കൊച്ചി : ആവിഷ്‌കാര സ്വാതന്ത്ര്യവും ആശയസമ്മേളനവും പ്രകടിപ്പിക്കാനുള്ള വേദിയായി ഇന്ത്യയുടെ ആദ്യ ബിനാലെയെ പ്രമുഖ മലയാളം എഴുത്തുകാര്‍ വിലയിരുത്തി. കൊച്ചി മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വ്യത്യസ്തവും ആകര്‍ഷകവുമായ കലാസൃഷ്ടികളെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അവര്‍. എഴുത്തുകാരായ പോള്‍ സക്കറിയ, ഇന്ദു മേനോന്‍, കെ.സച്ചിദാനന്ദന്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി ബിനാലെ സന്ദര്‍ശിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്.
കല പുതിയ മാനങ്ങളിലേക്ക് സംക്രമിക്കുന്ന ഇടമെന്നാണ് ബിനാലെയെക്കുറിച്ച് സക്കറിയ അഭിപ്രായപ്പെട്ടത്. ലോകത്തെമ്പാടുമുള്ള കലാകാരന്മാര്‍ക്ക് അവരുടെ നവീന ആശയങ്ങളും ധാരണകളും അവതരിപ്പിക്കുന്നതിനുള്ള പുരോഗമനപ്രസ്ഥാനമാണ് ബിനാലെ. ടോള്‍സ്‌റ്റോയിയുടേയും വിക്റ്റര്‍ യൂഗോയുടേയും ലോക ക്ലാസിക്കുകള്‍ മലയാളത്തിലേക്ക് പരിഭാഷ ചെയ്യപ്പെട്ടപ്പോള്‍ മലയാളിക്ക് സാഹിത്യവീക്ഷണത്തിലെ പുതിയ അനുഭവം ലഭിച്ചു. അതുപോലെയാണ് രാജ്യാന്തര പ്രശസ്തരായ കലാകാരന്മാരെ കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് എത്തിക്കുകവഴി കലാലോകത്തിലെ നവീന പ്രവണതകളെ ബിനാലെ നമുക്ക് പരിചയപ്പെടുത്തുന്നതെന്ന് സക്കറിയ പറഞ്ഞു.
സാഹിത്യത്തെ കലയായി അവതരിപ്പിക്കുന്നതിന് ഇത്തവണത്തെ ബിനാലെ സാക്ഷ്യം വഹിച്ചുവെന്ന് ചുവരില്‍ നോവലെഴുതിയ അര്‍ജന്റീനക്കാരനായ കലാകാരന്‍ സെര്‍ജിയെ ഷെഫെക്, ചിലിയില്‍നിന്നെത്തിയ റൗള്‍ സുരിത എന്നിവരെ പരാമര്‍ശിച്ച് സക്കറിയ പറഞ്ഞു.
യാഥാസ്ഥിക, മത ശക്തികള്‍ കലാകാരനുമേല്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പ്രസക്തമായ ഒരിടം നല്‍കുകയാണ് ബിനാലെയെന്ന് എഴുത്തുകാരി ഇന്ദു മേനോന്‍ പറഞ്ഞു. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ കലാകാരന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകവഴി കലയ്ക്ക് ശക്തമായ തിരിച്ചുവരവ് ഒരുക്കിയിരിക്കുകയാണ് ബിനാലെ. മരണത്തിന്റെയും ആനന്ദത്തിന്റെയും പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന സൃഷ്ടികളും, ശബ്ദത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇന്‍സ്റ്റലേഷനുകളുമാണ് തനിക്ക് ഇഷ്ടമായതെന്നും ഇന്ദു കൂട്ടിച്ചേര്‍ത്തു.
ബിനാലെയുടെ വരവോടെ കേവലം ദൃശ്യാനുഭവം എന്നതിലുപരിയായി പഞ്ചേന്ദ്രിയങ്ങളേയും ആകര്‍ഷിക്കുന്ന ഒന്നായി കല മാറിയതായി സച്ചിദാനന്ദന്‍ പറഞ്ഞു. കല കൂടുതലായി ആശയതലത്തിലേക്ക് മാറിയിരിക്കുന്നു. ശാസ്ത്രവും സാങ്കേതികതയും അടക്കമുള്ള വ്യത്യസ്ത മേഖലകളെക്കൂടി കലയില്‍ ഉള്‍ക്കൊള്ളിക്കുന്നതിലൂടെ ജീവിതത്തേയും കലയേയും തന്നെ കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബിനാലെയുടെ കഴിഞ്ഞ രണ്ടു പതിപ്പുകളില്‍ സന്ദര്‍ശകനായിരുന്ന കവി, വ്യത്യസ്താനുഭവത്തിലൂടെ സാമ്പ്രദായിക ചട്ടക്കൂടിനുള്ളിലായിരുന്ന കലയെ പുറത്തെത്തിക്കാനുള്ള ബിനാലെ-16ന്റെ ക്യുറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുടെ പ്രയത്‌നത്തെ അദ്ദേഹം അഭിനന്ദിച്ചു.
ബിനാലെയിലൂടെ മറ്റൊരുതരം സൗന്ദര്യബോധം സൃഷ്ടിക്കപ്പെടുകയാണ്. അത് കേവലം ദൃശ്യാനുഭൂതി എന്നതിലുപരിയായി ശബ്ദത്തിലൂടെ, സ്പര്‍ശത്തിലൂടെ, ചിന്തയിലൂടെയെല്ലാം സംവേദിക്കപ്പെടുന്നു. കലയോട് എങ്ങനെയാണ് വിവിധതരം പ്രതികരണങ്ങള്‍ സാധ്യമാകുന്നതെന്ന് ഈ ബിനാലെയിലൂടെ കാണാം. 1950-കളിലും 60-കളിലൂം കലാകാരന്മാരും ശില്‍പ്പികളും കവികളും എഴുത്തുകാരും ആര്‍ക്കിടെക്റ്റുകളും ഒരുമിച്ചുചേര്‍ന്നിരുന്നു. എന്നാല്‍ ബിനാലെയിലൂടെ വിവിധ മാധ്യമങ്ങളിലേയും മേഖലകളിലേയും കലാകാരന്മാര്‍ക്ക് കൂടിച്ചേരാനും ഒരുമിച്ചു പ്രവര്‍ത്തിക്കാനും സാധ്യമാകുന്നുണ്ട്. സംഘര്‍ഷങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും നഷ്ടപ്പെട്ട ലോകങ്ങളെ ദൃശ്യങ്ങളിലൂടെ പുനഃസൃഷ്ടിക്കാനും അതിലൂടെ വര്‍ത്തമാനകാലത്തിന് ഭൂതകാലത്തെക്കുറിച്ച് മൂന്നറിയിപ്പുനല്‍കാനും ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് പറയാനും സാധിക്കുമെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.