുള്ള 97 കലാകാരന്മാരാണ് പങ്കെടുത്തത്. ആറുലക്ഷംപേര്‍ സന്ദര്‍ശകരായെത്തി. 2018ല്‍ നടക്കുന്ന നാലാംപതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത് ചിത്രകാരിയായ അനിത ദുബെ ആണ്.