തിങ്കളാഴ്ച ബിനാലെ സന്ദര്‍ശിച്ചത് ഇരുപതിനായിരത്തോളം പേര്‍

245

കൊച്ചി: ക്രിസ്മസ് അവധി തുടങ്ങിയതോടെ കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനത്തില്‍ റെക്കോര്‍ഡ് തിരക്ക്. ഇരുപതിനായിരത്തോളം പേര്‍ ഇന്നലെ കാണികളായെത്തിയതായി അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം എല്ലാ തിങ്കളാഴ്ച തോറും പ്രദര്‍ശനങ്ങള്‍ സൗജന്യമാക്കിയിരുന്നു.ബിനാലെ അതിന്റെ ലക്ഷ്യത്തിലേക്കു കുതിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് വേദികളിലെ വന്‍ തിരക്കെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കലാ-സാംസ്‌കാരിക രംഗത്ത് മാത്രമല്ല നോട്ട് നിരോധനം കൊണ്ട് മാന്ദ്യത്തിലായ ടൂറിസം മേഖലയ്ക്ക് ബിനാലെ നല്‍കിയ ഉണര്‍വ് ചെറുതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിനാലെ മൂന്നാം ലക്കത്തിന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ മുഖമുദ്രകളിലൊന്നായ ചാണകവരളി കൊണ്ടുണ്ടാക്കിയ പിരമിഡിനുള്ളില്‍ കയറാന്‍ നീണ്ട നിരയാണ്. ഒരു മണിക്കൂറോളം വരിയില്‍ നിന്നാണ് സന്ദര്‍ശകര്‍ അലഷ് ഷെ്‌റ്റെയ്ഗര്‍ ഉണ്ടാക്കിയ പിരമിഡിനുള്ളില്‍ കയറിയത്. എല്ലാ പ്രദര്‍ശനങ്ങളിലും ഇതേ തിരക്ക് അനുഭവപ്പെടുന്നു. സാധാരണ കാഴ്ചകളെ വേറിട്ട വീക്ഷണത്തിലൂടെ കാണാന്‍ ബിനാലെയിലൂടെ സാധിച്ചുവെന്ന് എറണാകുളം ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു. കുടുംബവുമൊത്ത് ബിനാലെ പ്രദര്‍ശനം കാണാനെത്തിയതായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തില്‍ കാണുന്ന സാധാരണ കാഴ്ചകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ വ്യത്യസ്തമായ രീതിയില്‍ സൃഷ്ടിച്ചിരിക്കുന്നു. റൗള്‍ സുറീതയുടെ ‘സീ ഓഫ് പെയിന്‍’ ആണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മുന്‍ സബ്കളക്ടര്‍ എസ് സുഹാസും പ്രദര്‍ശനങ്ങള്‍ കാണാനെത്തിയിരുന്നു.

പറയിപെറ്റു പന്തിരുകുലം അടിസ്ഥാനമാക്കി പി.കെ സദാനന്ദന്‍ വരച്ച ചുവര്‍ ചിത്രം അതിശയകരമാണെന്ന് ഇസ്രായേലില്‍ നിന്നെത്തിയ ഡേവിഡ് കാര്‍ടു പറഞ്ഞു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് താന്‍ ഇവിടെയെത്തിയത്. ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന ചുവര്‍ ചിത്രങ്ങളില്‍ നിന്നും പി കെ സദാനന്ദന്‍ നടത്തിയ അവസ്ഥാന്തരം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചകളില്‍ ബിനാലെ പ്രവേശനം സൗജന്യമാക്കാനുള്ള സംഘാടകരുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സന്ദര്‍ശകനായ റിയാദ് അലി പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കം ടിക്കറ്റെടുത്ത് പ്രദര്‍ശനം കാണാനുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതായി എന്ന് അദ്ദേഹം പറയുന്നു. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ മാത്രമല്ല, ബിനാലെയുടെ പന്ത്രണ്ട് വേദികളിലും സമാനമായ തിരക്ക് അനുഭവപ്പെട്ടു.

NO COMMENTS

LEAVE A REPLY