കൊച്ചി: കലയില്‍ ഏവരും സൃഷ്ടിയെക്കുറിച്ചു പറയുമെങ്കില്‍ നശീകരണത്തിന്റെ കലയാണ് ജൊനാഥന്‍ ഒവന്റേത്. പ്രാചീന കാലത്തെ അജ്ഞാത കലാകാരന്‍മാര്‍ നിര്‍മിച്ച ആകാരഭംഗി തുളുമ്പുന്ന മാര്‍ബിള്‍ ശില്‍പങ്ങളില്‍ ഈ കലാകാരന്‍ വിചിത്രഭാവനകളെ സന്നിവേശിപ്പിക്കുമ്പോള്‍ പുതിയൊരു കലാനിര്‍മിതിയുണ്ടാകുന്നു. യഥാതഥ രൂപങ്ങളുള്ള ക്ലാസിക് ശില്പങ്ങളെ അര്‍ഥസമസ്യകള്‍ നിറഞ്ഞ പുതിയ സൃഷ്ടികളാക്കുകയാണ് ജൊനാഥനിലെ പരീക്ഷണശാലിയായ കലാകാരന്‍.
കൊച്ചി മുസിരിസ് ബിനാലെ 2016ല്‍, പെപ്പര്‍ ഹൗസില്‍ പ്രദര്‍ശനത്തിനുള്ള സ്‌കോട്ടിഷ് കലാകാരന്‍ ജൊനാഥന്‍ ഒവന്റെ അണ്‍ടൈറ്റില്‍ഡ് പരമ്പരയിലെ ഒരു പെണ്‍ശില്‍പ്പത്തിന്റെ മുഖം നശിപ്പിക്കപ്പെട്ടിരിക്കുന്നു. മുഖത്തിന്റെ സ്ഥാനത്ത് ഒരു ഗോളവും ചങ്ങലക്കണ്ണിയും മാത്രം. സുന്ദരിയായ പെണ്‍കുട്ടിയുടെ ശില്പം വിചിത്രമെന്നോ വിരൂപമെന്നോ പറയാവുന്ന മുഖമില്ലായ്മയാകുന്നു. പുതിയ ശില്പഭാഷയില്‍ പ്രാചീന ശില്പത്തെ മാറ്റി രചിക്കുകയാണ് ജൊനാഥന്‍. സൗന്ദര്യബോധത്തിന്റെ തടവറകളില്‍ തളച്ചിടപ്പെടുന്ന സ്ത്രീത്വസങ്കല്‍പ്പങ്ങളെ തകര്‍ക്കുകയാണു താനെന്നു ശില്‍പ്പി പറയുന്നു. ശ്രേഷ്ഠമായ വിധ്വംസകത്വമാണ് താന്‍ ശില്പങ്ങള്‍ക്കു മേല്‍ നടത്തുന്നതെന്നു വ്യക്തമാക്കുന്നു.
ശില്പങ്ങളെ നശീകരണത്തിലൂടെ പുനഃസൃഷ്ടിക്കുമ്പോള്‍ അവയുടെ കഥകളിലേക്കു മനസ്സിനെ കടത്തിവിടുകയാണു ചെയ്യുന്നത്. പുതിയ രൂപങ്ങള്‍ സൃഷ്ടിക്കുകയെന്നത് ഞരമ്പുകള്‍ തകരുന്ന അനുഭവമാണുണ്ടാക്കുന്നതെന്നും ശില്‍പി. ഈ ശില്‍പ്പങ്ങള്‍ കൊത്തിയെടുക്കാന്‍ അവയുടെ ശില്പികള്‍ നടത്തിയ അധ്വാനത്തെപ്പറ്റിയോ ചെലവഴിച്ച സമയത്തെപ്പറ്റിയോ ചിന്തിക്കുന്നില്ല. ചില സൃഷ്ടികള്‍ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രൂപങ്ങളുടെ മൂര്‍ത്തഭാവങ്ങളെ തകര്‍ക്കുമ്പോള്‍ അവയെ പുതിയൊരു പ്രഹേളികയുടെ മട്ടില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ജൊനാഥന്‍ പറയുന്നു.
ശില്പങ്ങളുടെ യഥാര്‍ഥ സ്രഷ്ടാക്കളുടെ കാഴ്ചപ്പാടുകള്‍ക്ക് സ്വന്തം വ്യാഖ്യാനം ചമയ്ക്കാനും തന്റെ കലാപ്രവര്‍ത്തന ശൈലി വ്യക്തമാക്കാനും ദ്വിമാന കൊത്തുപണികളിലൂടെ ജൊനാഥനു കഴിയുന്നു. കാലത്തിന്റെ മാനം കൂടി ശില്പങ്ങളില്‍ പകര്‍ന്ന് അവയ്ക്കു ത്രിമാന ഭാവം കൈവരുത്തുകയും ചെയ്യുന്നു. 1875ല്‍ ഫ്രാന്‍സില്‍ നിര്‍മിക്കപ്പെട്ട സൈനികന്റെ ശില്പത്തെയും ജൊനാഥന്‍ അണ്‍ടൈറ്റില്‍ഡ് പരമ്പരയില്‍ പുനരവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീശില്പത്തെപ്പോലെ ഇവിടെയും മുഖം നശിപ്പിച്ച് അധികാരചിഹ്നങ്ങളുള്ള കബന്ധമായി മാറ്റിയെടുത്തു. ശില്പം, നക്ഷത്രമുദ്രകള്‍ മാത്രമുള്ള ഒഴിഞ്ഞ, ശരീരക്കൂടായി. സൈനിക രൂപത്തെ അഴിക്കാന്‍ കഴിയാത്ത സമസ്യയാക്കുകയാണു ചെയ്തത്. മുഖം തിരിച്ചറിയാനാവില്ല. ആദ്യമുണ്ടായിരുന്നതില്‍ ചില അംശങ്ങള്‍ അവശേഷിപ്പിച്ചുവെന്നും ജൊനാഥന്‍ ചൂണ്ടിക്കാട്ടി.
മാര്‍ബിള്‍ രൂപങ്ങള്‍ നിരത്തിയ മുറിയിലെ ചുവരുകളില്‍ പകുതി മായ്ച്ചു കളഞ്ഞ ഫോട്ടോഗ്രാഫുകളും സിനിമാദൃശ്യങ്ങളും പതിപ്പിച്ചിട്ടുണ്ട്. ആദ്യരൂപങ്ങളുടെ പ്രേതങ്ങള്‍ പോലെ തോന്നിക്കുന്ന ഈ നിര്‍മിതികള്‍ വ്യത്യസ്തമായ വ്യാഖ്യാന സാധ്യതകള്‍ക്ക് വഴിതുറക്കുന്നു. ശില്പങ്ങളില്‍നിന്നു വ്യത്യസ്തമായി ഇവയില്‍ പുതുതായി ഒന്നും കൂട്ടിച്ചേര്‍ക്കാറില്ല. ഏതു ഭാഗമാണ് മായ്‌ക്കേണ്ടതെന്നതാണ് ഏറ്റവും നിര്‍ണായകം. ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറുകള്‍ സഹായകമായിരിക്കാം. പക്ഷേ അപൂര്‍ണമായ കൈകടത്തല്‍ ബാക്കി കിടക്കേണ്ടതുണ്ടെന്നും ജൊനാഥന്‍ ചൂണ്ടിക്കാട്ടുന്നു.