പരീക്ഷണങ്ങളിലൂടെയാണ് കലാമികവ് ഉരുത്തിരിഞ്ഞു വരുന്നത്: സുധീര്‍ കക്കര്‍

253

കൊച്ചി: സാധാരണ കാഴ്ചയില്‍നിന്ന് വ്യത്യസ്തമായ വീക്ഷണമാണ് കലാകാരനുള്ളതെന്ന് വിഖ്യാത സാംസ്‌കാരിക മനശാസ്ത്രജ്ഞനായ സുധീര്‍ കക്കര്‍. വൈരുദ്ധ്യങ്ങള്‍ ഇല്ലാതാക്കുകയാണ് കലാകാരന്‍ ചെയ്യുന്നതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേന്‍ നടത്തിയ ആര്‍ട്ട് ടോക്കിലെ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. കലാകാരന്റെ സര്‍ഗ്ഗാത്മകതയും ആവിഷ്‌കാരത്തിന്റെ സ്വഭാവവും എന്ന വിഷയത്തെ ആധാരമാക്കിയായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസയുടെ ചിരിയുടെ രഹസ്യം മുതല്‍ മിര്‍സ ഗാലിബിന്റെ ശായരി എന്ന കലാസൃഷ്ടി വരെ വ്യാപിച്ചു കിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഡാവിഞ്ചിയുടെ മൊണാലിസ അദ്ദേഹത്തിന്റെ സ്ത്രീ സങ്കല്‍പമാണ്. വശ്യവും ആര്‍ദ്രവും കാമാതുരവുമാണ് ആ സങ്കല്‍പമെന്ന് സുധീര്‍ കക്കര്‍ സമര്‍ത്ഥിച്ചു.

ന്യൂറോ സയന്‍സില്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തിനുള്ള പ്രാധാന്യവും അരിസ്റ്റോട്ടിലിന്റെ തത്വശാസ്ത്രവുമെല്ലാം ചര്‍ച്ചയില്‍ പ്രതിപാദ്യമായി. ഭക്തി സാഹിത്യവും ശാസ്ത്രവും വിയോജിക്കുമ്പോള്‍ തന്നെ അത്ഭുതവും ഉളവാക്കുന്നു. എന്നാല്‍ സമകാലീന ചിന്തകളെ ഉദ്ദീപിപ്പിക്കുന്നതാണിവയെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയവും പാശ്ചാത്യവുമായ പാരമ്പര്യങ്ങള്‍ പരസ്പര വിരുദ്ധമാണെന്ന് കരുതരുതെന്ന് സുധീര്‍ കക്കര്‍ പറഞ്ഞു. സമാനതകളും വ്യത്യാസങ്ങളും അതിലേറെയുണ്ട്. സ്വത്വത്തില്‍ നിന്നാണ് കലവരുന്നതെന്ന് പാശ്ചാത്യ പാരമ്പര്യം വിശ്വസിക്കുന്നു. എന്നാല്‍ സ്വത്വത്തിന്റെ വിപുലീകരണത്തില്‍ നിന്നാണ് കലവരുന്നതെന്ന് ഇന്ത്യന്‍ പാരമ്പര്യവും വിശ്വസിക്കുന്നു. ഇതില്‍ വൈരുദ്ധ്യമില്ലെന്ന് കക്കര്‍ പറഞ്ഞു.

സര്‍ഗാത്മകതയുടെ മനശാസ്ത്രപരവും ജൈവശാസ്ത്രപരവുമായ സമീപനങ്ങളിലെ സാമ്യവും വ്യത്യാസങ്ങളും അദ്ദേഹം വിശകലനം ചെയ്തു. അസാധാരണമായ സര്‍ഗ്ഗാത്മകത അസാധാരണമായ ഒരു മനസിന്റെ സൃഷ്ടിയാണെന്ന് അദ്ദേഹം പറയുന്നു. രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള രണ്ടാമത്തെ വഴിയായാണ് ഒരു കവി കവിതയെഴുതുന്നത്. പാശ്ചാത്യ സമ്പ്രദായത്തില്‍ കല ഒരു ചികിത്സ കൂടിയാണ്. ഇന്ത്യന്‍ സമ്പ്രദായത്തില്‍ സ്വന്തം ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടാനും അതിനെ മറച്ചു വയ്ക്കാനുമാണ് കലാകാരന്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം പറയുമ്പോള്‍ തന്നെ രണ്ട് സമ്പ്രദായങ്ങള്‍ തമ്മില്‍ പ്രത്യക്ഷമായ സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സാഹിത്യകാരന്‍ സൗള്‍ ബെല്ലോ പ്രകൃതിയില്‍ നിന്നാണ് സര്‍ഗാത്മകത തനിക്ക് കിട്ടിയതെന്ന് പരാമര്‍ശിച്ചിരിക്കുന്നു. നക്ഷത്രങ്ങളുടെ സംഗീതത്തില്‍ നിന്നാണ് തന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് മിര്‍സ ഗാലിബും പറഞ്ഞിട്ടുണ്ട്.

ആവിഷ്‌കാരത്തിന്റെ വസന്തത്തിന് വികാസപരമായ പരീക്ഷണങ്ങള്‍ അത്യന്താപേക്ഷിതമാണ്. വൈകാരികവും ശാരീരികവുമായ സന്തുലനം ആവശ്യമാണ്. താനിതിനെ ആത്മീയ അബോധതലം എന്നു വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ സുധീര്‍ കക്കര്‍ എഴുതിയ ടാഗോര്‍, ദി മേക്കിംഗ് ഓഫ് എ ജീനിയസ് എന്ന പുസ്തകത്തില്‍ അദ്ദേഹം ഈ വീക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്. ഭാരതീയ പാരമ്പര്യത്തിലെ ദര്‍ശനങ്ങളായ സത്യം ശിവം സുന്ദരം എന്നതില്‍ നിന്നാണ് സ്വത്വത്തെ കണ്ടെത്താന്‍ ടാഗോറിന് കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു. ദി ഇന്നര്‍ വേള്‍ഡ്, ദി കളേഴ്‌സ് ഓഫ് വയലന്‍സ്, കള്‍ച്ചര്‍ ആന്‍ഡ് സൈകി എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY