കൊച്ചി: ഏതു വിഷയവും നിര്‍ഭയമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഹ്രസ്വചിത്ര സംവിധായകരുടെ ഏറ്റവും വലിയ അനുഗ്രഹമെന്ന് പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി നടത്തുന്ന ചലച്ചിത്രമേളയില്‍ ബെര്‍ലിനാലെ സ്‌പോട്ട്‌ലൈറ്റ് എന്ന ആര്‍ട്ടിസ്റ്റ്‌സ് സിനിമാ പാക്കേജ് ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ സിനിമകള്‍ എടുക്കുന്നവര്‍ക്ക് പണം, വിഷയം, സമയം, റിലീസ് എന്നിങ്ങനെ ഒട്ടേറെ കടമ്പകളാണ് മുന്നിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഹ്രസ്വചിത്ര സംവിധായകര്‍ക്ക് ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന വിഷയങ്ങളില്‍ നിര്‍ഭയമായി സിനിമകള്‍ ചെയ്യാനാവും. അത്തരം നിര്‍മ്മാതാക്കള്‍ക്ക് ബെര്‍ലിനാലെ ഏറെ പ്രോത്സാഹനം നല്‍കുന്നുണ്ട്. ഒരു സെക്കന്‍ഡില്‍ താഴെയുള്ള സമയം ഉള്‍ക്കൊള്ളാനാകില്ലെന്നായിരുന്നു തന്റെ ധാരണ. എന്നാല്‍ വീഡിയോ ആര്‍ട്ടിലൂടെ അര സെക്കന്‍ഡില്‍പോലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. മനസില്‍ പതിയാന്‍ പാകത്തിന് സമയമുള്ളതായിരിക്കണം ഏതൊരു കലയും. സൂക്ഷ്മമായ ചിന്തകളെയും ഓര്‍മ്മകളെയും ശക്തമായി മനസില്‍ പതിപ്പിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയ്ക്കും ലളിതകലയ്ക്കുമിടയില്‍ ബുദ്ധിമുട്ടുന്നവരുടെ ചിത്രങ്ങളാണ് സ്‌പോട്ട്‌ലൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചലച്ചിത്രപാക്കേജിന്റെ ക്യൂറേറ്റര്‍ ഉള്‍റിച്ച് സീമണ്‍സ് പറഞ്ഞു. വൈവിധ്യമുള്ള ആഖ്യായന രീതിയും ശൈലിയുമുള്ളവയാണ് തെരഞ്ഞെടുത്ത ചിത്രങ്ങള്‍. എന്നാല്‍ അവ ഉയര്‍ത്തുന്ന രാഷ്ട്രീയ-സാമൂഹ്യ പ്രശ്‌നങ്ങളില്‍ സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകപ്രശസ്തമായ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തിലെ തെരഞ്ഞെടുത്ത 20 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ബെര്‍ലിനാലെ സ്‌പോട്ട്‌ലൈറ്റ്.
ജര്‍മനിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് ബെര്‍ലിനാലെ സ്‌പോട്ട്‌ലൈറ്റ് പോലുള്ള മേളകള്‍ ഇനിയും സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഗോയ്‌ഥെ-സെന്‍ട്രം ട്രിവാന്‍ഡ്രം ഡയറക്ടര്‍ സെയ്ദ് ഇബ്രാഹിം പറഞ്ഞു. ഹ്രസ്വചിത്രങ്ങള്‍ 1993-ലാണ് ബെര്‍ലിനാലെയില്‍ എത്തിയത്. ഹ്രസ്വചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുമാത്രം 2005 മുതല്‍ അന്താരാഷ്ട്ര ജൂറിയുണ്ട്. ഹ്രസ്വചിത്രങ്ങള്‍ക്ക് ബെര്‍ലിനാലെയില്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.