കൊച്ചി: ഒരു കലാകാരന്‍ തന്നെ ക്യൂറേറ്ററാകുന്നതിന്റെ എല്ലാ മെച്ചവും കൊച്ചി-മുസിരിസ് ബിനാലെയ്ക്കുണ്ടെന്ന് പ്രശസ്ത ആര്‍ട്ടിസ്റ്റ് ദയനിത സിംഗ് അഭിപ്രായപ്പെട്ടു. ബിനാലെ മൂന്നാം ലക്കം കാവ്യാത്മകവും ആസ്വാദകനെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതുമാണെന്ന് രണ്ടാം ലക്കത്തിലും സാന്നിധ്യമറിയിച്ചിരുന്ന അവര്‍ അഭിപ്രായപ്പെട്ടു. ക്യുറേറ്ററെ സംബന്ധിച്ചിടത്തോളം ലോകത്തെ പല ബിനാലെകളില്‍നിന്ന് വ്യത്യസ്തമാണ് കൊച്ചി. കലാസ്വാദകര്‍ ക്യൂറേറ്റര്‍മാരാകുന്ന സാഹചര്യമുണ്ടെങ്കിലും മുന്‍ ബിനാലെയില്‍ പങ്കെടുത്ത കലാകാരന്‍ തന്നെ ക്യൂറേറ്ററായതിന്റെ മെച്ചം ഇവിടുത്തെ പ്രദര്‍ശനങ്ങള്‍ക്കുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആസ്വാദകരില്‍ വളരെ സാവധാനത്തില്‍ പതിയുന്നതാണ് ബിനാലെ മൂന്നാം ലക്കത്തിലെ പ്രദര്‍ശനങ്ങളെന്ന് അവര്‍ പറഞ്ഞു. പല സൃഷ്ടികളും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ ഗഹനമായ ചിന്ത ആവശ്യമാണ്. പ്രമേയത്തിന്റെ ആഴം മനസിലാക്കിക്കഴിഞ്ഞാല്‍ അത് ഏറെക്കാലം മനസില്‍ നിറഞ്ഞു നില്‍ക്കുന്നതാണെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയവും സാമൂഹ്യവും ആയ ഒട്ടേറെ സൂക്ഷ്മമായ പ്രമേയങ്ങള്‍ കാവ്യാത്മകമായി ബിനാലെ മൂന്നാം ലക്കം കൈകാര്യം ചെയ്യുന്നുണ്ട്. അത് പ്രദര്‍ശനങ്ങളുടെ തെരഞ്ഞെടുപ്പിന്റെ സൗന്ദര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സുദര്‍ശന്‍ ഷെട്ടി തന്റെ ക്യൂറേറ്റര്‍ പ്രമേയത്തിനോട് നൂറുശതമാനവും നീതി പുലര്‍ത്തിയെന്ന് ബിനാലെ മൂന്നാം ലക്കത്തിലെ കാഴ്ചകള്‍ സാക്ഷ്യപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു. മുതിര്‍ന്ന ആര്‍ട്ടിസ്റ്റായ കിരണ്‍ സുബ്ബയ്യയും ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തിയിരുന്നു.