കൊച്ചി: കൊച്ചയില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മത സൗഹാര്‍ദ്ദ ചടങ്ങിന് ഭീകരാക്രമണ ഭീഷണിയുയര്‍ത്തിയ സംഘടനയെ തിരിച്ചറിഞ്ഞു. രാജ്യാന്തര സംഘടനയുടെ കേരളത്തിലെ സംഘത്തെയാണ് തിരിച്ചറിഞ്ഞത്. നിരവധി മലയാളികളും സംഘത്തിലുണ്ട്. വ്യാഴാഴ്ച ഹൈക്കോടതിക്കു സമീപമുള്ള കെട്ടിടത്തില്‍ സംഘടിപ്പിച്ചിരുന്ന ചടങ്ങിനാണ് പാരീസ് മോഡലില്‍ വാഹനമിടിപ്പിച്ചു കയറ്റി ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.ഇതേതുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ചടങ്ങ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ജമാഅത്തെ ഇസ്ലാമിയുടെ യോഗത്തിലേക്ക് രാഹുല്‍ ഈശ്വറെയും വിവിധ മതങ്ങളുടെ നേതാക്കളെയും ക്ഷണിച്ചിരുന്നു.എന്നാല്‍ യോഗത്തില്‍ നിന്ന് രാഹുല്‍ ഈശ്വറെ പോലീസ് തടഞ്ഞു. രാഹുല്‍ ഈശ്വറിനൊപ്പം ജമാഅത്തെ ഇസ്ലാമിലെയും നേതാക്കളെയും സംഘടന ലക്ഷ്യമിട്ടിരുന്നു.
ഇസ്ലാമില്‍ വിശ്വസിക്കാത്ത ആരും ജീവിച്ചിരിക്കേണ്ടെന്നും അമുസ്ലീംകളെ പ്രോത്സാഹിപ്പിക്കുന്നരെ ഇല്ലാതാക്കണമെന്നും വിശ്വസിക്കുന്ന രാജ്യാന്തര ഭീകര സംഘടനയുടെ കേരളത്തിലെ ഘടകമാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. കേന്ദ്രത്തില്‍ നിന്നും ലഭിച്ച വിശ്വസനീയമായ വിവരമായതിനാല്‍ കേരള പോലീസും അതീവ ജാഗ്രതയോടെ നീങ്ങിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജില്ലയിലുടെനീളം റോഡുകളില്‍ കര്‍ശന പരിശോധന നടത്തി. പരിപാടി കഴിഞ്ഞ ശേഷം പിറ്റേന്നു മാത്രമാണ് ആക്രമണ ഭീഷണി പോലീസ് പുറത്തുവിട്ടത്.