ബിനാലെ ദൗത്യങ്ങള്‍ക്ക് സ്വന്തം വീക്ഷണം നല്‍കി ക്യൂറേറ്റര്‍മാര്‍

226

കൊച്ചി: രാജ്യത്തെ കല-സാംസ്‌കാരിക രംഗത്ത് കൊച്ചി ബിനാലെയുടെ സ്ഥാനമെന്തെന്ന് തിരിച്ചറിയുന്ന ചര്‍ച്ചകളുമായി ബിനാലെ വേദി. ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡില്‍ രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും വന്ന ക്യൂറേറ്റര്‍മാര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നൂതനവും സങ്കീര്‍ണവുമായ വീക്ഷണങ്ങള്‍ അവതരിപ്പിച്ചു. ക്യൂറേറ്റിംഗ് അണ്ടര്‍ പ്രഷര്‍ എന്നാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രമായ ഗെയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച സമ്മേളനത്തിന് പേരു നല്‍കിയിരുന്നത്. തുടര്‍ന്നു പോകുന്ന ഒരു പ്രതിഭാസമായി ബിനാലെ മാറുമോ അതോ ഒരു സ്ഥാപനമെന്ന രീതിയില്‍ നിലനില്‍ക്കുമോയെന്ന ചോദ്യമാണ് കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി തന്നെ സമ്മേളനത്തില്‍ ഉയര്‍ത്തിയത്. ഇവ രണ്ടും ഒന്നു തന്നെയാണോയെന്നും അദ്ദേഹം ചോദിക്കുന്നു. കലയുടെ പ്രധാന പ്രവേശനമാര്‍ഗമായി ബിനാലെ നിലനില്‍ക്കുന്നതിനോടൊപ്പം പാരമ്പര്യത്തെയും സ്ഥാപനങ്ങളെയും ഒന്നിച്ചു കൊണ്ടു പോകുന്ന കാര്യത്തിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

സുദര്‍ശനെ കൂടാതെ ബിനാലെ രണ്ടാം ലക്കത്തിന്റെ ക്യൂറേറ്റര്‍ ആയിരുന്ന ജിതേഷ് കല്ലാട്ട്, ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവരും തങ്ങളുടെ വീക്ഷണം സമ്മേളനത്തില്‍ അവതരിപ്പിച്ചു. കലാലോകത്തെ രാജ്യം മനസിലാക്കിയ രീതിയിലും കൊളോണിയല്‍ സ്ഥാപനങ്ങളുമായുള്ള മധ്യവര്‍ത്തിയെന്ന നിലയിലുമാണ് ബിനാലെ വര്‍ത്തിച്ചതെന്ന് സുദര്‍ശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവ രണ്ടും തമ്മില്‍ ഒരിക്കലും ചേര്‍ന്ന് പോകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെര്‍ലിന്‍ ബിനാലെ ഡയറക്ടര്‍ ഗബ്രിയേല്‍ ഹോ, ജിതേഷ് കല്ലാട്ട്, എന്നിവര്‍ പങ്കെടുത്ത വട്ടമേശ സമ്മേളനം ഗോയെഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യ പ്രോഗ്രാം ഡയറക്ടര്‍ ലിയോനാര്‍ഡ് എമ്മേര്‍ളിംഗ് മോഡറേറ്റ് ചെയ്തു. പാശ്ചാത്യം-പൗരസ്ത്യം എന്നീ വിഭജനങ്ങള്‍ക്കപ്പുറത്ത് വിപരീതമായ ചില കാര്യങ്ങള്‍ കാണാന്‍ സാധിക്കും. ഒരു വ്യവസ്ഥിതിയെ സമകാലീന വീക്ഷണത്തിലൂടെ പഴമയെ മനസിലാക്കാനാണ് ഉപയോഗിക്കേണ്ടത്. സ്ഥാപനത്തെയും അധികാരത്തേയും വേര്‍തിരിക്കാനാകുമോയെന്നും സുദര്‍ശന്‍ ചോദിച്ചു.

