കൊച്ചി: ആലുവ കെഎംഇഎ കോളജിലെ ആര്‍ക്കിടെക്‌ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനം വെറും സന്ദര്‍ശനം മാത്രമായിരുന്നില്ല, മറിച്ച് അധ്യയനത്തിന്റെ മറ്റൊരു വകഭേദമായിരുന്നു. കലയും വാസ്‌തുവിദ്യയും തമ്മില്‍ ഇഴചേര്‍ന്നു കിടക്കുന്ന ബന്ധം മനസിലാക്കിയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അസുലഭ അവസരമായി ഇത്. എല്ലാ കലകളുടെയും മാതൃസ്ഥാനമാണ് വാസ്‌തുവിദ്യയ്‌ക്ക് നല്‍കിയിട്ടുള്ളതെന്ന് വാസ്‌തുകലാ വിദ്യാര്‍ത്ഥിയായ ജെയിന്‍ ജോയി പറഞ്ഞു. എന്നാല്‍ ബിനാലെ പ്രദര്‍ശനം സന്ദര്‍ശിച്ചതിനുശേഷം കലയാണ് ഏറ്റവും വലുതെന്ന് തോന്നിപ്പോകുന്നു. കേവലം പ്രതിഷ്‌ഠാപനങ്ങള്‍ മാത്രമല്ല, ഓരോ മുറിയും അതില്‍ വച്ചിരിക്കുന്ന സൃഷ്ടികള്‍ കൊണ്ട് മികച്ച കലാരൂപമായി രൂപാന്തരപ്പെടുകയാണെന്നും ജെയിന്‍ ചൂണ്ടിക്കാട്ടി.
വാസ്‌തുകലാ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത് ടോണി ജോസഫ് കബ്രാള്‍ യാര്‍ഡില്‍ ഒരുക്കിയ പവിലിയനാണ്. പാഴ് വസ്‌തുക്കള്‍ കൊണ്ട് രൂപകല്‍പന ചെയ്‌ത പവിലിയന്‍ വിദ്യാര്‍ത്ഥികളില്‍ അത്ഭുതം ഉളവാക്കി.
പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ബിനാലെ കാണിക്കുന്ന താത്‌പര്യം പ്രശംസനീയമാണെന്ന് ലോക പ്രശസ്‌ത ആര്‍ക്കിടക്‌ട് പ്രൊഫ കെ ടി രവീന്ദ്രന്‍ പറഞ്ഞു. ബിനാലെ മൂന്നാം ലക്കം കാണാന്‍ പ്രധാനവേദിയായ ആസ്‌പിന്‍വാള്‍ ഹൗസിലെത്തിയതായിരുന്നു അദ്ദേഹം. ബിനാലെയുടെ ഓരോ ചുവരുകളും പുന:സൃഷ്‌ടിയുടെ കഥകള്‍ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ബിനാലെകളും കണ്ടയാളെന്ന നിലയില്‍ മൂന്നാം ബിനാലെയിലെ ജനപങ്കാളിത്തം അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേദികളിലെ ഓരോ ഇടവും അതത് ആര്‍ട്ടിസ്‌റ്റുകളുടെ മനോഭാവത്തിനനുസരിച്ച് രൂപാന്തരം പ്രാപിച്ചത് ഏറെ ആകര്‍ഷിച്ചതായി ആര്‍ക്കിടെക്‌റ്റും കെഎംഇഎ കോളജിലെ അധ്യാപികയുമായിമോണോലിറ്റ ചാറ്റര്‍ജി പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ സവിശേഷമായ സംസ്‌കാരം ബിനാലെയുടെ സ്വഭാവത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതായും അവര്‍ വിലയിരുത്തി.
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചറിയാന്‍ സാധിക്കുന്ന എല്ലാത്തിനെയും സമകലീനകലയുടെ രൂപത്തിലാക്കിയെടുക്കാന്‍ ബിനാലെയ്‌ക്ക് കഴിഞ്ഞതായി വിദ്യാര്‍ത്ഥിനിയായ ഹരിത രഞ്‌ജിത് പറഞ്ഞു. ശബ്ദം വീഡിയോ, വെര്‍ച്വല്‍ ടൂര്‍ എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്.
വ്യവസ്ഥിതിയോടുള്ള വിയോജിപ്പ് വെളിവാക്കുന്നതാണ് ചില പ്രതിഷ്‌ഠാപനങ്ങളെന്ന് വിദ്യാര്‍ത്ഥി റഷീദ് ബിന്‍ അഹമ്മദ് ചൂണ്ടിക്കാട്ടി. ബിനാലെ വേദികളെല്ലാം വേറിട്ട അനുഭവം തരുന്നുവെന്നും റഷീദ് പറഞ്ഞു. സമകാലീന കലയെ അടുത്തറിയുന്നതിനു വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരമൊരു സന്ദര്‍ശനം സംഘടിപ്പിച്ചതെന്ന് മോണോലിറ്റ ചാറ്റര്‍ജി പറഞ്ഞു. അതു വഴി കുട്ടികളുടെ വാസ്‌തുവിദ്യാബോധത്തില്‍ വിവിധതലത്തിലുള്ള പുരോഗമനം വരുത്താന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. മുംബൈയിലെ ജമ്‌നാഭായി നര്‍സീ സ്‌കൂളുള്‍പ്പെടെ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദ്യാഭ്യാസ് സ്ഥാപനങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ ബിനാലെയ്‌ക്കെത്തുന്നുണ്ട്‌്.