കൊച്ചി : ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലയുടെ ആഘോഷത്തിന് ഉത്സവസമാനമായ അന്തരീക്ഷത്തില്‍ തുടക്കം. കൊച്ചി മുസിരിസ് ബിനാലെയുടെ (കെഎംബി) മൂന്നാം പതിപ്പിന്റെ ആദ്യദിനം അവധിദിവസം പ്രയോജനപ്പെടുത്തി എത്തിയ സന്ദര്‍ശകരുടെ ബാഹുല്യത്താല്‍ ശ്രദ്ധേയമായി. സ്‌കൂളവധിയും ആദ്യദിവസത്തെ സൗജന്യ പ്രവേശനവും കണക്കാക്കി ബിനാലെയുടെ 12 വേദികളില്‍ പത്തെണ്ണമുള്ള ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍ കുടുംബമായാണ് സന്ദര്‍ശകര്‍ എത്തിയത്. പങ്കെടുക്കുന്ന 97 ആര്‍ട്ടിസ്റ്റുകളുടെയും വേദികള്‍ രേഖപ്പെടുത്തിയ റൂട്ട് മാപ്പുമായി നടന്നും വാഹനങ്ങളിലുമായാണ് അവര്‍ ബിനാലെ ആസ്വദിച്ചത്.
ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കെഎംബി 2016ന്റെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ബിനാലെയുടെ പതാകയുയര്‍ത്തി. പാതക ഉയര്‍ത്തല്‍ ചടങ്ങില്‍ മുന്‍ ക്യുറേറ്റര്‍ ജിതേഷ് കല്ലാട്ട് ബിനാലെയുടെ കടിഞ്ഞാണ്‍ സുദര്‍ശന്‍ ഷെട്ടിക്ക് പ്രതീകാത്മകമായി കൈമാറി. തുടര്‍ന്ന് നിറഞ്ഞ സദസിനെ സാക്ഷിയാക്കി കൊച്ചി മുസിരിസ് ബിനാലെ 2016ന് ആഘോഷപൂര്‍വ്വം കൊടിയേറി.
മുന്‍ സാംസ്‌കാരിക മന്ത്രിമാരായ എം.എ ബേബി, കെ.സി ജോസഫ്, മുന്‍ എം.എല്‍എ. ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി. കെഎംബി സഹസ്ഥാപകരായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവര്‍ പൊതുജനത്തെ അവരുടെ ബിനാലെയിലേക്ക് സ്വാഗതം ചെയ്യുകയും ബിനാലെയുടെ രക്ഷാധികാരികള്‍ക്കും ട്രസ്റ്റികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ബിനാലെയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദിപറയുകയും ചെയ്തു. ലുലു ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി ആദ്യദിനം ബിനാലെ സന്ദര്‍ശിച്ചു.
ബിനാലെയില്‍ നിരവധി ചിന്തോദ്ദീപകമായ കലാസൃഷ്ടികള്‍ കാണാന്‍ കഴിഞ്ഞതായും വളരെ മികച്ചതും സ്വാഗതപൂര്‍ണവുമായ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്നും തിരുവനന്തപുരത്ത് നിന്ന് യാത്രചെയ്ത് ബിനാലെ സന്ദര്‍ശിക്കാനെത്തിയ അനുഷ്യ ശ്രീധര്‍ പറഞ്ഞു. പി.കെ. സദാനന്ദന്റെ ചുവര്‍ചിത്രമാണ് ഏറെ ഇഷ്ടപ്പെട്ടതെത്തും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതേ അനുഭവമാണ് അവരവരുടെ പ്രിയപ്പെട്ട കലാകാരന്‍മാരെ കണ്ടെത്തിയതിനെപ്പറ്റി മിക്ക സന്ദര്‍ശകര്‍ക്കും പറയാനുണ്ടായിരുന്നത്. ആഘോഷകരമായ ഒരു സന്ദര്‍ശനമെന്നതിലുപരിയായി പഠിക്കാനുള്ള ഒരു അവസരമായും, ഒപ്പം ആദ്യമായി ബിനാലെ കാണുന്നവര്‍ക്ക് മേളയുടെ വലിപ്പവും വ്യാപ്തിയും മനസിലാക്കാനുള്ള വേളയായും സന്ദര്‍ശനം മാറി.
ബിനാലെയെപ്പറ്റി കേട്ടിരുന്നെങ്കിലും ഇത്ര അത്ഭുതകരമായ ഒന്ന് കേരളത്തില്‍ ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്ന് മഹാരാജാസ് കോളജില്‍നിന്ന് വലിയൊരു വിദ്യാര്‍ഥിസംഘത്തോടൊപ്പമെത്തിയ സെബാസ്റ്റ്യന്‍ മാത്യൂ പറഞ്ഞു. കൗതുകകരമായ നിരവധി വീക്ഷണങ്ങളും ആശയങ്ങളും പ്രദര്‍ശനത്തിനെത്തിയ ബിനാലെയില്‍ കലാകാരന്‍മാരെ നേരിട്ടു കാണുന്നതിനും സംസാരിക്കുന്നതിനും അവസരമുണ്ടായതില്‍ സന്തോഷമുണ്ടെന്നും സെബാസ്റ്റിയന്‍ കൂട്ടിച്ചേര്‍ത്തു. നിരവധി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ലക്ഷ്മി പിള്ള സ്ലൊവേനിയന്‍ കലാകാരന്‍ അലെസ് സ്‌റ്റെഗറിന്റെ ദി പിരമിഡ് ഓഫ് എക്‌സൈല്‍ഡ് പോയെറ്റ്‌സ് എന്ന സൃഷ്ടിയുടെ പിരമിഡ് കല്ലറയ്ക്ക് സമാനമായ അന്തരീക്ഷം ഏറെ ആലോചനപ്രദമായ അനുഭവമായിരുന്നതായി പറഞ്ഞു.
ആദ്യദിനം സമാപിച്ചപ്പോള്‍ ആസ്പിന്‍വാളില്‍നിന്ന് ശ്രദ്ധ ഉദ്ഘാടനവേദിയായ പരേഡ് ഗ്രൗണ്ടിലേക്ക് നീങ്ങി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലെ 150 അംഗ സംഘത്തിന്റെ ചെണ്ടമേളവും ഗായകന്‍ സുമന്‍ ശ്രീധര്‍, ബ്ലാക് മാംബ സംഗീത ബാന്‍ഡ് എന്നിവരുടെ സംഗീതപരിപാടിയും പരേഡ് ഗ്രൗണ്ടില്‍ നടന്നു.