കലാമിന് ആദരവുമായി ബിനാലെ രാജ്യത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തപാല്‍ കാര്‍ഡിലെഴുതാം

235

കൊച്ചി: രാജ്യത്തെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന് ആദരം അര്‍പ്പിക്കാന്‍ കൊച്ചി-മുസിരിസ് ബിനാലെയിലെ പോസ്റ്റ് ഓഫീസില്‍ അരങ്ങൊരുങ്ങി. തപാല്‍ കാര്‍ഡില്‍ സ്വന്തം സ്വപ്‌നങ്ങളെക്കുറിച്ച് എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്ത് പോസ്റ്റ് ചെയ്യുന്നതാണ് പരിപാടി. ഇന്ത്യ പോസ്റ്റ്, ലെറ്റര്‍ഫാംസ് എന്നിവരുടെ സഹകരണത്തോടെ ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസിലാണ് പരിപാടി. ആര്‍ക്കും പോസ്‌റ്റോഫീസില്‍ വന്ന് തപാല്‍ കാര്‍ഡില്‍ തങ്ങളുടെ സ്വപ്‌നത്തെപ്പറ്റി എഴുതി തപാല്‍ പെട്ടിയിലിടാവുന്നതാണ്. ബിനാലെ സമാപിക്കുന്ന മാര്‍ച്ച് 29 വരെ ഈ സൗകര്യം ഉണ്ടായിരിക്കും.

പരിപാടിയുടെ ഉദ്ഘാടനം കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി നിര്‍വഹിച്ചു. ലോകത്തിലെ ഏറ്റവും സുതാര്യവും സത്യസന്ധവുമായ ആശയവിനിമയ ഉപാധിയാണ് തപാല്‍കാര്‍ഡെന്ന് ബോസ് ചൂണ്ടിക്കാട്ടി. ഡോ എ പി ജെ അബ്ദുള്‍കലാമിന്റെ ബഹുമാനാര്‍ത്ഥം ഏര്‍പ്പെടുത്തിയ സംരംഭത്തില്‍ സഹകരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗ്ഗാത്മകത വളര്‍ത്താനും ഈ ഉദ്യമത്തിലൂടെ സാധിക്കുമെന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ എ പി ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷമാണ് ഇത്തരം പരിപാടി തുടങ്ങി വച്ചതെന്ന് ലെറ്റര്‍ഫാംസ് പ്രോഗ്രാം ഡയറക്ടര്‍ ജൂബി ജോണ്‍ പറഞ്ഞു. അന്ന് കലാമിനുള്ള ആശംസ എഴുതിയറിയിക്കാനാണ് അഭ്യര്‍ത്ഥിച്ചിരുന്നത്. മികച്ച പ്രതികരണമാണ് രാജ്യത്തെ ജനങ്ങളില്‍ നിന്ന് ലഭിച്ചതെന്ന് ജൂബിന്‍ പറഞ്ഞു. ആഴ്ചയില്‍ മൂവായിരത്തലധികം തപാല്‍ കാര്‍ഡുകള്‍ എത്തുമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കയ്യെഴുത്തു തപാല്‍ കാര്‍ഡ് പ്രചാരണമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.

അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഡ്രീം നേഷന്‍ എന്ന പേരിലെ പദ്ധതി തുടങ്ങിയത്. കൊച്ചി ബിനാലെയില്‍ നിന്നാണ് അതിന്റെ തുടക്കം. ഉദ്ഘാടനത്തിനു ശേഷം പതിനൊന്നു കലാകാരന്മാര്‍ ചേര്‍ന്ന് തപാല്‍ കാര്‍ഡില്‍ തങ്ങളുടെ സ്വപ്‌നം അടയാളപ്പെടുത്തി. ഇതിലൂടെ ലഭിച്ച കാര്‍ഡുകള്‍ ചേര്‍ത്ത് പുസ്തകമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാവുന്നതാണെന്നും ജൂബിന്‍ പറഞ്ഞു.

ബിനാലെ കൂടാതെ ഡല്‍ഹി, ലഖ്‌നൗ സാഹിത്യോത്സവങ്ങളിലും ഈ പദ്ധതി അവതരിപ്പിക്കും. ബിനാലെ പോലൊരു വേദിയുമായി സഹകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ബിനാലെ ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡിയര്‍ എ പി ജെ അബ്ദുള്‍കലാം, ലെറ്റര്‍ ഫാംസ്, പോസ്റ്റ് ബാഗ് നമ്പര്‍-1683, കൊച്ചി-682015 എന്ന വിലാസത്തിലാണ് കാര്‍ഡുകള്‍ അയക്കേണ്ടത്.

NO COMMENTS

LEAVE A REPLY