കൊച്ചി : നിരവധി സംഗീത പരിപാടികളിലൂടെ പ്രശസ്തരായ ഗായകര്‍ വിദ്യാശങ്കറും ഗീതു ജെറോമും സാന്ത്വന സംഗീതവമായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അത് നവ്യാനുഭവമായി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിവാര പരിപാടിയായ ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്റെ 153ാമത് പതിപ്പിലാണ് ഇരുവരും സദസിനുവേണ്ടി മികച്ച പ്രകടനം കാഴ്ച്ചവച്ചത്.
ജനപ്രിയ റിയാലിറ്റി ഷോ ‘സ്റ്റാര്‍ സിംഗറി’ന്റെ നാലാം സീസണില്‍ ഫൈനലിസ്റ്റായിരുന്ന വിദ്യാശങ്കര്‍ ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി’ എന്ന നിത്യഹരിതഗാനത്തോടെയാണ് സംഗീതപരിപാടിക്ക് തുടക്കമിട്ടത്. മലയാളം, തമിഴ്, ഹിന്ദിഭാഷകളില്‍നിന്നായി 15 ഗാനങ്ങള്‍ ഗായകര്‍ ആലപിച്ചു. ‘കജ്‌രാ മൊഹബത്ത്‌വാല’, ‘ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ’ എന്നീ യുഗ്മഗാനങ്ങള്‍ ഇരുവരും ചേര്‍ന്ന് ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം ആലപിച്ചു.
കോളജ് ലക്ചററായ ഗീതുവും മുന്‍ ബാങ്ക് ജീവനക്കാരനായ വിദ്യാശങ്കറും സംഗീതത്തിന് ജീവിതത്തില്‍ ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ്. ഹൃദയത്തിന്റെയും ആത്മാവിന്റെയും ഭാഷയെന്ന നിലയില്‍ യാതനയനുഭവിക്കുന്നവരുമായി സംവദിക്കാനും അവര്‍ക്ക് സാന്ത്വനം നല്‍കാനും സംഗീതത്തിന് സാധിക്കുമെന്ന് വിദ്യാശങ്കര്‍ പറഞ്ഞു. സംഗീതത്തിന്റെ ഗുണഫലങ്ങള്‍ തിരിച്ചറിഞ്ഞ് രോഗികള്‍ക്കിടയില്‍ അതിന് നല്ല സ്ഥാനം കൊടുക്കുന്ന കെബിഎഫിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണെന്ന് ഗീതു കൂട്ടിച്ചേര്‍ത്തു.
ഗായകന്‍ ശ്രീനാഥ്, നടനും ഹാസ്യതാരവുമായ രമേഷ് പിഷാരടി എന്നിവര്‍ക്കൊപ്പം തയാറാക്കി യൂട്യൂബില്‍ റിലീസ് ചെയ്ത ‘പുച്ഛം’ എന്ന ആല്‍ബത്തിലൂടെ വിദ്യാശങ്കര്‍ നിരവധി പ്രേക്ഷകരെ നേടിയിരുന്നു. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശിയായ വിദ്യാശങ്കറിന്റെ ഭാര്യാപിതാവ് ഡോ. വിനോദ് കുമാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഓങ്കോളജി വിഭാഗം മേധാവിയായിരുന്നു. സോഷ്യോളജി അധ്യാപികയായ ഗീതു ഒഴിവുസമയം സംഗീതത്തിനുവേണ്ടിയാണ് നീക്കിവച്ചിരിക്കുന്നത്. നിരവധി സംഗീത ട്രൂപ്പുകള്‍ക്കുവേണ്ടി പാട്ടുപാടാറുള്ള ഗീതു ജനം ടിവിയിലെ ‘പിന്‍നിലാവ്’ എന്ന സംഗീതപരിപാടിയിലും പങ്കെടുക്കുന്നുണ്ട്.
കലയിലൂടെ രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എല്ലാ ബുധനാഴ്ചയും സംഘടിപ്പിക്കുന്നതാണ് ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി.