കൊച്ചി: സമകാലീന കലാസ്വാദനം വരേണ്യവര്‍ഗത്തില്‍ നിന്നുമാറ്റി ജനകീയമാക്കിയതില്‍ സാങ്കേതിക വിദ്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും ടാറ്റ കണ്‍സല്‍ട്ടന്‍സി ചെയര്‍മാനുമായിരുന്ന എസ്.രാമദുരൈ പറഞ്ഞു. രാമദുരൈയെ കൂടാതെ സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ ബി.ഇക്ബാല്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മുരളി വെട്ടത്ത് തുടങ്ങിയ പ്രമുഖരും ബിനാലെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ജനപങ്കാളിത്തമാണ് കൊച്ചി ബിനാലെയുടെ മുഖമുദ്രയെന്ന് രാമദുരൈ പറഞ്ഞു. ബിനാലെ കാണാതെ കൊച്ചിയിലെ കാഴ്ചകള്‍ പൂര്‍ണമാവില്ലെന്ന സുഹൃത്തിന്റെ ഉപദേശം കേട്ടാണ് ഇവിടെയെത്തിയത്. അത് സത്യമാണെന്ന് ബിനാലെയും അതിന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസും തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ ചെലവേറിയതെന്ന് കുറ്റപ്പെടുത്തിയിരുന്ന കലാരംഗം കൂടുതല്‍ ജനകീയമായി എന്നദ്ദേഹം നിരീക്ഷിച്ചു. കുറഞ്ഞ ചെലവില്‍ ആര്‍ക്കും മികച്ച സാങ്കേതിക വിദ്യകള്‍ ലഭ്യമാണ്. ഈ സ്വാധീനം കലാരംഗത്തും ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമകാലീന കലയോട് യുവതലമുറയ്ക്ക് താത്പര്യമില്ലെന്ന വിമര്‍ശനം തെറ്റാണെന്ന് കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം തെളിയിച്ചിരിക്കുന്നുവെന്ന് ആസൂത്രണ ബോര്‍ഡ് അംഗവും പ്രശസ്ത ആരോഗ്യ വിദഗ്ധനുമായ ഡോ ബി.ഇക്ബാല്‍ പറഞ്ഞു. ആദ്യ രണ്ട് ലക്കങ്ങളില്‍നിന്ന് വ്യത്യസ്തമായി യുവാക്കളുടെ പങ്കാളിത്തം ബിനാലെയില്‍ കാണാം. ഈ കാഴ്ച ശുഭാപ്തി വിശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയാണ് ബിനാലെ പ്രദര്‍ശനങ്ങള്‍ കടന്നുപോകുന്നത്. മനുഷ്യനും പ്രകൃതി, യന്ത്രങ്ങള്‍ എന്നിവയും തമ്മിലുള്ള ബന്ധം, ജനനം, മരണം തുടങ്ങിയവ പ്രമേയമാക്കിയ പ്രദര്‍ശനങ്ങള്‍ മികച്ചു നിന്നു. ഓരോ പ്രതിഷ്ഠാപനവും കാണുമ്പോള്‍ പുതിയ ഉള്‍ക്കാഴ്ച ലഭിക്കുന്നുണ്ടെന്നും ഡോ ബി.ഇക്ബാല്‍ പറഞ്ഞു. ഒരു പകല്‍ കൊണ്ട് ബിനാലെയെ രുചിച്ചു നോക്കാന്‍ മാത്രമേ സാധിക്കൂ. കൂടുതല്‍ ഗഹനമായ സന്ദര്‍ശനത്തിനായി ഇനിയുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ലക്കത്തിലെത്തുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് മുരളി വെട്ടത്ത് അഭിപ്രായപ്പെട്ടു. കലാപ്രവര്‍ത്തകരും ആസ്വാദകരുമാണ് ആദ്യ രണ്ട് ലക്കങ്ങളില്‍ ബിനാലെ കാണനെത്തിയത്. മൂന്നാം ലക്കത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംഘമായി ഇവിടേക്കെത്തുന്നു. ബിനാലെയുടെ ജനസമ്മിതിയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.