കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിപാടിയിലെ 37 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് എറണാകുളത്തിനടുത്ത് എടവനക്കാട് കുഴിപ്പള്ളി ബീച്ചില്‍ കളിസ്ഥല നിര്‍മ്മാണം ഏറ്റെടുത്തു. 1960ല്‍ യൂറോപ്പില്‍ ഉയര്‍ന്നുവന്ന, പൊതുസ്ഥലങ്ങള്‍ കലാപരമായി നവീകരിക്കുന്ന, ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പരിപാടി. പാഴ്‌വസ്തുക്കള്‍ കൊണ്ടാണ് ബീച്ചില്‍ താത്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പന്തല്‍, വല തുടങ്ങിയവകൊണ്ട് സാഹസിക വിനോദം കൂടി ലക്ഷ്യമിട്ടാണ് കളിസ്ഥലത്തിന്റെ നിര്‍മ്മാണം. ഭൂമി എഡ്യൂക്കേഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളാണ് ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു മാസം കൊണ്ട് പൂര്‍ത്തിയാകുന്ന വിധത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.
ഡിസൈന്‍ ഡേയ്‌സ് എന്നാണ് ഈ പരിശീലന കളരിക്ക് നല്‍കിയിരിക്കുന്ന പേര്, സര്‍ഗ്ഗാത്മകതയിലൂന്നിയ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ഇതിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയ്യുന്നത്. കേരളത്തിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് പരിശീലന പരിപാടി നടത്തിവരുന്നത്. ലിവര്‍പൂള്‍ ബിനാലെയിലെ വിദ്യാഭ്യാസ ക്യൂറേറ്റര്‍ പോളി ബ്രണ്ണന്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കളിയിലൂടെ പഠനമെന്നതാണ് അവര്‍ പരിപാടിയിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ അവരവരുടെ പദ്ധതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്യുവാന്‍ ശീലിച്ചു. കൂട്ടായ ചിന്തയും സംഘാടനവുമെന്തെന്ന് മനസിലാക്കാനുളള വേദി കൂടിയാണിതെന്ന് അവര്‍ പറഞ്ഞു. എന്തില്‍ നിന്നും കലയുണ്ടാകുമെന്ന തിരിച്ചറിവ് കൂടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വയം വ്യോമ ഗംഗ എന്നാണ് കുട്ടികള്‍ ഇതിന് പേരു നല്‍കിയത്. ക്ഷീപരഥവുമായി ബന്ധമുള്ളതാണ് ഈ പേര്. അതായത് ചെറിയ നക്ഷത്രങ്ങള്‍ കൂടിയാണ് ക്ഷീരപഥമുണ്ടാകുന്നതെന്ന് കുട്ടികള്‍ മനസിലാക്കി. അതു പോലെ തന്നെ കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന തിരിച്ചറിവും അവര്‍ക്കിവിടെ ലഭിച്ചുവെന്ന് പോളി ബ്രണ്ണന്‍ പറഞ്ഞു. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം കിഴക്കന്‍ യൂറോപ്പിലെ തകര്‍ന്ന തെരുവുകള്‍ വീണ്ടും നിര്‍മ്മിച്ചത് കുട്ടികളുടെ കൂട്ടായ്മയാണ്. ചെറുപ്രായക്കാരുടെ ഇത്തരം കൂട്ടായ്മകള്‍ മികച്ച ഫലം തരുമെന്നാണ് പോളിയുടെ അഭിപ്രായം.
കൊച്ചി ബിനാലെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസ് സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥി സംഘങ്ങളെ ഉള്‍പ്പെടുത്തി പോളി ചില പരിശീലനം ആവിഷ്‌കരിച്ചിരുന്നു. ഡെല്‍റ്റ സ്റ്റഡി സ്‌കൂളിലെ കുട്ടികള്‍ ബിനാലെയിലെ പത്തു പ്രദര്‍ശനം പഠന വിഷയമാക്കി. ആര്‍ക്കിടക്ചര്‍ പവലിയനെ തൂങ്ങുന്ന പൂന്തോട്ടമായാണ് അവര്‍ കണ്ടത്. ആസ്പിന്‍ വാളിനെ കാന്‍വാസിലാക്കുക എന്ന പരിശീലനമാണ് അടുത്ത ആഴ്ച സന്ദര്‍ശനത്തിനെത്തുന്ന മറ്റു സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കുന്നത്.
പ്രധാനവേദിയായ ആസ്പിന്‍വാളിലെ മാന്തോപ്പ് കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ്. അവര്‍ക്കിഷ്ടമുള്ളതെന്തും വരയ്ക്കാന്‍ സൗകര്യം ലഭിക്കുന്ന സ്ഥലം. ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിപാടിയില്‍ വരച്ച ചിത്രം നഗരത്തിലെ ഗ്ലോബല്‍ പബ്ലിക്‌സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കവി അനുരാധ നാലപ്പാട്ടിന്റെ ദി സെല്‍ ആന്‍ ഐ എന്ന ശാസ്ത്രാധിഷ്ഠിത കല പരിശീലന കളരിയും ഇതിനോടനുബന്ധിച്ച് ബിനാലെ വേദിയില്‍ നടന്നു.
കുട്ടികളിലെ സര്‍ഗാത്മകത വളര്‍ത്താന്‍ പൊതു ഇടങ്ങള്‍ കേരളത്തിലില്ലെന്ന പോരായ്മ പരിഹരിക്കാന്‍ കൂടിയാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ഇത്തരം പരിപാടിയുമായി മുന്നോട്ടു വരുന്നതെന്ന് ഈ സംരംഭത്തിന്റെ തലവന്‍ മനു ജോസ് പറഞ്ഞു. അതിനാല്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഇത്തരത്തില്‍ കുട്ടികള്‍ക്കായി വിട്ടു നല്‍കണം. സ്‌കൂളും വീടുമല്ലാതെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമായി കലയുടെ അന്തരീക്ഷത്തില്‍ ഒരിടം എന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.