കൊച്ചി: പരമമായ സത്യം മരണമാണെന്ന തിരിച്ചറിവും യുവത്വത്തിന്റെ ആഘോഷവും ഒരുമിച്ചു ചേരുന്നത് കാവ്യനീതിയായി തോന്നാം. പക്ഷെ ഇത്തരത്തില്‍ മനുഷ്യന്റെ അഭിവാഞ്ഛകളെ കളിയാക്കുകയാണ് റഷ്യന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ എഇഎസ്+ എഫ് കൊച്ചി മുസിരിസ് ബിനാലെയില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രതിഷ്ഠാപനം.പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ ബിനാലെ പ്രദര്‍ശനങ്ങളുടെ തുടക്കം എന്നു പറയുന്നത് തന്നെ ഇവരുടെ പ്രതിഷ്ഠാപനമാണ്. നല്ല ഫാഷന്‍ വേഷങ്ങളിട്ടു നില്ക്കുന്നവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ കൗതുകത്തിനു ശേഷമാണ് ഈ രൂപങ്ങളെല്ലാം ശവശരീരങ്ങളാണെന്ന് കാഴ്ചക്കാരന് മനസിലാകുന്നത്. അതോടെ ജീവിതത്തിന്റെ നശ്വരത സ്വന്തം കണ്ണിലൂടെ അവര്‍ മനസിലാക്കുന്നു.
കൂടുതല്‍ വിശേഷണങ്ങളൊന്നും ആവശ്യപ്പെടാനില്ലാത്ത പ്രതിഷ്ഠാപനമാണിത്. ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞ് നില്‍ക്കുന്നത് ശവശരീരങ്ങളാണെന്ന അറിവ് തന്നെ കാഴ്ചക്കാരെ ആകെ ഉലയ്ക്കും. നശ്വരതയ്ക്കപ്പുറം ഇന്നു ലോകത്ത് നടമാടുന്ന ഉപഭോഗ സംസ്കാരത്തെയും ഫാഷന്‍ രംഗത്തെ അധാര്‍മ്മികതയുമൊക്കെ ഈ ഏഴു ചിത്രങ്ങളിലൂടെ നല്കിയിരിക്കുന്നു. എന്തൊക്കെ വേഷം ജീവിതത്തില്‍ കെട്ടേണ്ടി വന്നാലും മരണമെന്ന സത്യം ഏവരുടെയും തലയ്ക്ക് മുകളില്‍ വാളായി തൂങ്ങിനില്ക്കുന്നുണ്ടെന്ന സത്യം മനസിലുറച്ചു കൊണ്ടാണ് കാഴ്ചക്കാര്‍ ഈ പ്രതിഷ്ഠാപനത്തില്‍ നിന്നും യാത്രയാകുന്നത്.ഇതു കൂടാതെ മട്ടാഞ്ചേരി ജ്യൂസ്ട്രീറ്റില്‍ വീഡിയോ പ്രതിഷ്ഠാപനവും എഇഎസ്+എഫ് ഒരുക്കിയിട്ടുണ്ട്. അധികാരത്തിന്റെ വിരോധാഭാസമാണ് ഈ വിഡിയോയിലൂടെ ഇവര്‍ സമൂഹത്തിനു മുന്നിലെത്തിക്കുന്നത്. പുരുഷന്മാരെ സ്ത്രീകള്‍ നിയന്ത്രിക്കുന്നു, ധനികരെ ദരിദ്രര്‍ കവര്‍ച്ച ചെയ്യുന്നു, മൃഗങ്ങള്‍ മനുഷ്യരെ പീഡിപ്പിക്കുന്നു, വിദ്യാര്‍ത്ഥികള്‍ അധ്യാപകരെപഠിപ്പിക്കുന്നു തുടങ്ങിയവ ഈ വീഡിയോയിലെ പ്രതിപാദനങ്ങളാണ്. പതിനാറാം നൂറ്റാണ്ടിലെ സൃഷ്ടിയായ അപ്സൈഡ് ഡൗണാണ് ഈ വീഡിയോയ്ക്ക് പിന്നിലെ പ്രചോദനം.
ഒരു സ്ത്രീയെന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ ലോകത്ത് മാറ്റം ദൃശ്യമാണെന്ന് റഷ്യന്‍ സംഘത്തിലെ ഏക വനിതാ അംഗം തതാനിയ അര്സാമനോവ പറഞ്ഞു. പുരുഷന്മാരുടെ മേല്‍ സ്ത്രീകള്‍ സര്‍വാധിപത്യം സ്ഥാപിക്കുന്ന കാലം വിദൂരമല്ല. അടിച്ചമര്‍ത്തപ്പെട്ടവര്‍ മര്ദ്ദകരാകുന്ന കാലം വരുമെന്നും അവര്‍ പറഞ്ഞു. തതാനിയയും സംഘാംഗമായ ലെവ് എസവോവികും ചേര്‍ന്നാണ് എഇഎസ്+ എഫിന് ആദ്യ രൂപം നല്‍കിയത്.രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന വീഡിയോ പ്രതിഷ്ഠാപനങ്ങള്‍ കൊണ്ട് ലോക ശ്രദ്ധയാകര്‍ഷിച്ച സംഘമാണിവര്‍. വെനീസ്, മോസ്കോ, സിഡ്നി ബിനാലെകളില്‍ പങ്കെടുത്തിട്ടുണ്ട്. തതാനിയ, ലെവ് എന്നിവരെ കൂടാതെ എവ്ഗെനി സ്വിയാസ്കി, വ്ളാദിമിര്‍ ഫ്രിഡക്സ് എന്നിവര്‍ കൂടി ചേര്‍ന്ന ശേഷം 1995 ലാണ് എഇഎസ്+എഫ് എ്ന്ന പേരോടെ ഈ സംഘത്തിന് രൂപമാകുന്നത്.