ജാപ്പനീസ് നാടോടിക്കഥ കലാരൂപമാക്കി തകായുകി യമമോട്ടോ

243

കൊച്ചി: പൊന്മുട്ടയിടുന്ന താറാവിന്റെ കഥ മലയാളികള്‍ക്ക് സുപരിചിതമാണ്. വടക്കു കിഴക്കന്‍ ജാപ്പനീസ് ഗ്രാമത്തിലെ സമാനമായ കഥയാണ് തകായുക്കി യമമോട്ടോയുടെ സൃഷ്ടിക്കാധാരം.

കഥ ഇങ്ങനെ: വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന അത്യാഗ്രഹികളായ ദമ്പതിമാര്‍ക്ക് മക്കളുണ്ടായിരുന്നില്ല. അവര്‍ ഓമനത്തമുള്ളൊരു ആണ്‍കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തി. എന്നാല്‍ അവന്‍ വിരൂപനായാണ് വളര്‍ന്നു വന്നത്. അതില്‍ ദമ്പതികള്‍ വളരെയധികം അസ്വസ്ഥരായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോളാണ് കുട്ടി അവന്റെ പൊക്കിള്‍ക്കൊടിയില്‍ നിന്ന് സ്വര്‍ണധാന്യം പറിച്ചെടുത്തത.് അത്ഭുതപ്പെട്ട ദമ്പതികള്‍ ദുരാഗ്രഹം നിമിത്തം കുട്ടിയുടെ പൊക്കിളില്‍ നിരന്തരമായി വിരല്‍ കൊണ്ടമര്‍ത്തി സ്വര്‍ണധാന്യം പുറത്തെടുത്തു. ഈ പീഡനങ്ങള്‍ സഹിക്കാനാവാതെ കുട്ടി മരിച്ചു.

ചെയ്ത തെറ്റിലെ കുറ്റബോധമോര്‍ത്ത് നീറിക്കഴിഞ്ഞ ദമ്പതിമാര്‍ മരത്തില്‍ അവന്റെ വിരൂപമായ രൂപം കൊത്തിയെടുത്ത് അടുക്കളയിലെ നെരിപ്പോടില്‍ വച്ചു. അവരതിന് കമഗാമി എന്ന് പേരുമിട്ടു. ഈ രൂപം ഇന്ന് ജപ്പാനിലെ അടുക്കളകളില്‍ സര്‍വസാധാരണമാണ്. അത്യാഗ്രഹം അപകടം ക്ഷണിച്ചുവരുത്തും എന്നത് ഓര്‍മ്മിപ്പിക്കാനാണ് ഇത്തരം വിരൂപ രൂപങ്ങള്‍ അവര്‍ അടുക്കളയില്‍ വയ്ക്കുന്നത്.

തകായുകി യമമോട്ടോ കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സൃഷ്ടിയും ഈ നാടോടിക്കഥയുമായി ബന്ധപ്പെട്ടതാണ്. മലര്‍ന്നുകിടക്കുന്ന ചാര നിറത്തിലുള്ള മനുഷ്യന്റെ പ്രതിമയാണ് സൃഷ്ടി. സ്വന്തം മുഖച്ഛായയാണ് അദ്ദേഹം ആ പ്രതിമയ്ക്ക് നല്‍കിയിരിക്കുന്നത്. അതിന്റെ പൊക്കിളില്‍ നിന്ന് സ്വര്‍ണധാന്യം പൊഴിഞ്ഞു വീഴുന്നു. അത് മുത്തുകളായി നിലത്തും മറ്റും കിടക്കുന്നത് തന്മയത്വത്തോടെ യമമോട്ടോ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം മുഖച്ഛായയിലുള്ള പ്രതിമയിലൂടെ മനുഷ്യന്റെ അത്യാഗ്രഹത്തെ കാഴ്ചക്കാര്‍ക്കുമുമ്പില്‍ ഒരു കണ്ണാടി പോലെ അവതരിപ്പിക്കുകയാണ് യമമോട്ടോ. ടൊയോട്ട കമ്പനി സ്ഥിതി ചെയ്യുന്ന ജപ്പാനിലെ വ്യവസായ നഗരമായ നഗോയയാണ് യമമോട്ടോയുടെ സ്വദേശം. വ്യവസായ നഗരത്തിലെ ബാല്യകാലാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് ജീവിതത്തിന്റെ ഏറിയ പങ്കും ദക്ഷിണ കൊറിയയിലാണ് യമമോട്ടോ ചെലവഴിച്ചത്.

‘ഫുക്കുഷിമ ആണവ നിലയം ഇപ്പോഴും ചോരുന്നുണ്ട്, മനുഷ്യന്റെ അത്യാര്‍ത്തിയുടെ പ്രതീകമാണ’തെന്ന് അദ്ദേഹം വിശദീകരിക്കുന്നു. കൂടുതല്‍ കിട്ടണം എന്ന ആഗ്രഹം എല്ലാ മനുഷ്യനിലുമുണ്ട്. അത് ലഭിക്കാനായി കാട്ടിക്കൂട്ടുന്നതിലൂടെ മറ്റുള്ളവര്‍ സഹിക്കേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകനായ യമമോട്ടോ കുട്ടികളുമായി ചേര്‍ന്ന് കലാപരിപാടിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ‘ഏതു നരകത്തിലേക്കാണ് നാം പോവുക’ എന്നതായിരുന്നു അതിന് നല്‍കിയ പേര്. നരകം ഭാവനയില്‍ കണ്ട് അത് കലാരൂപങ്ങളായി സൃഷ്ടിക്കാനാണ് അദ്ദേഹം കുട്ടികളോടാവശ്യപ്പെട്ടത്. അതില്‍ ഒരു കുട്ടി ഐസ്‌ക്രീം കൊണ്ട് നരകം ഉണ്ടാക്കി. കുട്ടികളില്‍ പോലും അത്യാഗ്രഹമുണ്ടെന്നതിന് തെളിവായി യമമോട്ടോ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്.

NO COMMENTS

LEAVE A REPLY