വാസ്തുവിദ്യയിലെ ദൃശ്യാവിഷ്‌കാരവുമായി വിഖ്യാത കലാകാരന്‍ മാര്‍സെല്‍ ഒഡെന്‍ബാക്ക്

213

കൊച്ചി: വാസ്തുവിദ്യയിലെ സൂക്ഷ്മതകള്‍ ദൃശ്യവല്‍കരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും കൊച്ചി-മുസിരിസ് ബിനാലെയിലെ ചലച്ചിത്ര പാക്കേജില്‍ പ്രദര്‍ശിപ്പിച്ച മാര്‍സെല്‍ ഒഡെന്‍ബെക്കിന്റെ സിനിമ അത്തരത്തിലുള്ളതായിരുന്നു. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തിലാണ് ഇത് പ്രദര്‍ശിപ്പിച്ചത്. അതിനുശേഷം ഈന്‍ ബില്‍ഡ് വോം ബില്‍ഡ് എന്ന സിനിമയെക്കുറിച്ച് സംവാദവുമുണ്ടായിരുന്നു. അടിസ്ഥാനപരമായി ആര്‍ക്കിടെക്ടായ ഒഡെന്‍ബെക്ക് ജര്‍മ്മനിയിലെ വീഡിയോ ആര്‍ട്ടിസ്റ്റുകളില്‍ അഗ്രഗണ്യനാണ്. സിനിമ സംവിധാനത്തിനുമുമ്പ് ചരിത്രം പഠിച്ച അദ്ദേഹം നാസി ജര്‍മ്മനിയില്‍ അരങ്ങേറിയ വംശഹത്യയെക്കുറിച്ചെല്ലാം സമകാലീന സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇന്‍ ബില്‍ഡ് വോം ബില്‍ഡ് എന്ന സിനിമ. രണ്ട് കെട്ടിടങ്ങള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക ഇടങ്ങളെക്കുറിച്ചുള്ള കഥ പറയുകയാണ് ഇവിടെ.

കൊളോണിലെ ലോക പ്രശസ്തമായ ലുഡ്‌വിഗ് മ്യൂസിയത്തിന്റെ ഉപജ്ഞാതാക്കളായ പീറ്റര്‍ ലുഡ്വിഗ്-ഐറീന്‍ ലുഡ്വിഗ് ദമ്പതികളുടെ വീടിന്റെ ഗാരേജും അടുക്കളയുമാണ് ഈ സിനിമയുടെ ഒരു പശ്ചാത്തലം. പോപ്പ് ആര്‍ട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാണ് ലുഡ്‌വിഗ്. ഈ മ്യൂസിയത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തിന് ഒഡെന്‍ബെക്ക് അവിടേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.ആച്ചെനിലുള്ള ഇവരുടെ സ്വകാര്യ വസതിയിലേക്കാണ് ക്ഷണം ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമ്പതുകളില്‍ പണി കഴിപ്പിച്ച ആ വീട് ഐറിന്‍ ലുഡ്‌വിഗിന്റെ മരണം വരെ നല്ലരീതിയില്‍ സംരക്ഷിച്ചു പോന്നിരുന്നു. പഴയ കാലത്തെ കാപ്പിയുണ്ടാക്കുന്ന മെഷീനുള്ള വീടിന്റെ അടുക്കള, കലാസൃഷ്ടികള്‍ സൂക്ഷിച്ചിരുന്ന ഗ്യാരേജ് എന്നിവയെല്ലാം ആകര്‍ഷണീയമായി തോന്നി. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതു കൂടാതെ ദമ്പതികളെക്കുറിച്ചും ആ വീടിനെക്കുറിച്ചു കിട്ടാവുന്ന എല്ലാ വീഡിയോ ദൃശ്യങ്ങളും ഒഡെന്‍ബെക്ക് സ്വരൂപിച്ചു. അറുപതുകളിലും എഴുപതുകളിലുമുള്ള ധനികരുടെ ജീവിതം പ്രതിഫലിപ്പിക്കാനാണ് താന്‍ ശ്രമിച്ചത്. ജനങ്ങള്‍ വളരെ ഉദാരമതികളായിരുന്നു. അതിന്റെ ഉദാഹരണമാണ് കൊളോണിലെ ലുഡ്‌വിഗ് മ്യൂസിയം.

ഘാനയിലെ ഒരൂ വീടാണ് സിനിമയൂടെ പശ്ചാത്തലമായ രണ്ടാമത്തെ കെട്ടിടം. വാസ്തുശില്‍പിയെന്ന നിലയില്‍ ഒഡെന്‍ബെക്ക് നിര്‍മ്മിച്ച ഏക വീടാണത്. ഇംഗ്ലീഷ് രീതിയിലാണ് അത് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഘാനയിലെ പശ്ചാത്തലവുമായി അത് ഇണക്കിച്ചേര്‍ത്തിരിക്കുന്നു. സ്വീകരണമുറിയില്‍ ജനലുകളോ ഭിത്തികളോ ഇല്ല. ഘാനയുടെ പടിഞ്ഞാറന്‍ തീരത്തെ ഈ വീട്ടില്‍ ഒഡെന്‍ബെക്കും ക്യാമറാമാനുമാണ് താമസിച്ചത്. മൂന്നാഴ്ച കൊണ്ട് അവര്‍ ആ വീടിന്റെ ഭാഗമായി എന്നും പറഞ്ഞു. സന്യാസ തുല്യമായ ജീവിതമായിരുന്ന അത്. 20 മണിക്കൂറോളം ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ 15 മിനിറ്റിലേക്കെത്തിക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വീടിന്റെ വിവിധ വശങ്ങളും, വീടിനടുത്തുള്ള കടല്‍, പള്ളി, വനം, ഹെലികോപ്ടര്‍ എന്നിവയുടെ ശബ്ദവും ഇതിലുള്‍പ്പെടുത്തിയെന്നദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY