ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സാന്ത്വനത്തിനു ശക്തിപകരാന്‍ പുത്തന്‍ ശബ്ദസംവിധാനം

200

കൊച്ചി: ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പ്രതിവാര സംഗീത പരിപാടി മധുരതരമാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുതിയ സ്പീക്കറുകളുടെ ശ്രേണി. രോഗികള്‍ക്ക് സാന്ത്വനമായി ആശുപത്രി പരിസരത്ത് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ആസ്വാദ്യത മെച്ചപ്പെടുത്താന്‍ മാനസികാരോഗ്യ വിഭാഗത്തിലാണ് പുതിയ ശബ്ദസംവിധാനമൊരുക്കിയത്.
ആശുപത്രി പരിസരത്തെ പുല്‍ത്തകിടിയില്‍ എല്ലാ ബുധനാഴ്ചയും ഒരുക്കുന്ന സംഗീതപരിപാടി, നടക്കാന്‍ കഴിയാത്ത രോഗികള്‍ക്കും കൂടുതല്‍ നന്നായി ആസ്വദിക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും. കഴിഞ്ഞ വര്‍ഷം ഡയാലിസിസ് വിഭാഗത്തിലും ഇത്തരത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഉദ്ഘാടകനായ ഡോ. ശ്രീധര കുമാര്‍, ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട് എന്ന സുന്ദരഗാനവുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ നൂറ്റിയറുപതാം ലക്കത്തിനും തിരികൊളുത്തി. ഹോസ്പിറ്റലിലെ നഴ്‌സിങ് അസിസ്റ്റന്റ് കൂടിയായ ഗായിക പി.കെ.സിന്ധു ജാനകീ ജാനെ.. പാടി. വനിതാദിനത്തില്‍ സംഗീതം കൊണ്ടു കൂടി രോഗീശുശ്രൂഷ ചെയ്യാനായതിന്റെ സന്തോഷമായിരുന്നു സിന്ധുവിന്. സുദര്‍ശന്‍ കുമ്പളം, ജൂനിയര്‍ മെഹബൂബ്, യഹിയ അസീസ് എന്നിവര്‍ കൂടി ചേര്‍ന്ന് പതിമൂന്നോളം ഹിന്ദി, തമിഴ്, മലയാളം സിനിമാഗാനങ്ങളാലപിച്ചു.

പുതിയ സ്പീക്കറുകളിലൂടെ സംഗീതസാന്ത്വനത്തിന്റെ വ്യാപ്തി കൂടുമ്പോള്‍ വിഷാദത്തിലും നിരാശയിലും കഴിയുന്ന രോഗികള്‍ക്ക് വലിയ ആശ്വാസമാണെന്നും ഇത് അവരുടെ മനസ്സിന് ഉണര്‍വും ശുഭാപ്തിവിശ്വാസവും നല്‍കുമെന്നും മനഃശാസ്ത്ര വിഭാഗം മേധാവി ഡോ. ദില്‍ജിത് ഭരതന്‍ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയുമായി ചേര്‍ന്നാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY