അച്ചടിക്കാനാവാത്ത വാര്‍ത്തകളാണ് കഴുകന്മാരുടെ വിരുന്ന് എന്ന പുസ്തകം; ജോസി ജോസഫ്

261

കൊച്ചി: അച്ചടിക്കാനാവാതെ പോയ വാര്‍ത്തകളാണ് കഴുകന്മാരുടെ വിരുന്ന് എന്ന പുസ്തകമെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ്. പൂര്‍ണമായും രേഖാമൂലമുള്ള വസ്തുതകളെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്. പന്ത്രണ്ടായിരത്തോളം വരുന്ന ഈ രേഖകള്‍ ഉടന്‍ തന്നെ പ്രസിദ്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ലെറ്റ്‌സ് ടോക്ക് സംഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജോസി ജോസഫ്.താഴെത്തട്ടിലും മേല്‍ത്തട്ടിലും ഒരു പോലെ അഴിമതി നിലനില്‍ക്കുന്നതായി സംഭാഷണപരിപാടിയില്‍ പങ്കെടുത്ത മുന്‍ ഡിജിപി ഹോര്‍മിസ് തരകന്‍ പറഞ്ഞു. പോലീസിന് രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തില്‍ നിന്ന് മോചനമില്ലാത്ത അവസ്ഥയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീക്കാര്‍ അഴിമതിക്കെതിരെ ശബ്ദിക്കുമെന്നു പ്രതീക്ഷിക്കേണ്ടെന്ന് ജോസി ജോസഫ് പറഞ്ഞു. രാഷ്ട്രീയം നടത്തിക്കൊണ്ടു പോകുന്നതിന് പണം ആവശ്യമാണ്. അതിനാല്‍ത്തന്നെ അഴിമതിയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭേദ്യമായ ബന്ധമാണ്. ഏതു രംഗത്തു നോക്കിയാലും കാണുന്ന അഴിമതി മാറാന്‍ വമ്പിച്ച രീതിയിലുള്ള ജനകീയ മുന്നേറ്റം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയിലെ വ്യോമയാന മേഖലയിലെ ഉദാരീകരണവും തുടര്‍ന്നുള്ള അഴിമതിയുമാണ് പുസ്തകത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. തക്കീയുദ്ദീന്‍ വാഹീദ് എന്ന മലയാളിയുടെ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിജയവും അദ്ദേഹത്തിന്റെ വധവും മറ്റൊരു വിമാനക്കമ്പനിയുടെ ഉദയവുമെല്ലാം പുസ്തകത്തില്‍ വിശദമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഇരുപത് വര്‍ഷമായി തുടരുന്ന മാധ്യമപ്രവര്‍ത്തനത്തില്‍ രാജ്യം ചര്‍ച്ച ചെയ്ത നിരവധി അഴിമതി കഥകള്‍ ജോസി ജോസഫ് പുറത്തു കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ നിരവധി വാര്‍ത്തകള്‍ പ്രസദ്ധീകരിക്കാന്‍ സാധിക്കാതെയും വന്നിട്ടുണ്ട്. അത്തരം വസ്തുതകള്‍ കൂടി പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കാനാണ് ഈ പുസ്തകം എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY