സ്‌കൂള്‍ ബുക്കിന്റെ പുറംചട്ടയായി പി.കെ സദാനന്ദന്റെ ബിനാലെ ചിത്രം

206

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിലെ പ്രധാന ആകര്‍ഷണമായ ‘പറയിപെറ്റ പന്തിരുകുലം’ എന്ന ഭീമന്‍ ചുവര്‍ചിത്രം സ്‌കൂള്‍ പുസ്തകത്തിന്റെ പുറംചട്ടയാക്കുന്നു. പ്രശസ്ത മലയാളി ആര്‍ട്ടിസ്റ്റ് പികെ സദാനന്ദന്റെ 15 മീറ്റര്‍ നീളവും 3 മീറ്റര്‍ ഉയരവുമുള്ള ഈ ചുവര്‍ചിത്രത്തിലെ നാറാണത്തു ഭ്രാന്തന്റെ കഥപറയുന്ന ഭാഗം മലപ്പുറത്തെ എയിഡഡ് മാപ്പിള അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധികൃതരാണ് തങ്ങളുടെ സ്‌കൂള്‍പുസ്തകത്തിന്റെ പുറംചട്ടയാക്കാന്‍ തീരുമാനിച്ചത്. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെ തികച്ചും പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിച്ചാണ് ചുവര്‍ചിത്രം സദാനന്ദന്‍ ഒരുക്കിയത്. പറയിപെറ്റു പന്തിരുകുലത്തിലെ 12 കഥകളില്‍ നിന്നാണ് നാറാണത്തു ഭ്രാന്തന്റെ കഥ തെരഞ്ഞെടുത്തത്. സ്‌കൂളിലെ രണ്ടായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇത് വിതരണം ചെയ്യും. പുറംചട്ടയില്‍ ചുവര്‍ചിത്രവും അകത്തെ പുറത്തില്‍ പികെ സദാനന്ദനെക്കുറിച്ചുള്ള ലഘു കുറിപ്പും നല്‍കിയിട്ടുണ്ട്. അവസാനത്തെ പുറത്തില്‍ സദാനന്ദന്റെ ബിനാലെ പ്രദര്‍ശനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പുരണാകഥകളെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്ന വേറിട്ട മാര്‍ഗമാണിതെന്ന് സദാനന്ദന്‍ പറഞ്ഞു. തന്റെ കുട്ടിക്കാലത്ത് മുത്തശ്ശിമാരില്‍ നിന്നാണ് ഇത്തരം കഥകള്‍ കേട്ടിരുന്നത്. ഇന്ന് അതിനുള്ള സാഹചര്യം കുട്ടികള്‍ക്കില്ല. ഇത്തരം കഥകളിലൂടെയായിരുന്നു നമ്മുടെ മനസിലെ ഭാവന വളര്‍ന്നു വന്നിരുന്നത്. നാറാണത്തു ഭ്രാന്തന്റെ കഥ തന്നെ കുട്ടികള്‍ക്കായി ഉള്‍പ്പെടുത്താന്‍ പ്രത്യേക കാരണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഥയിലെ പന്ത്രണ്ട് കഥാപാത്രങ്ങളില്‍ നിന്നും അദ്ദേഹം വേറിട്ടു നില്‍ക്കുന്നു. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന മറ്റൊരു കഥാപാത്രമില്ല. സമൂഹത്തെ നാറാണത്ത് ഭ്രാന്തന് ഭയമില്ലായിരുന്നു. അദ്ദേഹത്തിന്റെ തത്വചിന്തകള്‍ കുട്ടികള്‍ മനസിലാക്കണം. പറയിപെറ്റു പന്തിരുകുലത്തിലെ എല്ലാ കഥകള്‍ക്കും ഇന്നും പ്രാധാന്യമുണ്ട്. വ്യത്യസ്ത സമുദായത്തില്‍ പെട്ട എല്ലാവരും എത്ര സമാധാനത്തിലാണ് കഴിഞ്ഞിരുന്നത്. സാമൂഹ്യ പ്രതിബദ്ധത എന്തെന്ന് ഇതിലൂടെ പഠിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംരംഭമായ ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ ഭാഗമായാണ് സ്‌കൂള്‍ പുസ്തകത്തില്‍ ബിനാലെ ചിത്രമെത്തുന്നത്. വിവിധ തലങ്ങളിലുള്ള ലളിതകലാ അധ്യയനമാണ് ഫൗണ്ടേഷന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നെന്ന് സെക്രട്ടറി റിയാസ് കോമു പറഞ്ഞു. കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുടെ വീക്ഷണവും സമാനമാണ്. കലയെക്കുറിച്ചും അതിന്റെ പരിശീലനത്തെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്താനുള്ള മികച്ച മാര്‍ഗമാണ് കവര്‍ പേജ് ഡിസൈന്‍ എന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളധികൃതര്‍ ഈ ആശയവുമായി സമൂപിച്ചപ്പോള്‍ തങ്ങള്‍ ആവേശഭരിതരായി എ്ന്ന് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ തലവന്‍ മനു ജോസ് പറഞ്ഞു. ഒരു കുട്ടി കുറഞ്ഞത് ഏഴ് പുസ്തകങ്ങള്‍ ഉപയോഗിക്കുന്നു. അങ്ങിനെ ലക്ഷക്കണക്കിന് കുട്ടികളുണ്ട്. ഓരോന്നിലും കലാരൂപങ്ങള്‍ പുറം ചട്ടകളാക്കി മാറ്റിയാല്‍ അത് തന്നെ കലാ അധ്യായനമായി മാറും. കുട്ടികളായ കലാകാരന്മാരെ കൂട്ി ഇതിലേക്ക് കൊണ്ടു വരാം. സദാനന്ദന്റെ ചിത്രത്തില്‍ നിന്നും റിയാസ് കോമുവാണ് നാറാണത്തു ഭ്രാന്തന്റെ ചിത്രം തെരഞ്ഞെടുത്തതെന്നും മനു പറഞ്ഞു. കലാസൃഷ്ടികളെ ബുക്കിന്റെ പുറംചട്ടകളാക്കി മാറ്റാനുള്ള തീരുമാനം ആദ്യമെടുത്തത് എഎംയുപി സ്‌കൂളാണെന്ന് പ്രധാനാധ്യാപകന്‍ ടി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കലയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നിരവധി പരിപാടികള്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്നു. ഒന്നു മുതല്‍ ഏഴ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. സ്‌കൂള്‍ ഡയറിയിലാണ് ഇത് അച്ചടിക്കുന്നത് എന്നുള്ളതിനാല്‍ വര്‍ഷം മുഴുവന്‍ ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

NO COMMENTS

LEAVE A REPLY