കൊച്ചി : കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയിലെ കബ്രാല്‍ യാഡില്‍ പ്രദര്‍ശിപ്പിച്ച ‘പാര്‍ച്ച്ഡ്’ എന്ന ചിത്രത്തിന് ലഭിച്ചത് പ്രേക്ഷകരുടെ നിറഞ്ഞ കൈയടിയും ആദരവും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ആര്‍ട്ടിസ്റ്റ്‌സ് സിനിമ’ പരിപാടിയുടെ ഭാഗമായാണ് ലീനാ യാദവ് സംവിധാനം ചെയ്ത ഈ ഹിന്ദി ചലച്ചിത്രം പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് ലീനാ യാദവുമായി സംവാദവുമുണ്ടായിരുന്നു.
അഭിനേത്രി തനിഷ്ഠാ ചാറ്റര്‍ജിയുമായി നടന്ന സംഭാഷണത്തിലൂടെയാണ് പാര്‍ച്ച്ഡ് പിറവിയെടുത്തതെന്ന് ലീന പറയുന്നു. ഗുജറാത്തിലെ കച്ചില്‍ ഗ്രാമങ്ങളിലെ സ്ത്രീകളുമായുള്ള അനുഭവങ്ങളേയും സംഭാഷണങ്ങളേയും കുറിച്ച് തനിഷ്ഠ സംസാരിച്ചു. ഗ്രാമങ്ങളിലെ ലൈംഗികതയെപ്പറ്റി ചിത്രമെടുക്കാമെന്ന് താന്‍ പറയുകയായിരുന്നു. എന്നാല്‍ ചിത്രത്തിന് രൂപം ഉണ്ടായിവരുന്ന ഘട്ടത്തില്‍ അതിന് കൂടുതല്‍ ഗൗരവമേറിയ തലങ്ങള്‍ വികസിക്കുകയായിരുന്നു. പിന്നീട് നിരവധി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ധാരാളം സ്ത്രീകളുമായി സംസാരിച്ചു. ഇത്തരം സംഭാഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പാര്‍ച്ച്ഡ് രൂപപ്പെട്ടുവരികയായിരുന്നു എന്നും ലീന പറയുന്നു.
പ്രമുഖ എഡിറ്റര്‍ ബീനാ പോള്‍ ക്യുറേറ്റ് ചെയ്ത ‘ഇന്ത്യന്‍ സിനിമ : ഏ ഫീമെയ്ല്‍ നറേറ്റീവ്’ എന്നു പേരിട്ട ചതുര്‍ദിന പാക്കേജിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തിരക്കഥാരചനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിവിധ ഘട്ടങ്ങളിലായാണ് ഇത് ഉരുത്തിരിഞ്ഞത് എന്നു ലീന വ്യക്തമാക്കി. ഗ്രാമങ്ങളിലെ സ്ത്രീകളുടെ ധൈര്യം അത്ഭുതപ്പെടുത്തി. ഇതാണ് തിരക്കഥ വികസിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അഭിനേതാക്കളെ ഉള്‍പ്പെടുത്തി ചിത്രത്തിലുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ഓര്‍മകള്‍ വളര്‍ത്തിയെടുക്കാന്‍ ആവശ്യപ്പെടുന്ന രീതിയാണ് പിന്തുടര്‍ന്നുവന്നത്. ഷൂട്ടിംഗ് ആരംഭിക്കാനുള്ള സമയമായപ്പോള്‍ ചിലര്‍ വിലക്കി. ഞങ്ങളെ കണ്ടാല്‍ അവിടങ്ങളിലെ സ്ത്രീകള്‍ വഴിതെറ്റും എന്നുപറഞ്ഞായിരുന്നു ഈ വിലക്കിന് ശ്രമിച്ചതെന്ന് ലീന പറയുന്നു.
ഇത്തരം സന്ദര്‍ഭങ്ങള്‍ കഥയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ മാറ്റിയെഴുതാന്‍ പ്രേരിപ്പിച്ചതായി ലീന ഓര്‍ക്കുന്നു. വിലക്കുകള്‍ കല്‍പ്പിക്കുന്ന പുരുഷന്മാര്‍ പഴയ തലമുറയിലേതായിരുന്നില്ല, വിദ്യാഭ്യാസമുള്ള യുവാക്കളായിരുന്നു. വിദ്യാഭ്യാസം ഇത്തരം പ്രശ്‌നങ്ങളെ അവസാനിപ്പിക്കും എന്നാണ് പൊതുബോധം. എന്നാല്‍ അത് ആഴത്തില്‍ ആണ്ടിറങ്ങിയ ചിന്താഗതികളെ മാറ്റുന്നില്ലെന്നും ലീന കൂട്ടിച്ചേര്‍ത്തു.
മൂന്ന് സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും കഥയാണ് പാര്‍ച്ച്ഡ് പറയുന്നത്. പുരുഷന്‍മാരുടെ നിരീക്ഷണത്തിലും, തങ്ങളുടെ ജീവിതത്തെയും ഭാവിയേയും നിര്‍ണയിക്കുന്ന മുതിര്‍ന്നവരുടെ പുരുഷാധിപത്യ വ്യവസ്ഥിതിയിലും കഴിയുന്ന സ്ത്രീകള്‍ നിയമങ്ങള്‍ അനുസരിക്കാനും പരമ്പരാഗത രീതികളും സാധാരണത്വവും പിന്തുടരുവാനും വിധിക്കപ്പെട്ടവരാണ്. ഇന്ത്യയിലെ ചെറുഗ്രാമങ്ങളില്‍ ജനിച്ചുവളരുന്ന അവര്‍ അവിടെത്തന്നെ ജീവിക്കുകയും, മിക്കവാറും അവിടെത്തന്നെ മരിക്കുകയും ചെയ്യുന്നു. ഓരോരുത്തരും അവരുടെ കഥയുടെ ഭാരം ചുമക്കുന്നു. വിധവ, കുട്ടികളുണ്ടാവാത്ത വധു, ലൈംഗികതൊഴിലാളി, ഇഷ്ടമല്ലാത്തയാളെ വിവാഹം കഴിക്കാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടി തുടങ്ങിയവരെല്ലാം ക്ലാസിക്കല്‍ സാഹിത്യത്തില്‍നിന്നുള്ള കഥാപാത്രങ്ങളാണ്.
ഇന്ത്യന്‍ സിനിമയിലെ സമകാലീന സ്ത്രീപക്ഷ ആഖ്യാനങ്ങളുടെ കാഴ്ചകളാണ് ഫിലിം പാക്കേജിനായി തെരഞ്ഞെടുത്ത 3 ചിത്രങ്ങളിലും 2 ഡോക്യുമെന്ററികളിലുമായി ഉള്ളതെന്ന് ബീനാ പോള്‍ പറയുന്നു. ഹോളിവുഡില്‍ നാലുശതമാനം സ്ത്രീകളേ ഉള്ളു എന്ന് അടുത്തിടെ വായിച്ചിരുന്നു. ഹോളിവുഡിനെക്കുറിച്ച് നാം കരുതുന്നതിന് വിരുദ്ധമാണിത്. പാക്കേജിനായി തെരഞ്ഞെടുന്ന സ്ത്രീ സിനിമകള്‍ ഇന്ത്യയിലെ പല അനുഭവതലങ്ങളിലും സ്പര്‍ശിച്ചവയാണെന്നും ബീനാ പോള്‍ കൂട്ടിച്ചേര്‍ത്തു.