കലയെ ഉള്‍ക്കൊള്ളണമെങ്കില്‍ അതുമായി ബന്ധം വേണം: അനീഷ് കപൂര്‍

180

കൊച്ചി: മാനവികതയിലെ ഏറ്റവും ഉന്നതമായ രൂപമാണ് കലയെന്ന് വിഖ്യാത ശില്‍പി അനീഷ് കപൂര്‍. കലയ്‌ക്കെന്തു ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യത്തിനു മുന്നില്‍ കലാകാരന്മാരുടെ ലോകം ക്ഷമാപണം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. കലാസൃഷ്ടികള്‍ നിഗൂഢവും മനസിലാകാന്‍ ബുദ്ധിമുട്ടുള്ള സങ്കീര്‍ണമായ ഭാഷയിലുള്ളതുമാണെന്ന് അനീഷ് കപൂര്‍ പറഞ്ഞു. ഈ ഭാഷ പഠിക്കാന്‍ കലയുമായി ബന്ധപ്പെടണം. കൊച്ചി ബിനാലെ കാണാനെത്തുന്നവരില്‍ പലരും ഇതു വരെ കലാപ്രദര്‍ശനങ്ങളൊന്നും കണ്ടിട്ടുണ്ടാവില്ല. സാധാരണക്കാരില്‍ കലയുടെ ഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ പതിപ്പിക്കുന്നതിലൂടെ ബിനാലെ വലിയൊരു സാമൂഹ്യ അജണ്ടയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിനാലെ രണ്ടാം ലക്കത്തിലെ ആര്‍ട്ടിസ്റ്റായിരുന്ന അദ്ദേഹം അതിനു ശേഷം ആദ്യമായാണ് കേരളത്തിലെത്തുന്നത്. മുംബൈയില്‍ ജനിച്ച ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റായ അനീഷ് കപൂര്‍ കലാലോകത്തെ സുപ്രധാന സ്വാധീന ശക്തികളില്‍ ഒരാളാണ്.

സമകാലീനമായൊരു സംസ്‌കാരം ഉണ്ടാക്കിയെടുക്കുന്നതിലും അത് സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുന്നതിലും ഇന്ത്യയക്ക് ദയനീയ ചരിത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മ്യൂസിയത്തില്‍ കാണുന്നതു പോലുള്ള ഇടമല്ല ബിനാലെയില്‍ ഉള്ളത്. കലയ്ക്ക് വ്യത്യസ്തമായ ധര്‍മ്മവും അഭിലാഷങ്ങളുമാണുള്ളത്. പ്രാദേശിക ജനതയുടെ പങ്കാളിത്തത്തെക്കുറിച്ച് അഭിലാഷങ്ങളുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിനാലെ കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. അന്വേഷണ സംസ്‌കാരത്തില്‍ നിന്നുമാണ് നിമഗ്നതയുടെ ചരിത്രം കടന്നുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവിഷ്‌കാര സ്വഭാവമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിന് ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. ബിനാലെ സൃഷ്ടിക്കുന്നത് പുതിയ തലമുറകളെയാണ്. തങ്ങളെ അത്ഭുതപ്പെടുത്തുന്ന കലാരൂപങ്ങളും അവ സൃഷ്ടിച്ച കലാകാരന്മാരെയും കണ്ടുവെന്ന് പറയുന്ന പുതുതലമുറ. അങ്ങിനെ പുതുതലമുറ കലാസ്വാദനം എന്ന വെല്ലുവിളി ഏറ്റെടക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികവും സാമൂഹികവും സൗന്ദര്യാത്മകവുമായ അപായസൂചനകള്‍ നിറഞ്ഞതാണ് കല. ഈ അപായത്തെ ആഘോഷപൂര്‍വം ഏറ്റെടുക്കാനാണ് കൊച്ചി ബിനാലെ ഫൗണ്ടേഷനും മറ്റ് സാംസ്‌കാരിക സംഘടനകളും ശ്രമിക്കേണ്ടത്. ഇതിലും വലുത് സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു.സ്റ്റുഡന്റ്‌സ് ബിനാലെയുടെ പ്രസരിപ്പ് തന്നെ ആവേശം കൊള്ളിക്കുന്നുവെന്ന് അനീഷ് കപൂര്‍ പറഞ്ഞു. സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദത്തിലാണ് രാജ്യത്തെ ലളിതകലാ വിദ്യാലയങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയുടെ വാഗ്ദാനങ്ങളായ ഈ വിദ്യാര്‍ത്ഥികളെ വിപ്ലവാത്മകമായ സൃഷ്ടികളുണ്ടാക്കാനായി സാധ്യമായ രീതിയില്‍ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം.

നേരിട്ടുള്ളതും ദൃശ്യവുമായിരുന്നു ബിനാലെ രണ്ടാം ലക്കത്തിന്റെ സ്വഭാവം. മൂന്നാം ലക്കത്തിലെത്തുമ്പോള്‍ സുദര്‍ശന്‍ ഷെട്ടിയുടെ ക്യൂറേറ്റര്‍ മികവില്‍ വൈവിദ്ധ്യത്തിന്റെ രൂപഭംഗിയായി അത് മാറിയെന്ന് അനീഷ് കപൂര്‍ പറഞ്ഞു.സുസ്ഥിരവും വൈവിദ്ധ്യവുമാര്‍ന്ന വീക്ഷണങ്ങള്‍ ഓരോ ബിനാലെ ലക്കത്തിലും ഉള്‍പ്പെടുത്തുന്നതിന്റെ ഫലമാണിത്. ആര്‍ട്ടിസ്റ്റു കൂടിയായ ക്യൂറേറ്റര്‍ എന്നതാണ് കൊച്ചി ബിനാലെ വ്യാപകമായി ജനങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന കലാസംരംഭങ്ങള്‍ ഇന്ത്യയില്‍ മറ്റെങ്ങുമില്ലെന്നത് കൊച്ചി ബിനാലെയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ജനതയും ഈ സംരംഭത്തില്‍ സഹകരിക്കാനാഗ്രഹിക്കുന്നുവെന്നത് വലിയ പ്രഭാവമാണ് ഉണ്ടാക്കുന്നത്. ബിനാലെയുടെ വിജയം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും ഉണര്‍വേകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വേദികളിലായുള്ള ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാന്‍ അനീഷ് കപൂര്‍ മൂന്നു ദിവസമെടുത്തു. അലീസ്യ ക്വാഡെയുടെ ഔട്ട് ഓഫ് ഔസ്യ, റൗള്‍ സുറീതയുടെ സീ ഓഫ് പെയിന്‍, ഇസ്ത്വാന്‍ ഷകാനിയുടെ ഗോസ്റ്റ് കീപ്പിംഗ് എന്നിവയാണ് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചത്.
കല്ലുകളും കണ്ണാടികളും കൊണ്ടുള്ള ക്വാഡയുടെ സൃഷ്ടി ഏറെ ഇഷ്ടമായി. കാവ്യാത്മകമാണത്. രാഷ്ട്രീയ സ്വഭാവത്തിലും പൂര്‍ണയും ഗഹനമായ പ്രമേയം അത് കൈകാര്യം ചെയ്യുന്നു. എന്താണ് യാഥാര്‍ത്ഥ്യം, എങ്ങിനെയാണത് അളക്കുന്നത് എന്ന നിരവധി ചോദ്യങ്ങള്‍ ആ സൃഷ്ടി ഉയര്‍ത്തുന്നുണ്ട്. തനിക്കേറ്റവും പ്രിയപ്പെട്ടതും ക്വാഡയുടെ സൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY