കര്‍ഷക ആത്മഹത്യയുടെ നീറുന്ന കഥയുമായി സ്റ്റുഡന്റ്‌സ് ബിനാലെ പ്രവര്‍ത്തകരുടെ തെരുവു നാടകം.

286

കൊച്ചി: രാജ്യത്തെ കര്‍ഷക ആത്മഹത്യയുടെ നീറുന്ന കഥകള്‍ കൊച്ചി-മുസിരിസ് ബിനാലെ വേദിയില്‍ തെരുവു നാടകമായി അവതരിപ്പിച്ചപ്പോള്‍ കൂടി നിന്ന നിരവധി പേരുടെ കണ്ണുകളില്‍ കണ്ടത് ദു:ഖവും അവിശ്വസനീയതയും. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയുടെ പ്രവര്‍ത്തകരാണ് ഇരുത്തി ചിന്തിപ്പിക്കുന്ന പ്രമേയം തെരുവുനാടകത്തിന്റെ രൂപത്തില്‍ ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസ് പരിസരത്ത് അവതരിപ്പിച്ചത്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ കോളജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ഡ്രാഫ്റ്റസ്മാന്‍ഷിപ്പില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് തെരുവുനാടകം അവതരിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ചുറ്റിനും തൂക്കിയിട്ടിരുന്നു. രാജ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന കര്‍ഷകന്റെ കുടുംബം മാത്രം എന്നും പട്ടിണിയാകുന്നതെന്തെന്ന എക്കാലത്തെയും പ്രസക്തമായ ചോദ്യമാണ് ഈ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ ക്ഷാമം മുതലിങ്ങോട്ട് ഇതു തന്നെയാണ് രാജ്യത്തെ കര്‍ഷകന്റെ അവസ്ഥയെന്നും അവര്‍ സമര്‍ത്ഥിക്കുന്നു.

കേവലം കടക്കെണി മൂലം മാത്രമല്ല കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്. രാത്രി സ്വന്തം കുഞ്ഞ് വിശന്ന കിടന്നുറങ്ങുമ്പോള്‍ കര്‍ഷകന്റെയുള്ളിലെ അച്ഛന്‍ മരിക്കുന്നു. ഭാര്യയും അച്ഛനും അമ്മയും വിശന്നുറങ്ങുമ്പോള്‍ ഭര്‍ത്താവും മകനുമാണ് ഉള്ളില്‍ മരിക്കുന്നത്. അങ്ങിനെ ഉള്ളിലെ സ്വത്വം ഇഞ്ചിഞ്ചായി മരിക്കുന്നതു കാണാന്‍ വിധിക്കപ്പെട്ടവനാണ് കര്‍ഷകനെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കണ്ടു നില്‍ക്കുന്നവര്‍ക്ക് ചോറു വാരി നല്‍കിയാണ് നാടകം അവസാന ഘട്ടത്തിലേയ്ക്കു നീങ്ങുന്നത്. ആ സമയം, ആത്മഹത്യ ചെയ്ത കര്‍ഷകര്‍ എഴുതി വച്ച നിരവധി ആത്മഹത്യ കുറിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ ഉറക്കെ വായിക്കുന്നു. ഒടുവില്‍ ഓരോ കിഴി അരി വീതം കാഴ്ചക്കാര്‍ക്ക് നല്‍കി കൊണ്ടാണ് തെരുവു നാടകം അവസാനിക്കുന്നത്. കാണികള്‍ക്ക് നല്‍കിയ അരിക്കിഴിയില്‍ പാചക വിധിക്കു പകരം കര്‍ഷകരുടെ ആത്മഹത്യാക്കുറിപ്പാണ് നല്‍കിയിരിക്കുന്നതെന്ന് സ്റ്റുഡന്റ്‌സ് ബിനാലെ ക്യൂറേറ്റര്‍മാരിലൊരാളായ ശതാവിഷ മുസ്താഫി പറഞ്ഞു. റൈസ് മില്‍ എന്ന് ഈ നാടകത്തിന് പേരിട്ടിരിക്കുന്നത് ബോധപൂര്‍വമാണ്. സാമൂഹ്യ പകര്‍ച്ചവ്യാധിയെന്നാണ് കര്‍ഷക ആത്മഹത്യകളെ ഈ വിദ്യാര്‍ത്ഥികള്‍ വിശേഷിപ്പിക്കുന്നത്. ഏതു ധാന്യവും വിളവെടുത്തു കഴിഞ്ഞാല്‍ ഉത്പന്നമാക്കുന്ന കച്ചവടമനോഭാവത്തിനെതിരെയാണ് ഈ നാടകം. വിളവിനെ ഉത്പന്നമാക്കുന്നതിലൂടെ കര്‍ഷകനെ ചൂഷണം ചെയ്യാനുള്ള ഉപാധി ഇടനിലക്കാരനും കോര്‍പ്പറേറ്റുകള്‍ക്കും ലഭിക്കുകയാണ്. ഏറെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ചേര്‍ത്തു കൊണ്ട് തെരുവുനാടകമൊരുക്കിയത്. ശ്രീകാന്ത റോയി, ആര്യമ പല്‍, അഖീംബ ആര്‍ സാഗ്മ, അന്‍വീഷ മലാക്കര്‍, അന്യാഷ ദേ എന്നീ വിദ്യാര്‍ത്ഥികളായിരുന്നു നാടകത്തിലെ അഭിനേതാക്കള്‍. നോട്ടു പിന്‍വലിക്കലുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നടപടികളും കര്‍ഷക ആത്മഹത്യയ്ക്ക് ആക്കം കൂട്ടി എന്ന് അവര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY