വരയുടെ ലോകത്തേക്ക് കുടുംബശ്രീയും; ബിനാലെയുമായി ചേര്‍ന്ന് ചിത്രകലാ പരിശീലന കളരി

280

കൊച്ചി: പശ്ചാത്തലം കണക്കിലെടുത്ത് കൊണ്ടു മാത്രം കലയുടെ ലോകത്ത് നിന്ന് ആരെയും മാറ്റിനിറുത്തേണ്ടതില്ലെന്ന് തെളിയിക്കുകയാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ ടി ജലീല്‍ പറഞ്ഞു. കുടുംബശ്രീയും കൊച്ചി ബിനാലെയും സംയുക്തമായി നടത്തുന്ന ചിത്രകലാ പരിശീലന കളരിയായ ‘വരയുടെ പെണ്മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കും കാര്യമുണ്ടെന്ന് തെളിയിക്കുകയാണ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും സെക്രട്ടറി റിയാസ് കോമുവുമെന്ന് മന്ത്രി പറഞ്ഞു. കലയുടെയും വരയുടെയും ലോകത്തേക്ക് കുടുംബശ്രീ അംഗങ്ങളും കടന്നു വരുകയാണ്. അടുക്കളയില്‍ ആരാലും അറിയപ്പെടാത്ത സ്ത്രീ ജന്മങ്ങള്‍ക്ക് സ്വത്വബോധം പകര്‍ന്ന പദ്ധതിയാണ് കുടുംബശ്രീയെന്നും കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ(ജനുവരി 13) തുടങ്ങിയ ‘വരയുടെ പെണ്മ’ ജനുവരി 17 വരെയാണ് നടക്കുന്നത്. സംസ്ഥാനത്തെ പതിന്നാല് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 42 കലാകാരികള്‍ പരിശീലന കളരിയില്‍ പങ്കെടുക്കുന്നുണ്ട്. ബിനാലെ വേദികളിലൊന്നായ പെപ്പര്‍ഹൗസിലാണ് കളരി. ഇന്ന് കേരളത്തിലെ എല്ലാ മേഖലകളിലും കുടുംബശ്രീയുണ്ട്. അന്യസംസ്ഥാനങ്ങളില്‍ കുടുംബശ്രീയെക്കുറിച്ച് ക്ലാസെടുക്കാന്‍ പോകുന്ന അംഗങ്ങള്‍ ്പ്രാദേശിക ഭാഷ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പഠിച്ചെടുക്കുന്നതു കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കലയുടെ രംഗത്തും അവര്‍ക്ക് അവസരത്തിന്റെ കുറവ് മാത്രമാണുണ്ടായിരുന്നത്. ബിനാലെയിലൂടെ അത് നികത്തിയെന്നും മന്ത്രി പറഞ്ഞു.

കലയുടെ ആദ്യ പാഠങ്ങള്‍ പഠിക്കേണ്ടത് വീട്ടില്‍ നിന്നാണെന്ന് അരുവിക്കര എംഎല്‍എ കെ എസ് ശബരിനാഥന്‍ പറഞ്ഞു. ദൈനം ദിന സംഭാഷണങ്ങളില്‍ കല ഒരു വിഷയമായി മാറണം. കുടുംബശ്രീയാണ് ഇതിന് പറ്റിയ മാധ്യമമെന്നും അദ്ദേഹം പറഞ്ഞു. കുടംബശ്രീയുമായുള്ള സഹകരണം ബിനാലെയുടെ ജനാധിപത്യസ്വഭാവത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരുടെയും സര്‍ഗ്ഗാത്മകത വളര്‍ത്തിക്കൊണ്ടു വരുകയെന്ന ലക്ഷ്യമാണ് ബിനാലെയ്ക്കുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. സ്ത്രീകള്‍ക്ക് തങ്ങളുടെ സ്വത്വബോധം തിരിച്ചറിയാനുള്ള വേദിയായി ബിനാലെ മാറുമെന്നും അദ്ദേഹം പറഞ്ഞു.

വരയുടെ പെണ്മയ്ക്ക് ശേഷം കൂടുതല്‍ പരിശീലന കളരികള്‍ സംഘടിപ്പിച്ച് കുടുംബശ്രീയുടേതായ ഒരു ക്യാന്‍വാസ് ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ അമൃത ജി എസ് പറഞ്ഞു. ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ കൃഷ്ണമാചാരി, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ തലവന്‍ മനു ജോസ, കോര്‍പ്പറേഷന്‍ കൗണ്‍സിലംഗങ്ങളായ ഷൈനി മാത്യു, സീനത്ത് റഷീദ്, ഷീബ ലാല്‍ എന്നിവരും പങ്കെടുത്തു. അട്ടപ്പാടിയില്‍ കുടുംബശ്രീ നടത്തുന്ന സ്‌കൂളിലെ നാല്‍പ്പത് കുട്ടികള്‍ക്കായി നടത്തിയ ചിത്രരചന പരിപാടിയിലും മന്ത്രി പങ്കെടുത്തു. ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിപാടിയുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.

NO COMMENTS

LEAVE A REPLY