കൊച്ചി: പ്രാദേശിക ജനതയുടെ സംസ്‌കാരത്തിലേക്ക് സമകാലീന കലയെ കൂട്ടിക്കൊണ്ടുപോയതില്‍ ബിനാലെ പ്രധാന പങ്ക് വഹിച്ചുവെന്ന് കഥാകൃത്ത് സേതുവും സംവിധായിക നിഷ്ഠ ജെയിനും അഭിപ്രായപ്പെട്ടു. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കം കാണാനെത്തിയതായിരുന്നു ഇരുവരും. സമകാലീന കലാസ്വാദനത്തില്‍ മലയാളികള്‍ പിന്നിലായിരുന്നുവെന്ന് സേതു ചൂണ്ടിക്കാട്ടി. പരമ്പരാഗത കലാസ്വാദനമായിരുന്നു എന്നും മലയാളിയുടെ അഭിരുചി. ഇത് മാറ്റിയെടുത്തത് ബിനാലെയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു ലക്കങ്ങളിലായി പ്രാദേശിക ജനതയുടെ പങ്കാളിത്തം ബിനാലെ പ്രദര്‍ശനങ്ങളില്‍ കൂടി വരുന്നത് ഇതിനു ദൃഷ്ടാന്തമാണ്. രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെല്ലാം കേരളത്തിന്റെ പൈതൃകമാണെങ്കിലും അക്കാലത്ത് അതിന് വേണ്ട രീതിയിലുള്ള പരിഗണന കേരളത്തില്‍ നിന്നുണ്ടായോ എന്ന് സംശയമാണ്.
ഇന്ന് ബിനാലെ ലോക സാംസ്‌കാരിക കലണ്ടറിന്റെ ഭാഗമായി മാറിക്കഴിഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാം ലക്കത്തില്‍ ഏറ്റവും ചിന്തിപ്പിച്ച സൃഷ്ടി സെര്‍ജിയോ ഷെഫെകിന്റെ ദി ഡിസെമിനേറ്റഡ് നോവല്‍ ആണ്. കലാകാരന്റെ ഭാഗത്തു നിന്നുള്ള ശക്തമായ പ്രസ്താവനയാണതെന്നും അദ്ദേഹം പറഞ്ഞു. പി.കെ സദാനന്ദന്റെ ചുവര്‍ ചിത്രം സമകാലീന യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ്. പറയിപെറ്റു പന്തിരുകുലമാണ് പ്രമേയമെങ്കിലും അതിലെ കഥാപാത്രങ്ങളെയെല്ലാം വര്‍ത്തമാനകാലത്തില്‍ നമുക്ക് സമൂഹത്തില്‍ കാണാന്‍ കഴിയും. കഥയെഴുതാന്‍ പേനയും പേപ്പറും വേണ്ട മറിച്ച് ആസ്പിന്‍വാള്‍ പോലൊരു പരിസരം മാത്രം മതി. ഈ പരിസരം പ്രമേയമാക്കി മാത്രം നോവലെഴുതാന്‍ സാധിക്കുമെന്നും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവു കൂടിയായ സേതു പറഞ്ഞു.
ആസ്പിന്‍വാള്‍ പരിസരത്തെക്കുറിച്ച് സേതുവിന്റെ വാക്കുകള്‍ തന്നെയാണ് ബിനാലെ സന്ദര്‍ശിച്ച ബോളിവുഡ് സംവിധായിക നിഷ്ഠ ജെയിനും പറഞ്ഞത്. സമകാലീന കലയോട് താത്പര്യമില്ലാത്തവരെ പോലും ബിനാലെ വേദികള്‍ ആകര്‍ഷിക്കുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണം തന്റെ അച്ഛനാണെന്നും അവര്‍ പറഞ്ഞു. ഗാലറികളിലും മറ്റും പോകാന്‍ തീരെ താത്പര്യമില്ലാതിരുന്ന അദ്ദേഹം രണ്ടാം ലക്കം ബിനാലെ കാണാനെത്തിയിരുന്നു. ഇക്കുറി ഫോര്‍ട്ട് കൊച്ചിയിലേക്കെത്താനുള്ള പ്രധാന കാരണവും അദ്ദേഹം തന്നെയാണെന്ന നിഷ്ഠ ചൂണ്ടിക്കാട്ടി. മാധുരി ദീക്ഷിത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗുലാബി ഗ്യാങ് സിനിമ അടക്കം നിരവധി ഡോക്യുമന്ററികളും അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
തായ്‌വാനീസ് കലാകാരനായ വൂ ടിയെന്‍-ചാങിന്റെ ഫെയര്‍ വെല്‍, സ്പ്രിംഗ് ആന്‍ഡ് ഓട്ടം എന്ന സൃഷ്ടി തന്നെ ആകര്‍ഷിച്ചു. നാവികന്റെ മടക്കയാത്രയും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയും മാസ്മരികമായ അനുഭവമാണ് സമ്മാനിച്ചത്. സുലേഖ ചൗധരിയുടെ സൃഷ്ടിയില്‍ തന്നെ ഏറെ ആകര്‍ഷിച്ചത് ഗന്ധം കൂടി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്. പുല്ലിന്റെ ഗന്ധം സൃഷ്ടിയുടെ മനോഹാരിത കൂട്ടുന്നു എന്നും നിഷ്ഠ നിരീക്ഷിച്ചു. ഒരുവട്ടം കൊണ്ട് മാത്രം കണ്ട് തീര്‍ക്കാവുന്നതല്ല ബിനാലെ. അതിനാല്‍ സമാപനത്തിനു മുമ്പ് ഒരിക്കല്‍ കൂടി ഇവിടെയെത്തുമെന്നും അവര്‍ പറഞ്ഞു.