ബിനാലെയിലെ വീക്ഷണ വൈവിധ്യത്തെ പുകഴ്ത്തി നാടകപ്രവര്‍ത്തകര്‍

224

കൊച്ചി : വ്യത്യസ്ത രൂപങ്ങള്‍ക്കും ശൈലികള്‍ക്കും തനതായ ഇടങ്ങളും സ്വഭാവങ്ങളുമാണെന്ന സാമ്പ്രദായിക ചിന്താരീതിയില്‍ പുനര്‍വിചിന്തനം വേണമെന്നതാണ് മൂന്നാമത് കൊച്ചി മുസിരിസ് ബിനാലെയുടെ വിജ്ഞാനാന്തര സ്വഭാവമെന്ന് പ്രമുഖ നാടകപ്രവര്‍ത്തക അനുരാധ കപൂര്‍ പറയുന്നു. ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ മുന്‍ ഡയറക്ടര്‍ കൂടിയായ അനുരാധ 2012 മുതല്‍ ബിനാലെയിലെ സന്ദര്‍ശകയാണ്.

2016 ബിനാലെ വിശാലമായ വീക്ഷണത്തിന്റെയും സംവാദത്തിന്റെയും വേദിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബിനാലെയും അത് സൃഷ്ടിക്കുന്ന സംഭാഷണങ്ങളും പുതിയ തരത്തിലുള്ള പ്രേക്ഷകനെ സൃഷ്ടിക്കുന്നതായി അനുരാധ പറയുന്നു. നാടകത്തില്‍, ആഖ്യാനത്തെപ്പറ്റി നിശ്ചിത അതിരുകള്‍ക്കുള്ളിലെ പ്രതീക്ഷകളുമായാണ് ജനങ്ങളെത്തുന്നത്. ഇവിടെ മൗലികമായ മാറ്റമാണ് അനുഭവപ്പെടുന്നത്. ദൃശ്യകലയ്ക്ക് ഒരു വേദിയായി പ്രതീക്ഷിക്കപ്പെടുന്ന ഇടത്തില്‍, നൃത്തം, സംഗീതം, നാടകം എന്നിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത് സവിശേഷമാണ്. അത് വേദികളേയും അതിലൂടെ അനുഭവങ്ങളെയും മാറ്റിമറിക്കുന്നതായും അവര്‍ പറഞ്ഞു.

വിവിധ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇടങ്ങളുടെ പരസ്പര സാമീപ്യം സംഭാഷണത്തിന് അവസരമൊരുക്കുന്നതായി അനുരാധ വിലയിരുത്തുന്നു. ബിനാലെയില്‍ പങ്കെടുക്കുന്ന അനാമിക ഹക്‌സറിന്റെ കംപൊസിഷന്‍ ഓഫ് വാട്ടര്‍ എന്ന നാടകാവിഷ്‌കാരം ആസ്പിന്‍വാള്‍ ഹൗസിലെ പി. കെ. സദാനന്ദന്റെ ചുമര്‍ചിത്രത്തിന് സമീപത്തായി ഒരുക്കിയിരിക്കുന്നതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി അവര്‍ ഈ വിലയിരുത്തലില്‍ വ്യക്തത വരുത്തുന്നു. നിരന്തര സംഭാഷണം നടക്കുന്ന ഇത്തരം ഇടങ്ങള്‍ ഒരുതരം പരപരാഗണം സൃഷ്ടിക്കുന്നതായി അനുരാധ പറയുന്നു. ആ വേദിയില്‍ അഭിനേതാക്കളായോ കാണികളായോ എത്തുന്നവരെ ഇത് ബാധിക്കുന്നുണ്ട്. സൃഷ്ടികളുടെ വളര്‍ച്ചയ്ക്കിടെ പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. കലാകാരന്‍ കാണിയായും അഭിനേതാവ് പൂര്‍ണമായും മറ്റെന്തോ ആയും പരിണമിക്കുന്നു. അതേസമയം പ്രേക്ഷകന്‍, കണ്‍മുന്‍പില്‍ ഒന്നും, പിറകില്‍ മറ്റൊന്നും ഒരേസമയം രൂപപ്പെട്ടുവരുന്ന പരീക്ഷണാത്മകമായ ഒരിടത്താണ് നില്‍ക്കുന്നത്. ഈ അനന്യമായ സന്ദര്‍ശനാനുഭവത്തെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുടെ ദാര്‍ശനികതയോടാണ് അനുരാധ ചേര്‍ത്തുവയ്ക്കുന്നത്.

ശൈലികളും കലാരൂപങ്ങളും തമ്മില്‍ വിവിധ ബന്ധങ്ങള്‍ ഉടലെടുക്കാന്‍ സുദര്‍ശന്‍ ഷെട്ടിയുടെ സൂക്ഷ്മ സ്ഥലബന്ധിതമായ ക്യുറേറ്റര്‍ശൈലി കാരണമായതായി ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകയായ മധുശ്രീ ദത്ത പറയുന്നു. ബിനാലെയ്ക്കപ്പുറം ദേശീയതലത്തില്‍തന്നെ, നൃത്തവും നാടകവും പോലെയുള്ള കലാരൂപങ്ങള്‍ മറ്റ് കലാസൃഷ്ടികളുമായി ചേര്‍ന്നുനില്‍ക്കില്ലെന്നും വൈരുദ്ധ്യങ്ങളുണ്ടാകുമെന്നും സംവാദങ്ങള്‍ നടക്കുന്നുണ്ട്. ആളുകള്‍ ഇതിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും, ഇത്തരം ചര്‍ച്ചകള്‍ക്ക് സുദര്‍ശന്‍ തുടക്കമിട്ടത് മികച്ച നീക്കമാണ്. ആത്യന്തികമായി, അതാണ് ബിനാലെയുടെ കടമ. രൂപങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും ചേര്‍ച്ചയുണ്ടോ അല്ലെങ്കില്‍ അവ വൈരുദ്ധ്യമുള്ളതാണോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ക്ക് ബിനാലെ തുടക്കമിടണം. കലാകാരന്റെ നേതൃഗുണമെന്ന ബിനാലെ സ്വഭാവവും ക്യുറേറ്ററുടെ ആവേശവുമൊക്കെയാണ് അതിന്റെ ശക്തി. മൂന്ന് പതിപ്പുകളിലായി അത് തുടര്‍ന്നുകൊണ്ടുപോകാനാവുന്നത് അത്ഭുതകരമാണെന്നും മധുശ്രീ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച്ച ബിനാലെ സന്ദര്‍ശിച്ച പ്രശസ്ത നാടകസംവിധായകനും നാടക രചയിതാവുമായ റോയ്‌സ്റ്റന്‍ ഏബലും ബിനാലെയുടെ സ്വപ്നതുല്യമായ വീക്ഷണത്തേയും വലിപ്പത്തേയും പ്രശംസിച്ചു.

NO COMMENTS

LEAVE A REPLY