കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ആദ്യവാരത്തില്‍ ഏറെ ആസ്വാദകപ്രശംസ നേടിയ അവതരണങ്ങളില്‍ രണ്ടെണ്ണം കാണികളുടെ ആവശ്യപ്രകാരം വീണ്ടുമെത്തുന്നു. വരുന്ന ആഴ്ച ഇവ ബിനാലെയില്‍ വീണ്ടും ആസ്വദിക്കാം. ബിനാലെ കലാകാരന്മാരായ അഭിഷേക് ഹസ്രയുടെയും സുലേഖ ചൗധരിയുടെയും പ്രതിഷ്ഠാപനങ്ങളാണ് പുനരവതരണത്തിനൊരുങ്ങുന്നുന്നത്.
ഹസ്രയുടെ ‘സബ്‌മെര്‍ജന്റ് ടോപോളജീസ്’, ‘സുലേഖയുടെ ഓഡിഷനിങ് ദ് പ്ലേന്റഫ്, റിഹേഴ്‌സിങ് ദ് വിറ്റ്‌നസ്: ദ് ഭവാല്‍ കോര്‍ട്ട് കേസ്’ എന്നീ പ്രതിഷ്ഠാപനങ്ങളാണ് തല്‍സമയ അവതരണം നടത്തുന്നത്. മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ രണ്ടു ഗൈഡഡ് ടൂറുകളിലൂടെ ഹസ്ര തന്റെ പ്രഭാഷണം നടന്നവതരിപ്പിച്ചു. ബിനാലെയിലെ കലാസൃഷ്ടികളെപ്പറ്റിയുള്ള പ്രകോപനപരമായ, വേറിട്ട വായനയും നിലനില്‍ക്കുന്ന ഇടവുമായി അവയ്ക്കുള്ള ബന്ധത്തിന്റെ വ്യാഖ്യാനവുമാണ് ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്‍ നടത്തിയത്.
തന്റെ സൃഷ്ടി കാഴ്ചക്കാര്‍ക്ക് ഇഷ്ടമായെന്നറിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നതായി ഹസ്ര പറഞ്ഞു. അവതരണം രണ്ടു ഭാഗങ്ങളായി നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ആദ്യ അവതരണത്തില്‍ ഉള്‍പ്പെടാത്ത സൃഷ്ടികളാണ് ഇത്തവണ പരാമര്‍ശിക്കുന്നത്. അവതരണത്തിന്റെ വിഡിയോ തയാറാക്കാനും അത് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനും താല്‍പര്യപ്പെടുന്നില്ല. ഗൈഡഡ് ടൂറുകളിലൂടെ തല്‍സമയ അവതരണം നടത്തുമ്പോഴുള്ള തീവ്രത റെക്കോര്‍ഡ് ചെയ്യുമ്പോള്‍ നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹസ്രയുടെ 30 മിനിട്ട് അവതരണം ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ടിനും വൈകിട്ട് നാലിനുമുണ്ടാകും. ഫെബ്രുവരി 10 വരെ നീളുന്ന അവതരണം എട്ടാംതീയതി ഉണ്ടാവില്ല. ആകെ 12 മണിക്കൂര്‍ അവതരണമാണു നടക്കുക.
ചുറ്റുംകൂടുന്ന കാഴ്ചക്കാരുടെ എണ്ണത്തിനും സ്വഭാവത്തിനുമനുസരിച്ച് വിവരണങ്ങള്‍ വ്യത്യസ്തമായിരിക്കും. ബിനാലെയില്‍ വന്ന മാറ്റങ്ങള്‍ക്കനുരൂപമായിട്ടായിരിക്കും അവതരണങ്ങളെന്നും ഹസ്ര വ്യക്തമാക്കി. സുലേഖ ചൗധരിയുടെ പ്രതിഷ്ഠാപനത്തിന്റെ ദൃശ്യാവതരണം ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുണ്ടാകും. ആസ്പിന്‍ വാള്‍ ഹൗസിലെ പ്രതിഷ്ഠാപന സ്ഥലത്ത് രാവിലെ 10നും വൈകിട്ട് മൂന്നിനുമായി, രണ്ടു മണിക്കൂര്‍ നീളുന്ന രണ്ട് അവതരണങ്ങളാണ് നടക്കുക. പൈതൃക സ്വത്ത് കൈക്കലാക്കാന്‍ ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍, സ്വാതന്ത്ര്യത്തിനു മുന്‍പു നടന്ന കോടതിവിചാരണയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് സുലേഖ ചൗധരിയുടെ പ്രതിഷ്ഠാപനം. തല്‍സമയ അവതരണമായും വിഡിയോ പ്രതിഷ്ഠാപനമായും ബിനാലെയിലുള്ള ഈ സൃഷ്ടി കേസില്‍നിന്നുള്ള യഥാര്‍ഥ തെളിവുകള്‍ ഹാജരാക്കിക്കൊണ്ട് കോടതി വിചാരണകളില്‍ സത്യവും കളവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തതാണെന്ന് വ്യക്തമാക്കുകയാണ്.
അവതരണങ്ങള്‍ ഈ ബിനാലെയില്‍ മാറ്റിനിര്‍ത്തപ്പെടാനാകാത്തതാണെന്നും ആദ്യ അവതരണം തനിക്കും അഭിനേതാവായ അരുണിനും മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും സുലേഖ ചൗധരി പറഞ്ഞു. ബിനാലെയില്‍ അവതരണം നടത്തുകയെന്നത് വലിയ അംഗീകാരമാണ്. പുനരവതരണങ്ങള്‍ സൃഷ്ടിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. കഴിഞ്ഞ അവതരണത്തിനു മികച്ച പ്രതികരണങ്ങളാണു ലഭിച്ചത്. അന്നു കാണാന്‍ കഴിയാത്തവര്‍ വീണ്ടും അവതരണം നടക്കുമ്പോള്‍ വരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചിരുന്നുവെന്നും സുലേഖ പറഞ്ഞു. അര മണിക്കൂര്‍ വീതം നീളുന്ന നാല് അവതരണങ്ങളാണ് രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഡിയോയും ശബ്ദരേഖയും ചേര്‍ന്ന രൂപം ആസ്പിന്‍വാളിലെ പ്രതിഷ്ഠാപന സ്ഥലത്ത് സ്ഥിരമായുണ്ടാവും.