അന്യം നിന്നു പോയ ആശയത്തെ പരിപാലിക്കാന്‍ വേണ്ടിയുള്ള മനപൂര്‍വമായ ശ്രമമാണ് ബിനാലെകള്‍ എന്ന് ജിതേഷ് കല്ലാട്ട് അഭിപ്രായപ്പെട്ടു. കലയുടെ ഇടം തേടുന്നതിനുള്ള വഴിയാണ ബിനാലെകള്‍, എന്നാല്‍ ജയവും പരാജയവും വിമര്‍ശനങ്ങളും ഇവിടെ സഹിക്കേണ്ടി വന്നേക്കാം. കലാപരവും സൗകര്യങ്ങളും തമ്മിലുള്ള അസ്ഥിരതയെ സമരസപ്പെടുത്താനുള്ള ഇടമാണ് ബിനാലെയെന്നും അദ്ദേഹം പറഞ്ഞു. കല, സംസ്‌കാരം എന്നിവയെ സംരക്ഷിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച നടന്നു. സുസ്ഥിരവും ആരോഗ്യകരവുമായ സാംസ്‌കാരിക ഇടത്തിനു വേണ്ടി സാമ്പത്തിക അടിത്തറ ഉറപ്പുവരുത്തണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ബിനാലെ പ്രദര്‍ശനങ്ങള്‍ തന്നെ രാഷ്ട്രീയ പ്രതിഭാസമാണെന്നും സ്ഥാപനങ്ങളോടുള്ള പ്രതികരണമാണെന്നും എമ്മേര്‍ലിംഗ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഏവരെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള സമാന്തരമായ ഇടം കലയ്ക്ക നേടിക്കൊടുക്കുകയാണ് ബിനാലെ ചെയ്തതെന്ന് റിയാസ് കോമു ചൂണ്ടിക്കാട്ടി.

ഏകാന്തമായൊരു സ്ഥാപനമായിരുന്നില്ല ബിനാലെ. വൈവിദ്ധ്യങ്ങളായ സമാന്തര പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ഇടത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അടുത്ത തലമുറ ക്യൂറേറ്റര്‍മാരെ പ്രചോദിപ്പിക്കാനും അതു വഴി രാജ്യത്തെ കലയുടെ അടിത്തറ ഉറപ്പിക്കാനും വേണ്ടിയുള്ള ശ്രമമാണിതെന്നും റിയാസ് പറഞ്ഞു. ജനങ്ങളെ എങ്ങിനെ സമകാലീന കലാസ്വാദനത്തിലേക്ക് എത്തിക്കാമെന്ന് നോക്കിയതിന്റെ ഫലമാണ് ബിനാലെയെന്ന് പിന്നീട് ബിനാലെ ഇന്‍ കൊണ്ടക്സ്റ്റ് എന്ന വിഷയത്തില്‍ സംസാരിച്ച ബോസ് കൃഷ്ണമാചാരി പറഞ്ഞു. പ്രാദേശികമായി സ്‌കൂളുകളും മറ്റ് കേന്ദ്രീകരിച്ച് കലാ പ്രഭാഷണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയായിരുന്നു രീതി. ഇത് ഇന്നും തുടര്‍ന്നു വരുന്നു. ഇതുവഴി കൂടുതല്‍ കലാകാരന്മാരുടെ പങ്കാളിത്തം ഉറപ്പു വരുത്താനാകുന്നുണ്ടെന്നും ബോസ് പറഞ്ഞു. ഉറാല്‍ ഇന്‍ഡസ്ട്രിയല്‍ ബൈനിയല്‍ ഓഫ് കണ്ടംപററി ആര്‍ട്ട് ഇന്‍ റഷ്യ അലീസ പ്രുഡുനിക്കോവ,ബുഡാപസ്റ്റിലെ ഓഫ്-ബിനാലെ ക്യൂറേറ്റര്‍ സംഘാംഗം റോണ കോപെസ്‌കി, ബിനാലെ ഫൗണ്ടേഷന്‍ റിസോഴ്‌സ് മൊബലൈസേഷന്‍ കണ്‍സല്‍ട്ടന്റ് ശ്വേത പട്ടേല്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY