ആസ്വാദകര്‍ക്ക് സുന്ദരസംഗീതം സമ്മാനിച്ച് മാളവികയും അനൂപും

243

കൊച്ചി: നല്ല സംഗീതം ആസ്വദിക്കാനായതിന്റെ സന്തോഷമായിരുന്നു ഇന്നലെ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പ്രതിവാര പരിപാടി നടന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക്. 159-ാം ലക്കത്തില്‍ അവര്‍ക്കായി പാടാനെത്തിയത് ശ്രദ്ധേയ ഗായകരായ കെ.എന്‍. മാളവികയും അനൂപ് ജി. കൃഷ്ണനും. സംഗീത ജോടികള്‍ക്കൊപ്പമെത്തിയ കൊച്ചിന്‍ ആസാദാണ് ഗോപി എന്ന ഹിന്ദി ചിത്രത്തിലെ സുഖ് കെ സബ് സാഥി.. ആലപിച്ച് പാട്ടിന്റെ ദിനത്തിനു തിരിതെളിച്ചത്. തുടര്‍ന്ന് അനൂപിന്റെ സുന്ദര ശബ്ദത്തില്‍ കേട്ടത് ജാനകീ ജാേന. മാളവികയും അനൂപും മൂന്നു യുഗ്മഗാനങ്ങള്‍ പാടി സദസ്സിനെ കയ്യിലെടുക്കുകയും ചെയ്തു. തമിഴ് ഗാനമായ തെന്‍ട്രല്‍ വന്ത്.., പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു, ഒന്നാം രാഗം പാടി.. എന്നീ മൂന്നുഗാനങ്ങളും സുന്ദരമായ കേള്‍വി സമ്മാനിച്ചു. പതിമൂന്നോളം ഹിന്ദി-മലയാളം-തമിഴ് ഗാനങ്ങളാണ് ഇരുവരും ചേര്‍ന്നു പാടിയത്. കയ്യടികളോടെ ശ്രോതാക്കള്‍ ഇരുവരെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.

ബ്രഹ്മശ്രീ ചന്ദ്രമന നാരായണന്‍ നമ്പൂതിരിയുടെ കീഴില്‍ സംഗീതമഭ്യസിക്കുന്ന മാളവിക, ഒട്ടേറെ സ്‌കൂള്‍ കോളജ് സംഗീതമല്‍സരങ്ങളില്‍ വിജയിയായിട്ടുണ്ട്. ശാസ്ത്രീയസംഗീതക്കച്ചേരികളിലും ഗാനമേളകളിലും സജീവമായ ഈ ഗായിക ഇന്ത്യ പോസ്റ്റ് ജീവനക്കാരി കൂടിയാണ്. ജനപ്രിയം, ക്ലിയോപാട്ര, ദൃശ്യം, കമ്മട്ടിപ്പാടം, കിസ്മത്ത് തുടങ്ങി പതിനാലു സിനിമകളില്‍ പിന്നണി പാടിയിട്ടുള്ള അനൂപ് ഒട്ടേറെ മ്യൂസിക് ആല്‍ബങ്ങള്‍ക്കും പരസ്യജിംഗിളുകള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. വിദേശ ആശുപത്രികളില്‍ ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നുവെന്നത് സംഗീത ചികില്‍സയുടെ മേന്മയ്ക്കു തെളിവാണെന്ന് മുന്‍പും ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ വേദിയില്‍ പാടാനെത്തിയിട്ടുള്ള അനൂപ് പറഞ്ഞു. മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക്ക് ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY