അഭയാര്‍ത്ഥികളുടെ നൊമ്പരത്തിന്‍റെ നേര്‍ക്കാഴ്ചകളുമായി അലക്‌സ് സീറ്റണ്‍

246

കൊച്ചി: യൂറോപ്പിലെയും ഓസ്‌ട്രേലിയയിലെയും ഏതു തെരുവിലും കാണുന്ന മുഖം ദൈന്യത നിറഞ്ഞ അഭയാര്‍ത്ഥിയുടേതാണെന്ന് പ്രശസ്ത ശില്‍പി അലക്‌സ് സീറ്റണ്‍. കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന റെഫ്യൂജ് എന്ന മാര്‍ബിള്‍ ശില്‍പ്പത്തിന്റെ സൃഷ്ടിയെക്കുറിച്ച് അദ്ദേഹത്തില്‍നിന്നു തന്നെ കേള്‍ക്കാനായത് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായി. കൊച്ചി ബിനാലെയുടെ വേദികളിലൊന്നായ ടികെഎം വെയര്‍ഹൗസിലാണ് അലക്‌സിന്റെതടക്കം അഞ്ച് കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ടികെഎം വെയര്‍ഹൗസില്‍ പ്രത്യേകമായി സംഘടിപ്പിച്ച ആര്‍ട്ട് വാക്ക് ത്രൂ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അലക്‌സ് സേറ്റണ്‍.

ടി.വി സന്തോഷ്, എന്‍ഡ്രി ഡാനി, അകി സസോമോട്ടോ, അലിഷ ക്വാഡ എന്നിവരുടെ സൃഷ്ടികളാണ് ടികെഎം വെയര്‍ഹൗസിലെ മറ്റു പ്രദര്‍ശനങ്ങള്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നി സ്വദേശിയായ അലക്‌സ് തീഷ്ണമായ ജീവിതാനുഭവങ്ങളെ കലാസൃഷ്ടിയിലേക്കു പകര്‍ത്തുന്നതില്‍ അഗ്രഗണ്യനാണ്. വെള്ള ടാര്‍പോളിന്‍ പുതച്ചിരിക്കുന്ന മുഖമില്ലാത്ത അഭയാര്‍ത്ഥിയെയാണ് അദ്ദേഹം മാര്‍ബിളില്‍ കൊത്തിയെടുത്തിരിക്കുന്നത്. അഭയാര്‍ത്ഥി എന്ന വാക്കു തന്നെ തെറ്റാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ ഭൂമി ആരുടേയും സ്വന്തമല്ല. ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് ഓരോരുത്തരേയും ഇടം മാറാന്‍ നിര്‍ബന്ധിതമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ലോകത്തിനു മുന്നില്‍ പ്രതീകവത്കരിക്കാനാണ് താന്‍ റെഫ്യൂജ് സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ബിളില്‍ കൊത്തിയെടുത്ത അലക്‌സ് സീറ്റണിന്റെ ശില്‍പം അതിശയിപ്പിക്കുന്നെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഇത്രയും ലോലമായ സൃഷ്ടി ഇവിടെയെത്തിക്കാന്‍ അദ്ദേഹം കാട്ടിയ മനസിന് നന്ദി പറയുന്നതായും ബോസ് പറഞ്ഞു. 2015 ലാണ് അലക്‌സ് സീറ്റണ്‍ ഈ ശില്‍പം നിര്‍മ്മിച്ചത്. അതിനുശേഷം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ഇതിലൂടെ ലഭിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY