സാംസ്‌കാരിക മേഖല നേരിടുന്ന വെല്ലുവിളികള്‍ക്കെതിരയുള്ള പ്രതിരോധമാണ് ബിനാലെ- എ കെ ബാലന്‍

225

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന് കൊടിയിറങ്ങി. 108 ദിവസം നീണ്ടു നിന്ന കലാവിരുന്നിന്റെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലെ പ്രധാന വേദിയില്‍ ബിനാലെ പതാക താഴ്ത്തിയതോടെ പ്രദര്‍ശനങ്ങള്‍ അവസാനിച്ചു. നാലാം കൊച്ചി ബിനാലെയുടെ ക്യൂറേറ്ററായി പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെയെ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ സാംസ്‌കാരിക മേഖല വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു. സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അത്തരം വെല്ലുവിളികള്‍ക്കെതിരെയുള്ള പ്രതിരോധമെന്ന നിലയിലാണ് ബിനാലെ പോലുള്ള കലാപ്രദര്‍ശനങ്ങളെ സര്‍ക്കാര്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ ബിനാലെ നാലാം ലക്കവും ശക്തമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക ഇടപെടലാണ് ബിനാലെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിനാലെ നല്‍കിയ ഉത്തരവാദിത്തം താഴ്മയോടെ ഏറ്റെടുക്കുന്നുവെന്ന് അനിത ദുബെ പറഞ്ഞു. ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ അടുത്ത ബിനാലെയെ സമീപിക്കാം എന്നതുള്ളതാണ് എന്ന് അവര്‍ പറഞ്ഞു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, മുന്‍മന്ത്രി എം എ ബേബി, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള, സബ് കളക്ടര്‍ ഡോ അഥീല അബ്ദുള്ള, മുന്‍ മേയര്‍ കെ ജെ സോഹന്‍, ലളിതകല അക്കാദമി ചെയര്‍മാന്‍ സത്യപാല്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു ട്രസ്റ്റ് അംഗങ്ങളായ, ഡോ രുചിര ഘോഷ്, ബോണി തോമസ്, സുനില്‍ വി, അലക്‌സ് കുരുവിള, ബിനാലെ സിഇഒ മഞ്ജു സാറാ രാജന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ബിനാലെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി, ഹോര്‍മിസ് തരകന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. മൂന്നാം ലക്കം ബിനാലെ യാഥാര്‍ത്ഥ്യമാക്കുന്നതിന് പ്രവര്‍ത്തിച്ച എല്ലാവരെയും പേരെടുത്തു പറഞ്ഞാണ് ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തത്. സംശയാലുക്കളോട് മറുപടി പറയാനാകില്ല. കാരണം കലാകാരന്‍ നോക്കുന്നത് വ്യത്യസ്ത വീക്ഷണത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

വിവാദങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയുമാണ് ബിനാലെ 2010 ല്‍ തുടങ്ങിയതെന്ന് സ്വാഗത പ്രസംഗത്തില്‍ റിയാസ് കോമു പറഞ്ഞു. എന്നാല്‍ വിവാദങ്ങള്‍ ജീവന്‍ പകര്‍ന്നാണ് ബിനാലെ ഇന്ന് മൂന്നാം ലക്കത്തിന്റെ അവസാനമെത്തി നില്‍ക്കുന്നത്. സുദര്‍ശന്‍ ഷെട്ടി ഒരുക്കിയ പ്രമേയങ്ങളിലൂടെ വിപ്ലവകരമായ നവോത്ഥാന മുന്നേറ്റമാണ് ബിനാലെ നടത്തിയതെന്ന് തെളിയിക്കുകയാണ്. കലയ്ക്ക മാത്രം സമൂഹത്തെ മാറ്റാന്‍ കഴിയില്ല, മറിച്ച് അതിനു പ്രേരണ നല്‍കുകയാണ് കലാകാരന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. ആശകളും ആശങ്കകളുമായാണ് കൊച്ചി ബിനാലെ തുടങ്ങിയതെന്ന് ബോസ് കൃഷ്ണമാചാരി നന്ദി പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ റെക്കോര്‍ഡുകളും മറികടന്നാണ് മൂന്നാം ലക്കം ബിനാലെ നില്‍ക്കുന്നത്. ആറര ലക്ഷം പേര്‍ മൂന്നാം ലക്കം സന്ദര്‍ശിച്ചു. ജനകീയ ബിനാലെയെന്ന വിശേഷണം കൊച്ചി ബിനാലെയ്ക്ക് കേവലം അലങ്കാരവാക്കു മാത്രമല്ലെന്ന് തെളിയിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സ്റ്റുഡന്‍സ് ബിനാലെ പുരസ്‌കാരങ്ങളും ചടങ്ങില്‍ പ്രഖ്യാപിച്ചു. ശരത് ശശി, ശ്രേയ ശുക്ല എന്നിവര്‍ അന്താരാഷ്ട്രതല പുരസ്‌കാരം നേടി. അഞ്ജു ആചാര്യ, സഹില്‍ നായിക് എന്നിവര്‍ക്കാണ് ദേശീയ അവാര്‍ഡ്, ജെ ജെ സ്‌കൂള്‍ മുംബൈ, ഗവണ്‍മന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജ് കുംഭ കോണം, ചെന്നൈ എന്നിവ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി. സിപി കൃഷ്ണപ്രിയയാണ് മികച്ച സ്റ്റുഡന്റ്‌സ് ക്യൂറേറ്റര്‍

തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത വിരുന്നായിരുന്നു സമാപന ചടങ്ങിന്റെ മറ്റൊരു ആകര്‍ഷണം. സൂരജ് മണിയും ദി തത്വ ട്രിപ്പിന്റെയും പരിപാടിയോടെയാണ് സംഗീത നിശ ആരംഭിച്ചത്. 31 രാജ്യങ്ങളില്‍ നിന്നായി 97 ആര്‍ട്ടിസ്റ്റുകളാണ് ബിനാലെയില്‍ പങ്കെടുത്തത്. ഇവരുടെ 100 കലാസൃഷ്ടികളായിരുന്നു പ്രദര്‍ശിപ്പിച്ചത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി കൊടുങ്ങല്ലൂരിനടുത്തെ കോട്ടപ്പുറം എന്നിവിടങ്ങളിലെ ബിനാലെ വേദികള്‍ മാറ്റി നിറുത്തിയാല്‍ ബാക്കിയെല്ലാ വേദികളും ഫോര്‍ട്ടകൊച്ചി മട്ടാഞ്ചേരി എന്നിവിടങ്ങളിലായിരുന്നു. കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സമാന്തരമായി ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ നടത്തിയിരുന്നു. കുട്ടികളില്‍ കലാവബോധം വളര്‍ത്തുന്നതിനു വേണ്ടി ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, ഫൈന്‍ ആര്‍ട്ട്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്‌സ് ബിനാലെ, 100 ദിവസം നീണ്ടു നിന്ന ചലച്ചിത്രോത്സവം, ലെറ്റ്‌സ് ടോക്ക് സംഭാഷണ പരമ്പര എന്നിവയെല്ലാം കൊച്ചിയിലെ കലാകുതുകികള്‍ക്ക് ഉത്സവാന്തരീക്ഷമാണ് കഴിഞ്ഞ 108 ദിവസം പ്രദാനം ചെയ്തത്.

NO COMMENTS

LEAVE A REPLY