കൊച്ചി: ആഗോളതലത്തില്‍ ലളിതകലയില്‍ മാറ്റമില്ലാതെ തുടരുന്ന ശൈലികള്‍ക്കുനേരെ കൊച്ചി-മുസിരിസ് ബിനാലെ വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് പ്രശസ്ത കര്‍ണാടക സംഗീത വിദഗ്ധന്‍ ടി എം കൃഷ്ണ. ആഗോള കലാലോകത്തിന് അവര്‍ക്കിഷ്ടമുള്ളത് ചെയ്യാം. എന്നാല്‍ ഏതു തരത്തിലുള്ള അക്രമത്തിനും അടിച്ചമര്‍ത്തലിനുമെതിരെയുള്ള വെല്ലുവിളിയാണ് ബിനാലെയെന്നും അദ്ദേഹം പറഞ്ഞു. പ്രധാന ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ബിനാലെയുടെ തനതു ശൈലി മനസിനെ അസ്വസ്ഥമാക്കുന്നു. ആ അസ്വസ്ഥതയിലാണ് സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത്. അതു തന്നെയാണ് യഥാര്‍ത്ഥ സൗന്ദര്യവുമെന്ന് അദ്ദേഹം വിശദീകരിച്ചു. വലിയ സാധ്യതയാണ് കൊച്ചി ബിനാലെ തുറന്നു കൊടുത്തിരിക്കുന്നത്. കലാലോകം ഭിന്നതകള്‍ നിറഞ്ഞതാണ്. അതിനാല്‍ തന്നെ ഓരോ രാജ്യത്തുനിന്നും വന്നവര്‍ അവരവരുടെ സ്വത്വത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ‘ഉള്‍ക്കാഴ്ചകളുരുവാകുന്നിടം’ എന്ന ക്യൂറേറ്റര്‍ പ്രമേയത്തിലൂടെ ഈ ഭിന്നതകള്‍ അലിയിച്ചു കളയാന്‍ സുദര്‍ശന്‍ ഷെട്ടിയ്ക്കായി എന്നും കൃഷ്ണ ചൂണ്ടിക്കാട്ടി.
നൃത്തം, സംഗീതം, ദൃശ്യകല എന്നിവയെയെല്ലാം ബിനാലെയില്‍ സംയോജിപ്പിച്ചിരിക്കുകയാണ്. തുറന്ന ലോകത്തിന്റെ വക്താക്കളാണ് കലാകാരന്മാരെന്ന സത്യം ബിനാലെ ഓര്‍മ്മിപ്പിക്കുകയാണ്. കലാലോകത്ത് രാജ്യത്തിന്റെ അതിരുകള്‍ സൃഷ്ടിക്കുന്നതിനെയും ബിനാലെ ചോദ്യം ചെയ്യുന്നുണ്ട്. ബിനാലെയിലെ പല സൃഷ്ടികള്‍ക്കും ഗഹനമായ അര്‍ത്ഥമാണുള്ളത്. പിരമിഡിനുള്ളിലെ ഇരുട്ട് കാഴ്ചയില്‍ മാത്രമുള്ളതല്ല, മറിച്ച് അതുയര്‍ത്തുന്ന സന്ദേശവും ഇരുള്‍ നിറഞ്ഞതാണ്. കാഴ്ചയില്‍ മൃദുവും സൗമ്യവുമായ സൃഷ്ടികള്‍ പലതിനും രൂക്ഷമായ പ്രമേയങ്ങളുണ്ട്. ചെറിയ കാര്യങ്ങളിലെ വലിയ സന്ദേശമെന്നത് വിലമതിക്കാനാവാത്തതാണ്. അതു പോലെയാണ് പല ബിനാലെ സൃഷ്ടികളും- കൃഷ്ണ പറഞ്ഞു.