കൊച്ചി: അവസാന ദിനങ്ങളിലേയ്ക്ക് നീളുമ്പോള്‍ കൊച്ചി-മുസിരിസ് ബിനാലെ സംഗീത സാന്ദ്രമാകുന്നു. സംഗീതത്തെ പരമ്പരാഗത ശൈലിയിലേക്ക് തിരിച്ചു കൊണ്ടുപോകുകയാണ് ബിനാലെ ആര്‍ട്ടിസ്റ്റ് കൂടിയായ ഹന്ന ടുലുക്കി. ശബ്ദത്തെ ഉപകരണമാക്കി മാറ്റാനാണ് താനിഷ്ടപ്പെടുന്നതെന്ന് ഫിന്‍ലാന്‍ഡ് സ്വദേശിയായ ഹന്ന പറയുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ബ്രിട്ടീഷ് കൗണ്‍സില്‍ എഡിന്‍ബര്‍ സ്‌കള്‍പ്ച്ചറല്‍ വര്‍ക്ക്‌ഷോപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരമ്പരാഗത നാടോടികഥകളുടെയും ശബ്ദ സംഗീതത്തിന്റെയും പരിശീലന കളരിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഫോര്‍ട്ട്‌കൊച്ചി മലബാര്‍ പാസേജ് ഹോട്ടലിലായിരുന്നു പരിപാടി.
പാരമ്പര്യത്തില്‍നിന്ന് എന്തെങ്കിലും ആധുനിക കാലത്തിലേക്ക് കൊണ്ടു വരണമെന്ന നിര്‍ബന്ധം കൊണ്ടാണ് നാടോടിപ്പാട്ടിന്റെ പരിശീലന പരിപാടി നടത്തിയതെന്ന് ഹന്ന പറയുന്നു. ഇംഗ്ലണ്ട്, ഫിന്‍ലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്‌കോട്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നാടോടിപ്പാട്ടുകളാണ് അവതരിപ്പിച്ചത്. ഇവ ഒന്നുകില്‍ സ്ത്രീകള്‍ പാടിയതോ അല്ലെങ്കില്‍ സ്ത്രീകളെക്കുറിച്ചുള്ളതോ ആണെന്നുള്ളതാണ് പ്രത്യേകത. കൂടിയാട്ടം വിദഗ്ധന്‍ കപില വേണുവിനു കീഴില്‍ പരിശീലനം സിദ്ധിച്ച ഹന്ന തന്റെ അനുഭവങ്ങളും പരിപാടിയില്‍ വിശദീകരിച്ചു. എന്നും താന്‍ ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്ന കലാരൂപങ്ങളാണ് നാടോടിപ്പാട്ടുകളെന്നും ഹന്ന പറഞ്ഞു.
ശബ്ദം കൊണ്ട് സംഗീത പ്രകടനം നടത്തുന്നതിന്റെ വിവിധ വശങ്ങള്‍ ഹന്ന പരിശീലന പരിപാടിയില്‍ വിശദീകരിച്ചു. വാക്കുകളില്ലാതെ ശബ്ദം കൊണ്ടു മാത്രം സംഗീതാലാപനം നടത്താമെന്നതും അവര്‍ കാണിച്ചു നല്‍കി. ശബ്ദത്തിന്റെ സ്വഭാവം തീരുമാനിക്കുന്നത് ശ്വാസോച്ഛ്വാസത്തിന്റെ ഗതിവിഗതികളുമായി ബന്ധപ്പെട്ടാണ്. ഇതു വഴി ഒരേ രീതിയില്‍ പാടാനുള്ള കഴിവ് ലഭിക്കുമെന്നും അവര്‍ പറഞ്ഞു. ധ്യാനത്തിലൂടെയാണ് അവര്‍ തന്റെ പരിശീലനം മുന്നോട്ടു കൊണ്ടു പോയത്. കണ്ണുകളടച്ച് ശബ്ദം മാത്രം കേട്ടുകൊണ്ടായിരുന്നു സര്‍ഗ സൃഷ്ടിയിലേക്ക് പങ്കെടുത്തവരെ കൊണ്ടു പോയത്. പങ്കെടുക്കുന്നവര്‍ക്കും അവരുടെ അഭിപ്രായം തുറന്നു പറയാനുള്ള സൗകര്യം ഹന്ന ഒരുക്കിയിരുന്നു. സ്വന്തം ശബ്ദത്തില്‍ ക്രമീകരണങ്ങള്‍ വരുത്താന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ പരീക്ഷണങ്ങളിലായിരുന്നു ചിലര്‍ക്ക് താത്പര്യം. കര്‍ണാടക സംഗീതത്തിലെ ഗമകയുമായി സാമ്യമുള്ള സംഗീത ശകലവും അവര്‍ പരിപാടിയില്‍ അവതരിപ്പിച്ചു.