കൊച്ചി: ജാഫ്‌നയില്‍നിന്ന് 400 കിലോമീറ്റര്‍ യാത്ര ചെയ്ത് സുരക്ഷിതമായി കൊളംബോയിലെത്തിയ വിവരം വീട്ടുകാരെ അറിയിക്കണമെങ്കില്‍ സ്വന്തം ചരമവാര്‍ത്ത റേഡിയോയില്‍ നല്‍കേണ്ടി വരുന്ന കാലമുണ്ടായിരുന്നു ശ്രീലങ്കയില്‍. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധകാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവര്‍ നാലു ദിവസത്തെ യാത്രയ്ക്കുശേഷം സൈന്യത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടോ എന്നറിയാന്‍ അവരുടെ തന്നെ ചരമവാര്‍ത്തയ്ക്കായി റേഡിയോയ്ക്ക് മുന്നില്‍ കാത്തുനിന്ന തമിഴ് വംശജര്‍ ജാഫ്‌നയില്‍ ഏറെയായിരുന്നു.
മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെയും അതിനു ശേഷം നടന്ന വംശഹത്യയുടെയും കഥകള്‍ പ്രതിപാദിക്കുന്നതാണ് ടി.ശനാതനന്‍ കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സൃഷ്ടി. മട്ടാഞ്ചേരി ആനന്ദ് വെയര്‍ഹൗസിലെ ഈ പ്രദര്‍ശനം യുദ്ധത്തില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന കെടുതികളിലേക്കുളള ഗഹനമായ ഇടപെടലുകളാണ്. ക്യാബിനറ്റ് ഓഫ് റസിസ്റ്റന്‍സ് നമ്പര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ഈ സൃഷ്ടി ഒരു വായനശാലയിലെ അറകളുള്ള മേശയാണ്. ഓരോ അറയിലും ഓരോ കഥയുടെ സ്‌കെച്ചും മറ്റു വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു.
കൊളോണിയല്‍ കാലഘട്ടത്തില്‍നിന്ന് കൈമാറി വന്നതാണ് ശ്രീലങ്കയില്‍ ഇന്ന് നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളുമെന്ന് കാണിക്കാനാണ് അദ്ദേഹം ഇത്തരം മേശ തന്നെ തെരഞ്ഞെടുത്തത്. കൊളോണിയല്‍ കാലത്തിന്റെ പ്രതീകമാണ് ഈ മേശ. അതിനുള്ളിലെ അറകളില്‍ അടങ്ങിയിരിക്കുന്നത് വംശീയ വിദ്വേഷത്തിന്റെയും സൈനിക നടപടികളുടെയും കഥകള്‍. സങ്കീര്‍ണമായ ഈ പ്രശ്‌നങ്ങളെ കേവലം ഒരു മേശയിലൂടെ ശനാതനന്‍ അവതരിപ്പിച്ചിരിക്കുന്നു.
ജാഫ്‌ന സ്വദേശിയായ ശനാതനന്‍ നിരവധി ദുരന്തങ്ങളുടെ ദൃക്‌സാക്ഷി കൂടിയാണ്. രാഷ്ട്രീയമായി എന്തു ന്യായം കണ്ടെത്തിയാലും യുദ്ധത്തിന്റെ രക്തസാക്ഷികള്‍ വെറും സാധാരണക്കാരനാണെന്ന് അദ്ദേഹം തന്റെ സൃഷ്ടിയിലൂടെ സമര്‍ത്ഥിക്കുന്നു. കേവലം ശാരീരികമായ ദുരന്തങ്ങള്‍ മാത്രമല്ല അദ്ദേഹം വരച്ചു കാട്ടുന്നത്. മറിച്ച് ദൈനംദിന ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന എല്ലാ പ്രയാസങ്ങളും ഒരു ശരാശരി മനുഷ്യന്റെ മനസില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ആളുകളുടെ ജീവിതമാണ് മേശയുടെ ഓരോ അറയിലും അദ്ദേഹം നിറച്ചിരിക്കുന്നത്. ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട നിരവധി ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളും അദ്ദേഹം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ജിവിതമാകാം, അല്ലെങ്കില്‍ കൂലിപ്പണിക്കാരന്റെ ഒരു ദിവസമാകാം. അങ്ങിനെ പോകുന്നു ആ സൃഷ്ടികള്‍.
ആഭ്യന്തര യുദ്ധത്തില്‍നിന്ന് ചിതറിത്തെറിച്ച കഷണങ്ങള്‍ പെറുക്കിക്കൂട്ടിയതാണ് തന്റെ സൃഷ്ടിയെന്ന് ശനാതനന്‍ പറഞ്ഞു. യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ബാക്കിപത്രമാണ് സ്വാതന്ത്ര്യത്തിനുശേഷം ശ്രീലങ്ക അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്ടില്‍ നിന്നും ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ദാമോദരംപിള്ള ശനാതനന്‍ എന്ന തമിഴ് വംശജന്‍ യുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്തുപോലും കൊളംബോയില്‍ കലാപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സമകാലീന കലാരൂപത്തില്‍ ബ്രിട്ടനില്‍ എത്തിക്കുന്ന സമൂഹത്തില്‍ അംഗമാണ് അദ്ദേഹം. വിയന്നയിലെ മ്യൂസിയം ഓഫ് എത്തനോളജിയിലുള്‍പ്പെടെ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.